വി.എസ്. അച്യുതാനന്ദന്റെ ഏറ്റവും വിശ്വസ്തരായ മൂന്നുപേരെ പുറത്താക്കുമെന്ന ഭീഷണി സിപിഎം സംസ്ഥാന സമിതി ഉയര്‍ത്തിയപ്പോള്‍ വിഎസിന്റെ പ്രഖ്യാപനം തന്റെ വിശ്വസ്തരെ പുറത്താക്കിയാല്‍ താന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്നായിരുന്നു. ഇപ്പോള്‍ വിഎസിനെ വെട്ടിനിരത്താനുള്ള നീക്കത്തിന്റെ ഭാഗമായ ഈ നടപടിയെ പാര്‍ട്ടി നേതൃത്വമോ കേന്ദ്രനേതൃത്വമോ യാതൊരു പരിഗണനയും നല്‍കാതെ പുഛിച്ചുതള്ളി പൂര്‍ത്തിയാക്കിയിരിക്കുന്നു.
പക്ഷെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുകയോ, നടപടിക്കെതിരെ ഏതെങ്കിലും തരം പ്രതിഷേധം രേഖപ്പെടുത്താനോ തയ്യാറാകാത്ത വിഎസ് തന്റെ പദവി വെച്ച് കളിക്കില്ലെന്ന് തെളിയിക്കുകയാണ് ചെയ്തത്. വിഎസിന്റെ പ്രസ് സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും അടക്കം മൂന്നുപേരെ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയതിനാണ് പുറത്താക്കിയത്. വി.എസ്. അച്യുതാനന്ദനെ വെട്ടിനിരത്താനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ അചഞ്ചലമായ തീരുമാനത്തിന്റെ പ്രതിഫലനമാണ് ഈ നടപടി. ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്രകമ്മറ്റിയുടെ അനുവാദം ആവശ്യമില്ലാത്തതിനാല്‍ വിഎസിന്റെ പ്രതിപക്ഷ നേതൃസ്ഥാന രാജിഭീഷണി അവരും അവഗണിച്ചു. വിഎസ് മുഖ്യമന്ത്രിയായിരിക്കെ 2007 ല്‍ മൂന്നാര്‍ നടപടി സംബന്ധിച്ച് പാര്‍ട്ടിയും സര്‍ക്കാരും രണ്ട് തട്ടിലെന്ന വിധം സംഭവങ്ങളുണ്ടായതാണ് വിഷയം. ഈ വാര്‍ത്ത ചോര്‍ത്തിക്കൊടുത്തത് ഇവരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ഇത് ആദ്യത്തെ സംഭവമല്ല. മലപ്പുറം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയതിന്റെ പേരിലായിരുന്നല്ലോ, അന്നത്തെ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാനെയും മറ്റും പാര്‍ട്ടി പുറത്താക്കിയത്. അന്ന് പാര്‍ട്ടി അംഗമായിരുന്നിട്ടു പോലും അവരെ രക്ഷിക്കണമെന്ന വിഎസിന്റെ അപേക്ഷ പാര്‍ട്ടി നേതൃത്വം അംഗീകരിച്ചില്ല. പിന്നീടാണ് വിഎസ് പൊളിറ്റ്ബ്യൂറോയില്‍നിന്നും കേന്ദ്രകമ്മറ്റിയിലേക്ക് തരംതാഴ്ത്തപ്പെടുകയും സമീപകാലത്ത് വിഎസിനെ കേന്ദ്രനേതൃത്വം ശാസിക്കുകയും ചെയ്തത്.
വിഎസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടാല്‍ അദ്ദേഹം ഒറ്റപ്പെട്ടേക്കാം. പക്ഷെ വിഎസിന്റെ പ്രതിപക്ഷ നേതൃസ്ഥാനം തെറിപ്പിക്കാന്‍ തന്നെയാണ് കേന്ദ്രനേതൃത്വത്തിന്റെ അടുത്ത നീക്കമെന്നാണ് കരുതപ്പെടുന്നത്. മൂന്നാര്‍ സംഭവം നടക്കുമ്പോഴും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും പരസ്യമായി ഇടഞ്ഞപ്പോള്‍ രണ്ടുപേരെയും പിബിയില്‍നിന്ന് പുറത്താക്കിയിരുന്നു. പിണറായി വിജയന് പിബിയില്‍ തിരിച്ചെത്തിയെങ്കിലും വിഎസ് പുറത്തുതന്നെയാണെന്ന് മാത്രമല്ല, അദ്ദേഹത്തെ കേന്ദ്രകമ്മറ്റിയില്നിന്നുപോലും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായാണ് വാര്‍ത്ത. പാര്‍ട്ടി ഔദ്യോഗിക നേതൃത്വം നിര്‍ദ്ദേശിക്കുന്നവരെ മാത്രം പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി പ്രതിപക്ഷസ്ഥാനത്തിരിക്കാന്‍ അച്യുതാനന്ദന് തയ്യാറായാല്‍ അത് ഔദ്യോഗികപക്ഷത്തിന്റെ റബ്ബര്സ്റ്റാമ്പാകും എന്ന ബോധ്യത്തിലാണ് ഈ നടപടി.
സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നതും ഇതുതന്നെ ആയതിനാല്‍ പ്രകാശ് കാരാട്ട് നിസ്സംഗത പാലിക്കാനാണ് സാധ്യത. വിഎസിന്റെ മൂന്ന് പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും എതിരെ വന്ന ആരോപണം പരിശോധിക്കാന്‍ നിയോഗിച്ച കമ്മീഷന് മുമ്പില്‍ ഇവര്‍ ആരോപണം നിഷേധിച്ചെങ്കിലും വിഎസിനെയും സെക്രട്ടറിമാരെയും പ്രതിക്കൂട്ടിലാക്കിയത് ഗണ്മാന് നല്കിയ മൊഴിയാണ്. വിഎസിന്റെ പ്രതിപക്ഷസ്ഥാനം തെറിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ സംഘടിത ശ്രമം മൂലമാണ് ഈ നടപടി പ്രയോഗത്തില്‍ വന്നതും വിഎസ് ഭീഷണി ഉയര്‍ത്തിയതും. പക്ഷെ മേഴ്സിക്കുട്ടിയമ്മയും എസ്. ശര്‍മ്മയും ഒഴികെ ആരും വിഎസിന് പിന്തുണയുമായി വന്നില്ല. പാര്‍ട്ടി ഘടകങ്ങള്‍ ഔദ്യോഗികപക്ഷത്തിനൊപ്പമാണെങ്കിലും സാധാരണപോലെ അണികള്‍ തനിക്കുവേണ്ടി ശബ്ദമുയര്‍ത്തും എന്ന പ്രതീക്ഷയിലാണ് വിഎസ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും അണികളുടെ ശക്തമായ സമ്മര്ദ്ദമാണല്ലോ വിഎസിന് സീറ്റ് ലഭിക്കാന്‍ പോലും കാരണം. പക്ഷെ ഈ പിന്‍ബലം ലഭിക്കേണ്ട പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ഫോറങ്ങളില്‍ വിഎസിന്റെ പിന്തുണ ദുര്‍ബലമാണ്. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടാല്‍ അത് വിഎസിന്റെ രാഷ്ട്രീയ പ്രതിഛായയെത്തന്നെ ബാധിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: