ഈ നാട്ടില്‍ ഇന്നും മതവും ആദ്ധ്യാത്മികതയും നിലനില്ക്കുന്നു. ഈ ഉത്സവങ്ങള്‍ കവിഞ്ഞൊഴുകി ലോകത്തെ ആപ്ലാവനം ചെയ്യണം. അങ്ങനെ വേണം പാശ്ചാത്യവും അല്ലാതെയുമുള്ള ജനതകള്‍ക്ക് പുതുതായ ജീവിതവും ഓജസുമുണ്ടാകാന്. ഇപ്പോഴവര്‍ മിക്കവാറും നിലംപറ്റി, പകുതി മരിച്ച്, രാഷ്ട്രീയലോഭങ്ങള്കൊണ്ടും സാമൂഹ്യോപജാപങ്ങള്കൊണ്ടും നികൃഷ്ടരായിക്കിടക്കയാണ്. ഭാരതത്തിന്റെ അന്തരീക്ഷത്തില്‍ ഇണങ്ങുന്നതും പിണങ്ങുന്നവയുമായ പല ശബ്ദങ്ങളും കുഴഞ്ഞുമറിയുന്ന പല ഒച്ചപ്പാടുകളും മാറ്റൊലിക്കൊള്ളുന്നുണ്ട്. അവയുടെയെല്ലാം ഇടയില്നിന്നുയരുന്ന പരമവും ഹൃദയംഗമവും പരിപൂര്‍ണവുമായ ഒരു നാദമത്രേ ത്യാഗം. ത്യജിക്കുക അതാണ് ഭാരതീയമതങ്ങളുടെയെല്ലാം മുദ്രാവാക്യം. രണ്ടു നാളത്തേക്കുള്ള ഒരു വിഭ്രമമത്രേ ഈ ലോകം. നിലവിലുള്ള ജീവിതം അഞ്ചു മിനിട്ട് നേരത്തേക്ക് അപ്പുറത്താണ് അപരിമിതത്വം, വിഭ്രമമയമായ ഈ ലോകത്തിന്നപ്പുറത്ത്, അത് നമുക്കന്വേഷിക്കാം. അപരിമിതമെന്നു തോന്നുന്ന ഈ പ്രപഞ്ചത്തെ വെറും ചെളിക്കുണ്ടായി കരുതുന്ന ധീരചിത്തരും ധിഷണാശാലികളുമാണ് ഈ ഭൂഖണ്ഡത്തെ സമുജ്ജ്വലമാക്കിയിട്ടുള്ളത്; അപ്പുറത്തേക്ക്, അതിനുമപ്പുറത്തേക്ക് അവര്‍ പോകുന്നു, കാലം അപരിമിതമായ കാലംപോലും, ഇല്ലാത്ത ഒന്നത്രേ അവര്‍ക്ക് അപ്പുറത്തേക്ക്, കാലത്തിനുമപ്പുറത്തേക്ക് അവര്‍ പോകുന്നു. ദേശം അവര്‍ക്ക് ഗണ്യമല്ല. അതിനുമപ്പുറത്തേക്കു പോകാന്‍ അവര്‍ വെമ്പുന്നു. പ്രാതിഭാസികത്തിന്നപ്പുറത്ത് പോകുന്നതാണ് മതത്തിന്റെ ഉയിര്.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: