കോലഞ്ചേരി : കലോത്സവത്തിലെ ഒന്നാം വേദിയില്‍ ഇന്നലെ ലാസ്യം നിറഞ്ഞ് തുളുമ്പുകയായിരുന്നു. സ്കൂള്‍ കലോത്സവത്തിലെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന മോഹിനിയാട്ടം യു പി വിഭാഗത്തിന്റേതാണ് ആദ്യം ആരംഭിച്ചത്. പിന്നീട് നടന്ന ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും മത്സരം ഒന്നിനോടൊന്ന് മെച്ചമാവുകയായിരുന്നു. യു പി വിഭാഗത്തിലും ഹൈസ്കൂള്‍ വിഭാഗത്തിലും പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും മോഹിനിയാട്ടം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന ആക്ഷേപവും വിധികര്ത്താക്കള്ക്കുണ്ട്.
ഭൂരിപക്ഷം കുട്ടികളും മോഹിനിയാട്ടത്തിലെ മുഖ്യമായ ലാസ്യത്തിന് പ്രാധാന്യം കുറച്ച് ചലനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയായിരുന്നു. ഇത് കൂടുതലും യു പി വിഭാഗത്തിലാണ്. അതുപോലെ തന്നെ മുദ്രകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കുന്നില്ല. പദങ്ങളെ മുറിച്ച് ഉപയോഗിക്കുന്നതുപോലെ അഭിനയവും ചില കുട്ടികള്‍ മുറിച്ച് ഉപയോഗിക്കുകയാണുണ്ടായത് എന്നാണ് വിധികര്‍ത്താവായ ജിജയുടെ അഭിപ്രായം. പല കുട്ടികളും ംതസരത്തിന് വേണ്ടി മാത്രം പഠിക്കുകയാണെന്നും ഓരോ വര്‍ഷം പിന്നിടുമ്പോഴും നിലവാരം കുറഞ്ഞ് വരുന്നതായും വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. അശ്വനി, രേഷ്മ എന്നിവരും വിധികര്‍ത്താക്കളായിരുന്നു.
മോഹിനിയാട്ടം യു പി വിഭാഗത്തില്‍ ഫോര്‍ട്ട്കൊച്ചി സെന്റ് മേരീസ് എ ഐജിഎച്ച് എസ് എസിലെ സഞ്ജന റോസാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ആലുവ ഇസ്ലാമിക് എച്ച് എസ് എസിലെ ജംഷീന ജമാല്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. മാറമ്പിള്ളി സ്വദേശി ടി. എ. ജമാലിന്റെയും ഷീബയുടെയും മകളായ ജംഷീന കഴിഞ്ഞ ജില്ലാ കലോത്സവത്തില്‍ കേരള നടനത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാന കലോത്സവത്തില്‍ കേരള നടനത്തില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. ആര് എല്‍ വി ശക്തികുമാറിന്റെ ശിഷ്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: