കൊച്ചി: ജീവിതശൈലി രോഗങ്ങളുടെ ചികിത്സയില്‍ ഫലപ്രദമെന്ന് കണ്ടെത്തിയ മത്സ്യഫെഡിന്റെ കൈറ്റോണ്‍ ടാബ്ലറ്റുകള്‍ക്ക് പ്രിയമേറുന്നു. എറണാകുളത്തപ്പന് ഗ്രൗണ്ടിലെ മത്സ്യഫെഡ് സ്റ്റാളില്‍ കൈറ്റോണ്‍ ടാബ്ലറ്റുകള് തേടിയെത്തുന്നവരുടെ എണ്ണം ദിനം തോറും വര്‍ധിക്കുകയാണ്. ചെമ്മീന്‍, ഞണ്ട് തുടങ്ങിയ ജലജീവികളുടെ പുറന്തോടിലുള്ള കൈറ്റോസന്‍ നാരുകളെ അടിസ്ഥാനമാക്കി ഉല്പാദിപ്പിക്കുന്ന ടാബ്ലറ്റുകള്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ നേരിടുന്നതിനുള്ള ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കൈറ്റോസന്‍ നാരുകള്ക്കുള്ള പ്രകൃതിദത്തമായ കഴിവാണ് കൈറ്റോണ്‍ ടാബ്ലറ്റുകളുടെ ഉല്പാദനത്തിലേക്ക് മത്സ്യഫെഡിന്റെ ഗവേഷണവിഭാഗത്തെ നയിച്ചത്. അമിതവണ്ണം, കൊളസ്ട്രോള്‍, അസിഡിറ്റി, സന്ധിവാതം തുടങ്ങിയ രോഗങ്ങള്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ കൈറ്റോണ്‍ നിര്‍ദേശിക്കാറുണ്ട്. ശസ്ത്രക്രിയകള്‍ക്ക് ശേഷം രക്തം വേഗത്തില്‍ കട്ടി പിടിക്കുന്നതിനും കൈറ്റോസന്‍ അധിഷ്ഠിത മരുന്നുകള്‍ സഹായകമാണ്. ശസ്ത്രക്രിയാ നൂലുകളിലും സുപ്രധാന ഘടകമാണ് കൈറ്റോസന്‍.
മത്സ്യഫെഡിന്റെ കൊല്ലത്തെ പ്ലാന്റിലാണ് കൈറ്റോണ്‍ ടാബ്ലറ്റുകളുടെ ഉല്പാദനം. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞന്മാരായ ഡോ. സി.ടി. മാത്യു, ഡോ. ആര്. രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണമാണ് ജലജീവികളുടെ പുറന്തോടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന കൈറ്റോസനെ അധിഷ്ഠിതമാക്കിയുള്ള ടാബ്ലറ്റുകള്‍ക്ക് വഴി തെളിച്ചത്. വിദേശത്ത് കൈറ്റോസന്‍ ഉപയോഗം വ്യാപകമാണെങ്കിലും ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്പാദനത്തിന് ഇന്ത്യയില്‍ ആദ്യമായി തുടക്കമിട്ടത് മത്സ്യഫെഡാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: