ഓരോ ജനതയുടേയും നില, സംഗീതത്തില്‍ ഓരോ രാഗവിശേഷത്തിനുമുള്ളതാണെന്ന് വേണമെങ്കില്‍ പറയാം. ഈ രാഗവിശേഷമാണ് അതിന്റെ ജീവിതവും ഓജസും ജനതാ ജീവിതത്തിന്റെ നട്ടെല്ല്, അടിത്തറ, താങ്ങായപാറക്കെട്ട്, ഈ രാഗവിശേഷത്തിലത്രേ സ്ഥിതിചെയ്യുന്നത്. നമ്മുടെ അനുഗൃഹീതമായ ഈ ഭൂമിയില്‍, അടിത്തറയും നട്ടെല്ലാം ജീവിതകേന്ദ്രവും മതമാണ്, മതംമാത്രമാണ്. രാഷ്ട്രതന്ത്രത്തെയും, വാണിജ്യജന്യമായ വിത്തവൈപുല്യം കൈവരുത്തുന്ന ശ്ലാഘ്യതയെയും, കച്ചവടമനഃസ്ഥിതിയുടെ പ്രഭാവത്തെയും വ്യാപകതയെയും, കായികസ്വാതന്ത്ര്യത്തിന്റെ ഉറവിടത്തെയും കുറിച്ച് മറ്റുള്ളവര്‍ പ്രസംഗിക്കട്ടെ. ഇതൊന്നും ഹിന്ദുവിന് മനസിലാകുകയില്ല, മനസിലാക്കാന്‍ ആഗ്രഹവുമില്ല. ആദ്ധ്യാത്മികത, മതം, ഈശ്വരന്, ആത്മാവ്, അപരിമിതത്വം, ആത്മാവിന്റെ സ്വാതന്ത്ര്യം ഇവയെപ്പറ്റി ഹിന്ദുവിനെ പരീക്ഷിക്കുക; ഞാന്‍ ഉറപ്പുതരുന്നു. ഭാരതത്തില്‍ ഇങ്ങേയറ്റത്തെ കൃഷിക്കാരന്നുപോലും മറുനാടുകളിലെ ദാര്‍ശനിക മന്യരേക്കാള് ഈ വിഷയത്തെപ്പറ്റി കൂടുതല്‍ ആശ്വാസ്യമായ അറിവുണ്ടെന്ന്. മാന്യരേ ലോകത്തെ പഠിപ്പിക്കേണ്ടതായി ഇന്നും ചില സംഗതികള്‍ നമുക്കുണ്ടെന്ന് ഞാന്‍ പറഞ്ഞുവല്ലോ.
അതുകൊണ്ടാണ്, അതിനുവേണ്ടിയാണ്, ശതകങ്ങളായി നീണ്ടുനിന്ന വൈദേശികഭരണവും വൈദേശികമര്ദ്ദനവുമുണ്ടായിട്ടും ഭാരതീയജനത ഇന്നും സജീവമായി നിലകൊള്ളുന്നത്. ഈ ജനത ഇന്നും ജീവിച്ചിരിക്കുന്നു. ഈ നിലനില്‍പ്പിന് കാരണം ഈശ്വരനെ, മതത്തിന്റെയും ആദ്ധ്യാത്മികതയുടെയും ഭണ്ഡാഗാരത്തെ ഭാരതീയജനത മുറുകെ പിടിക്കുന്നു എന്നതത്രേ.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: