മൂവാറ്റുപുഴ: ഇരുപത്തിയഞ്ചാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവമേളക്ക് ഇന്ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വൈകിട്ട് നാലിന് കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും.
പാലുകാച്ചലും, ഗണപതിപൂജയും കഴിഞ്ഞ് ഇരുപത്തി അഞ്ചാമത് റവന്യു ജില്ലാ കലോത്സവത്തിനായുള്ള ഊട്ടുപുര ഒരുങ്ങി. പതിനാലായിരത്തോളം അതിഥികള്‍ക്ക് സ്വാദിഷ്ട ഭക്ഷണം വിളമ്പുവാന്‍ തയ്യാറായി പ്രശസ്ത പാചകവിദ്വാന് മലപ്പുറം ചെമ്പ്രശേരി ഹരിനാരായണന്റെ നേതൃത്വത്തിലൂള്ള മുപ്പത്തഞ്ചംഗ സംഘമാണ് ഇന്നലെ ഊട്ടുപുരയുടെ ചാര്‍ജ്ജ് ഏറ്റെടുത്തത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുള്ള ഊട്ടുപുരയുടെ പാലുകാച്ചല്‍ ചടങ്ങ് വി പി സജീന്ദ്രന് എം എല്‍ എ നിര്‍വ്വഹിച്ചു.
മൂന്ന് ദിവസത്തേക്ക് വിഭവസമൃദ്ധമായ ഭക്ഷണമാണ് കലോത്സവത്തിനായി ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും, ആറ് കൂട്ടം കറികളും പ്രഥമനും കൂട്ടിയുള്ള സദ്യയ്ക്ക് പുറമെ ഉപ്പ്മാവും പഴവും, ഇഡ്ഡലിയും സാമ്പാറും, വെജിറ്റബിള്‍ ഉപ്പുമാവും അടങ്ങുന്ന പ്രാതലും, വൈകുന്നേരങ്ങളില്‍ ചായക്ക് പുറമെ ബോളി, കൊഴുക്കട്ട, വട്ടയപ്പം എന്നീ ഇനങ്ങളും വിളമ്പുവാനാണ് തീരുമാനം. ആദ്യ ദിവസമായ ജനുവരി 1ന് ബുഫെ മോഡല്‍ ഉച്ചഭക്ഷണം ആയിരിക്കും. മൂന്നാം തീയതി നെയ്പായസവും, നാലിന് ഗോതമ്പ് പായസം, അഞ്ചിന് അരിപായസം എന്നിങ്ങനെയാണ് പ്രഥമന്‍ ഒരുക്കിയിട്ടുള്ളത്. ആദ്യ് ദിനവും അവസാന ദിനവും ഒഴികെ രാത്രി ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
കലോത്സവ നഗരിയില്‍ ഭക്ഷണം നല്കുന്നതിലേക്ക് മാത്രമായി ഏകദേശം ആറ് ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ള ഭക്ഷണ ഫണ്ടിലേക്ക് നാല് ലക്ഷത്തി എഴുപതിനായിരം രൂപ മാത്രമാണ് ഡി ഡി ഇ അനുവദിച്ചത്. വിലകയറ്റം രൂക്ഷമായ ഈ സാഹചര്യത്തില്‍ കുറഞ്ഞ തുക ലഭ്യമായത് സംഘാടക സമിതിയെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ബാക്കി ആവശ്യമായിട്ടുള്ള തുകയ്ക്ക് വേണ്ടി സംഘാടക സമിതിയെ സമീപിച്ചിട്ടുള്ളതായി ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ധനുജദേവരാജന്‍ ചെയര്‍പേഴ്സണായ ഭക്ഷണകമ്മിറ്റിയില്‍ ജി എസ് ടി യുവിന്റെ പി വൈ ബേബി കണ്‍വീനറായും ബേബി അറയ്ക്കല്‍, രാജന് വയല്‍വീട്ടില്‍ എന്നിവരുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കോലഞ്ചേരി റ്റി.റ്റി.ഐ, രാജര്‍ഷി മെമ്മോറിയല്‍ റ്റി റ്റി ഐ എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷണം വിളമ്പുന്നതിന്റെ ചുമതല.
വിലകയറ്റം രൂക്ഷമായിട്ടും റവന്യു ജില്ലാ കലോത്സവത്തില്‍ പൂര്‍ണ്ണ സദ്യ എല്ലാ ദിവസവും വിളമ്പുന്നതിനാവശ്യമായ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനു പുറമെ, ഇത്രയും പേര്‍ക്ക് വേണ്ട ഭക്ഷണം ഒരുക്കാന്‍ ഏകദേശം 60 ഗ്യാസ് സിലണ്ടര്‍ എങ്കിലും വേണ്ടിവരുമെന്നതിനാല്‍ സബ്സിഡി നിരക്കില്‍ അത് ലഭ്യമാകാത്ത സാഹചര്യത്തില്‍ വിറക് അടുപ്പാണ് ഭക്ഷണം തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്നതെന്നും ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ പി വൈ ബേബി പറഞ്ഞു.
ഇന്ന് വൈകിട്ട് 4ന് കേന്ദ്ര ഭക്ഷ്യ സഹ മന്ത്രി കെ വി തോമസ് കലാമേള ഉദ്ഘാടനം ചെയ്യും. സിനിമാ താരം ഭാമ കലാദീപം തെളിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: