കൊച്ചി: എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കളിയുന്നത്ര സൗരവൈദ്യുതി ഉല്പാദിപ്പിച്ച് വൈദ്യുത ബോര്‍ഡിന് നല്‍കാനും അതുവഴി വരുമാനം നേടാനുള്ള സൗകര്യം ഉറപ്പാക്കുന്നതിലൂടെ കേരളത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്ന് പ്രസിദ്ധസൗരോര്ജ്ജ വിദഗ്ധനും, അയര്‍ലണ്ട് ഡബ്ലിന്‍ യൂണിവേഴ്സ്റ്റി കോളേജിലെ സോളാര്‍ എനര്‍ജി പ്രൊഫസറുമായ കെ.രവീന്ദ്രന് തമ്പി പറഞ്ഞു. ചെറുകിട അടിസ്ഥാനത്തില്‍ സാര്‍വ്വത്രികമായി സൗരവൈദ്യുതി ഉണ്ടാക്കുന്നതിന് വന്‍ നിക്ഷേപവും, വിദേശ നിക്ഷേപകരും ആവശ്യമില്ല. പണം മുടക്കാന്‍ താത്പര്യമുള്ള ആര്‍ക്കും സാധിക്കാവുന്നതേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് അടിയന്തിര നിയമനിര്‍മ്മാണമാണ് വേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ആര്‍ക്കും താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ഫിസിക്സ് വകുപ്പ് സംഘടിപ്പിച്ച ഒപ്ട്രോ ഇലക്ട്രോണിക് പദാര്‍ത്ഥങ്ങളെയും തീന് ഫിലിമുകളെയും കുറിച്ചുള്ള അന്തര്‍ദ്ദേശിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാര്‍വ്വത്രികമായി വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംവിധാനം നിലവില്‍ വന്നാല്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കപ്പെടും. ചെറുകിട സൗരവൈദ്യുതി ഉല്പാദകര്ക്ക് മുടക്കിയ പണം നാല് വര്‍ഷം കൊണ്ട് മടക്കി കിട്ടുകയും ചെയ്യും. ജര്‍മ്മനി മുതലായ രാജ്യങ്ങളില്‍ ഈ സംവിധാനം വളരെ വിജയകരമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗരവൈദ്യുതി വ്യാപകമാകുന്നതിന് തടസ്സം സാങ്കേതിക പ്രശ്നങ്ങളെല്ലെന്നും മറിച്ച് മനസ്ഥിതിയുടെ കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്തര്‍ദ്ദേശീയ സമ്മേളനത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ,രാമചന്ദ്രന് തെക്കേടത്ത് അധ്യക്ഷത വഹിച്ചു.പ്രൊഫ ഗോഡ്ഫ്രേ ലൂയിസ് പ്രോസെഡിംഗ്സ് പ്രകാശനം ചെയ്തു. കൊച്ചി സര്‍വ്വകലാശാല ഡീനും ഫാക്കല്‍റ്റി ഓഫ് സയന്സുമായ പ്രൊഫ.ആര് മുരളിധരന് നായര്‍ ആശംസകളാര്പ്പിച്ചു. കുസാറ്റ് ഫിസിക്സ് വകുപ്പ് മേധാവി പ്രൊഫ.വി പ്രദീപ് സ്വാഗതവും,പ്രോഗ്രാം കണ്‍വീനര്‍ പ്രൊഫ എം കെ ജയരാജ് നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: