‘ഇഷ്ടമില്ലാത്ത അച്ചി എന്തുചെയ്താലും കുറ്റം’ നല്ലതുചെയ്താല്‍ പോലും അവസ്ഥ അതാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ചിലര്‍ക്ക് ഇഷ്ടമില്ലാത്ത അച്ചിയാണ്. മോദി നിന്നാലും നടന്നാലും തിന്നാലും തിന്നാതിരുന്നാലും കുറ്റംമാത്രം കാണുന്നവരുണ്ട്. അവരുടെ കണ്ണില്‍ ഏറ്റവും ഒടുവില്പെട്ടത് 150 കോടിയുടെ ഓഫീസ്. ‘നാലാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് 150 കോടിരൂപ ചെലവാക്കി ഒരുക്കിയ ഓഫീസ്’ എന്നാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. കേരളത്തിലെ മോദിവിരുദ്ധ മാധ്യമങ്ങള്‍ പത്രത്തില്‍ മാത്രമല്ല അവരുടെ ഇന്റര്‍നെറ്റ് പതിപ്പിലും ഇത് വച്ച് ആഘോഷിച്ചു. വായനക്കാരുടെ പ്രതികരണങ്ങളും ചോദിച്ചുവാങ്ങി. ചിലര്‍ അത്ഭുതം പ്രകടിപ്പിച്ചു. ഒരു മുഖ്യമന്ത്രിക്ക് 150 കോടി രൂപ ചെലവാക്കി ഓഫീസ് നിര്‍മ്മിക്കുക എന്നുവച്ചാല്‍ എന്തൊരു ധൂര്‍ത്താണിത്. എങ്ങിനെ പൊറുക്കും? എങ്ങിനെ സഹിക്കും? സംശയം സ്വാഭാവികം. എന്താണ് സത്യമെന്ന് വിശദീകരിക്കാനൊന്നും തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്ക് ബാധ്യതയില്ലല്ലൊ.
ശരിയാണ്. 150 കോടി രൂപമുടക്കി ഗുജറാത്തില്‍ അഹമ്മദാബാദിലെ ഗാന്ധിനഗറില്‍ മുഖ്യമന്ത്രിക്ക് ഓഫീസ് ഒരുക്കിയിട്ടുണ്ട്. പക്ഷേ ആ കെട്ടിടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല ഉള്ളത്. മുഴുവന്‍ മന്ത്രിമാരുടെയും ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത് ഈ കെട്ടിടത്തിലാണ്. അഞ്ചുനിലകളുള്ള കെട്ടിടത്തില്‍ മന്ത്രിസഭായോഗം ചേരാന്‍ പ്രത്യേക മുറി സജ്ജീകരിച്ചതും ആക്ഷേപരൂപേണ അവതരിപ്പിച്ചിരിക്കുന്നു. നിയമസഭാ സമ്മേളന ഹാളും ഇതേ കെട്ടിടത്തിലാണ്. ന്യൂദല്‍ഹി സെക്രട്ടേറിയറ്റിന്റെ മാതൃകയില്‍ രൂപകല്പന ചെയ്ത കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും വെടികൊണ്ടാല്‍ തകരാത്തതാക്കിയതാണ് വലിയ അപരാധം. വാര്‍ത്ത വായിച്ചാല്‍ തോന്നും മോദിയെ വെടിവച്ചുകൊല്ലാന്‍ ഒരുങ്ങിപ്പുറപ്പെട്ടവരെ നിരാശപ്പെടുത്തിയതിലുള്ള അരിശമാണെന്ന്.
ഗുജറാത്ത് ഹൈക്കോടതി, അമുല്ഡയറി തുടങ്ങിയവയ്ക്കുള്ള കെട്ടിടങ്ങള്‍ക്ക് രൂപകല്പന നടത്തിയവര്‍ തന്നെയാണ് ഇതിനും രൂപം നല്‍കിയത്. ജനുവരി മധ്യത്തോടെ കെട്ടിടം പ്രവര്‍ത്തനക്ഷമമാകും. ഒരു വര്‍ഷത്തിനകമാണ് പണി പൂര്‍ത്തിയാകുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ ബ്രിഡ്ജ് ആന്റ് ബില്‍ഡിംഗ്സ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍മ്മാണം നടത്തുമ്പോള്‍ മുഖ്യമന്ത്രി നേരിട്ട് നിരീക്ഷിച്ച് പ്രവര്‍ത്തനത്തിന് ആക്കം കൂട്ടി. 35000 ചതുരശ്ര അടിയാണ് വലുപ്പം. മുഴുവന്‍ ശീതീകരിച്ചിട്ടുണ്ട്. സിസിടിവി സംവിധാനം ഉള്‍പ്പെടെ എല്ലാം സജ്ജീകരിച്ച മന്ദിരത്തിന് ‘പഞ്ചാമൃത്’ എന്നാണ് പേരിട്ടിരിക്കുന്നത്. ആറുകോടി ഗുജറാത്തികള്‍ക്കും ഇവിടെ നിന്നും ‘മൃതസഞ്ജീവനി’ ഒഴുകിയെത്തുമെന്ന സങ്കല്പത്തോടെ തന്നെയാണ് പഞ്ചാമൃത് എന്ന പേര് നല്‍കിയിട്ടുള്ളത്. ‘സൗത്ത് ബ്ലോക്കില്‍’ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരുക്കിയത് അപാകതയായി ചൂണ്ടിക്കാണിക്കാന്‍ കാരണം ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ്. എന്താണ് ഇതിന്റെ അപകടവും അപാകതയും എന്ന് മനസ്സിലാകുന്നില്ല.
പുതിയ ഭരണസിരാകേന്ദ്രങ്ങളും നിയമസഭാമന്ദിരങ്ങളും പണിയുന്നത് സര്‍വസാധാരണമാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പല ഭരണകേന്ദ്രങ്ങളും കാലഹരണപ്പെട്ടതാണ്. അത്യന്താധുനിക സൗകര്യങ്ങളോടെ അവയൊക്കെ മാറ്റി പുതിയവ നിര്‍മ്മിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ കരുണാനിധി ഇതിലും കൂടുതല്‍ കോടി ചെലവാക്കി പുതിയ കെട്ടിടമുണ്ടാക്കി. സര്‍ക്കാര്‍ മാറി ജയലളിത വന്നപ്പോള്‍ കരുണാനിധി നിര്‍മ്മിച്ച് പ്രവര്‍ത്തനം തുടങ്ങിയ ലെജിസ്ലേറ്റീവ് കോംപ്ലക്സ് ഉപേക്ഷിച്ച് പഴയസ്ഥാനത്തേക്ക് തിരിച്ചുപോയി. പുതിയമന്ദിരം മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലാക്കി. അതിലെ ബി-ബ്ലോക്ക് ഒരു മെഡിക്കല്‍കോളേജാക്കി.
എം.ജി.രാമചന്ദ്രന് മുഖ്യമന്ത്രിയായ 1983ല്‍ തുടങ്ങിയതായിരുന്നു പുതിയ മന്ദിരം വേണമെന്ന ചിന്ത. മറീനാബീച്ചില്‍ വേണോ തിരുച്ചിറപ്പള്ളിയില്‍ നിര്‍മ്മിക്കണോ എന്ന ചര്‍ച്ച അന്നുണ്ടായിരുന്നു. ചെന്നൈയിലെ ജലദൗര്‍ലഭ്യമായിരുന്നു പ്രശ്നം. ജയലളിത മുഖ്യമന്ത്രിയായപ്പോള്‍ 2002 ല്‍ പുതിയ ആശയം ഉദിച്ചു. 2000 കോടി മുടക്കി മാമല്ലപുരത്ത് അഡ്മിനിസ്ട്രേറ്റീവ് സിറ്റി നിര്‍മ്മിക്കാന്‍ ആലോചിച്ചു. അതുപേക്ഷിച്ച് ചെന്നൈയില്‍നിന്ന് 40 കിലോമീറ്റര്‍ മാറി തിരുവിടന്തായി തായൂര്‍ ഗ്രാമത്തില്‍ പണിയാന്‍ നിശ്ചയിച്ചു. തീരുമാനങ്ങള്‍ മാറിമറിഞ്ഞു. മന്ത്രിസഭകളും കറങ്ങിതിരിഞ്ഞു. കരുണാനിധിസര്‍ക്കാര്‍ പതിനായിരക്കണക്കിന് കോടി മുടക്കി കെട്ടിപ്പൊക്കിയതാണിപ്പോള് ആശുപത്രിയാക്കി ജയലളിത പണികൊടുത്തത്. 2010 മാര്‍ച്ച് 13ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മന്ദിരമാണിത്.
കേരളത്തിന്റെ അവസ്ഥയെന്താണ്? കേരളത്തിന്റെ നിയമസഭാമന്ദിരത്തോളം വലിപ്പമുള്ള മറ്റേതെങ്കിലും നിയമസഭാമന്ദിരമുണ്ടോ? പതിനൊന്ന് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കെട്ടിടത്തിന് ശിലയിട്ടത് 1979 ജൂണ്‍ 4നാണ്. പണിതുടങ്ങിയത് 1986 ആഗസ്റ്റ് പതിനൊന്നിന്. 61760 ചതുരശ്രമീറ്ററാണ് വലുപ്പം. 1998ലാണ് ഉദ്ഘാടനം ചെയ്തത്. പന്ത്രണ്ട് വര്‍ഷമാണ് നിര്മ്മാണത്തിനെടുത്തത്. 110 കോടി ചെലവായി എന്നാണ് അന്നത്തെ കണക്ക്. ഇന്നത്തെ വില എത്രായിരം കോടിയാകും. നിയമസഭ കൂടുമ്പോള്‍ മാത്രം ഉപയോഗിക്കുന്നതിന് മന്ത്രിമാര്‍ക്ക് സെക്രട്ടറിയേറ്റിനകത്തുള്ളതിനെക്കാള് സൗകര്യമുള്ള ഓഫീസ് മുറികള്‍ ഇതിനകത്തുണ്ട്. അതാകട്ടെ ഇരുപത്തെട്ട്.
42583 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ അഷ്ടഭുജാകൃതിയില് എട്ടുനിലകളോടുകൂടിയ അസംബ്ലി മന്ദിരത്തിന്റെ മൂന്ന് നിലകള്‍ തറനിരപ്പിന് താഴെയും അഞ്ചുനിലകള്‍ തറനിരപ്പിന് മുകളിലുമാണ്. ഒന്നാംനിലയില്‍ സജ്ജീകരിച്ചിട്ടുള്ള 29 മീറ്റര്‍(നാലുനിലയോളം) ഉയരവും 1340 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണവുമുള്ള അസംബ്ലിഹാളില്‍ ഇപ്പോള്‍ 186 ഇരുപ്പിടങ്ങളൊരുക്കിയിട്ടുണ്ട്. 141 അംഗ സഭയാണ് ഇപ്പോഴുള്ളത്. 250 വരെ സീറ്റ് വര്‍ദ്ധിപ്പിക്കാനുള്ള സംവിധാനമുണ്ട്. വിശിഷ്ടാതിഥികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കായി 1438 ഇരിപ്പിടങ്ങളുള്ള അഞ്ച് ഗ്യാലറികളുണ്ട്.
1000 പേര്‍ക്കിരിക്കാവുന്നതും 1330 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതുമായ മെമ്പേഴ്സ് ലോഞ്ച് ഗ്രൗണ്ട് ഫ്ലോറിലാണ് ഒരുക്കിയിട്ടുള്ളത്. കേന്ദ്രീകൃതമായി ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള നിയമസഭാ മന്ദിരത്തിന്റെ പ്രത്യേകതകള്‍ പിന്നെയും ഏറെയുണ്ട്. ഏതാണ്ടൊരു രാവണന്‍കോട്ടപോലെ പടര്‍ന്ന് പലവിധത്തില്‍ മറിഞ്ഞുംതിരിഞ്ഞും നിലകൊള്ളുന്ന കെട്ടിടം കേരളീയ വാസ്തുശില്പകലയുടെ ഒരു ഉത്തമദൃഷ്ടാന്തമായി വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും ഇത് പൊളിച്ചടുക്കണമെന്ന് ശില്പികളായ പലരും നേരത്തെ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഏതായാലും കേരളത്തിന്റെ വരുമാനത്തിന് ഒട്ടും ചേരുന്നതല്ല ഈ നിയമസഭാ മന്ദിരം എന്ന കാര്യത്തില്‍ തര്‍ക്കത്തിന് അവകാശമില്ല. ഒരുലക്ഷംകോടിയോളം കടമുള്ള സംസ്ഥാനമാണ് കേരളം. ആളോഹരി കടം തന്നെ ഏതാണ്ട് 17000ത്തോളം എത്തിനില്‍ക്കുന്നു. പക്ഷേ ഗുജറാത്ത് ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള സംസ്ഥാനമാണ്. അവിടെ 150 കോടി മുടക്കി ഓഫീസ് സമുച്ചയം പണിയുന്നതില്‍ പന്തികേട് കാണുന്നവരുടെ തലയ്ക്കാണ് യഥാര്‍ത്ഥത്തില്‍ പന്തികേട്.
ഗുജറാത്തിലെ മുഖ്യമന്ത്രി സംസ്ഥാന സര്‍വ്വീസിലെ ക്ലാസ് ഫോര്‍ ജീവനക്കാരന് കൈപ്പറ്റുന്ന വേതനം മാത്രമാണ് സ്വീകരിക്കുന്നത്. കേരളത്തിലത് ഏതാണ്ട് 11,000ത്തോളം രൂപയാണ് ഉണ്ടാവുക. എന്നാല്‍ കേരളത്തിലെ മന്ത്രിമാരും മുഖ്യമന്ത്രിയും പ്രതിമാസം വാങ്ങുന്ന കാശ് എത്രയാണെന്ന് ആരെങ്കിലും ആരാഞ്ഞിട്ടുണ്ടോ? അതേതാണ്ട് മുക്കാല്‍ലക്ഷത്തിലധികം വരും. നരേന്ദ്രമോദി ആരെങ്കിലും ഊതിവീര്‍പ്പിച്ച ബലൂണല്ല. ഏതെങ്കിലും മാധ്യമങ്ങളുടെ പരിലാളനങ്ങളാല്‍ ശോഭിക്കുന്ന വ്യക്തിയുമല്ല. എല്ലാ എതിര്‍പ്പുകളെയും സുസ്മേരവദനനായി സ്വീകരിച്ച് തന്നിലര്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ശ്രദ്ധയോടെ നിര്വഹിച്ചതിനുള്ള അംഗീകാരമാണ് മൂന്നാംതവണയും തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ വിജയിപ്പിച്ചത്. ഗുജറാത്തിലെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിയമസഭയ്ക്കും വേണ്ടി ചെലവാക്കിയ 150 കോടി നരേന്ദ്രമോദിയുടെ തറവാട്ടിലേക്ക് മുതല്‍ക്കൂട്ടാനല്ല. അത് സംസ്ഥാനത്തിന്റെ പൊതുസ്വത്താണ്.
ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നതിനെ പ്രശംസിക്കുന്നതിനു പകരം പരിഹസിക്കാന്‍ ഉപയോഗിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ നന്ദികേടാണ്. ഇത്തരം നന്ദികെട്ടവരെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് ബുദ്ധി ഉദിച്ചതുകൊണ്ടാണ് തുടര്‍ച്ചയായി ബിജെപിയെയും നരേന്ദ്രമോദിയെയും ഗുജറാത്ത് ജനത അംഗീകരിച്ചത്. സാധാരണ നിലയ്ക്ക് കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാല്‍ പഠിക്കും. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെക്കുറിച്ചെന്താണ് പറയേണ്ടത്.
>> കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: