സാധനങ്ങളുടെ വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങളെ വീണ്ടും പീഡിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് 2013 മുതല്‍ ഇന്ധനവില കൂട്ടുമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. മണ്ണെണ്ണ വില രണ്ട് വര്‍ഷത്തിനുള്ളില്‍ 10 രൂപ കൂട്ടുമെന്ന് പെട്രോളിയം മന്ത്രാലയം പ്രഖ്യാപിച്ചു. മണ്ണെണ്ണ വില കൂട്ടല്‍ സംബന്ധിച്ച് വിജയ് കേല്‍ക്കര്‍ കമ്മറ്റിയുടെ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, കല്‍ക്കരി, വൈദ്യുതി വില ഘട്ടംഘട്ടമായി വര്‍ധിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം. വന്‍തുക സബ്സിഡിയായി നല്‍കുന്നത് സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയാണത്രെ നല്‍കുന്നത്. എണ്ണക്കമ്പനികളുടെ വാദം ലിറ്ററിന് 9.28 രൂപയുടെ നഷ്ടത്തിലാണ് ഡീസല്‍ വില്‍ക്കുന്നതെന്നാണ്. ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില്‍പ്പനയുടെ ധനകമ്മി 1,60,000 കോടി രൂപയാണ്. ഇത് കുറയ്ക്കാനാണ് നടപടി. മണ്ണെണ്ണക്ക് ലിറ്ററിന് 10 രൂപ വര്‍ധന വരുത്താനും നീക്കമുണ്ടെന്നാണ് മന്ത്രാലയ സൂചന. ഡീസല്‍ വില കഴിഞ്ഞ സപ്തംബര്‍ 14 നാണ് 5.63 രൂപ വര്‍ധിപ്പിച്ചത്. സാമ്പത്തികമാന്ദ്യം മറികടക്കാനാണത്രെ സബ്സിഡി ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുന്നത്. പന്ത്രണ്ടാം പദ്ധതിക്കാലത്ത് എട്ട് ശതമാനം സാമ്പത്തികവളര്‍ച്ച ഉറപ്പാക്കാനാണ് ഈ ജനദ്രോഹ നടപടി. ആദ്യം ലക്ഷ്യമിട്ടിരുന്ന ഒന്‍പത് ശതമാനം വളര്‍ച്ച എട്ട് ശതമാനമാക്കിയത് 8.2 ശതമാനമാക്കി. മണ്ണെണ്ണ ഉപയോഗം 20 ശതമാനമായി കുറയ്ക്കാനാണ് ഈ നടപടി. സാമൂഹികനീതിക്ക് ചില സബ്സിഡികള്‍ അനിവാര്യമാണെങ്കിലും അത് നിയന്ത്രിക്കപ്പെടേണ്ടതാണെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.
ക്രൂഡ് ഓയിലും കല്‍ക്കരിയും പ്രകൃതിവാതകവും ഇറക്കുമതിചെയ്യുകയാണ്. വില കൂട്ടി ഡിമാന്റും ഇറക്കുമതിയും നിയന്ത്രിക്കാനുള്ള നീക്കം ഇപ്പോള്‍തന്നെ വിലവര്വധനയില് വീര്‍പ്പുമുട്ടുന്ന ജനങ്ങളെ കൂടുതല്‍ പീഡനത്തിലേക്ക് തള്ളിവിടുന്നതാണ് ഈ നീക്കം. കേന്ദ്രത്തിന് വികല വികസനനയമാണെന്നും യാതൊരു വിധത്തിലുള്ള വികസന നയങ്ങളും യുപിഎ സര്‍ക്കാരിനില്ലെന്നും രാജ്യത്തിന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതില്‍ വീഴ്ചപറ്റിയെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്തതില്‍ ശരിയായ ദിശാബോധമില്ലാത്തതാണ് ഇതിന് കാരണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കുറഞ്ഞ വളര്‍ച്ചാനിരക്ക് ലക്ഷ്യമിട്ടതും മോദിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തി. രാജ്യത്തിന്റെ വികസന ബോധത്തെയും കഠിനപ്രയത്നത്തെയും നിസ്സാരവല്‍ക്കരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നതെന്നും ഇത് വികസനകുതിപ്പിനെ അസ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മന്‍മോഹന്‍സിംഗ് പറയുന്നത് കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പ്രകൃതിവാതകം എന്നിവയുടെ രാജ്യത്തെ വില അന്താരാഷ്ട്ര നിരക്കിനെക്കാള്‍ കുറവാണ്, ഊര്ജനിരക്കുകളും കുറവാണ്.
വേഗത്തിലും സുസ്ഥിരമായ വളര്‍ച്ച നേടാന്‍ ഇവയുടെ ഉപയോഗം നിയന്ത്രിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും സബ്സിഡികള്‍ നിയന്ത്രിച്ചില്ലെങ്കില്‍ പദ്ധതിച്ചെലവ് വര്‍ധിക്കുകയും ധനക്കമ്മി കൂടുകയും ചെയ്യും. ചരക്ക് സേവനനികുതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വൈദ്യുതിനിരക്ക് കൂട്ടിയത് അടുത്തിടെ ആയിരുന്നു. ഇത് യുക്തിസഹമായ വിധത്തില്‍ പരിഷ്കരിച്ച് സബ്സിഡികള്‍ അര്‍ഹതയുള്ളവര്‍ക്കേ ലഭിക്കാവൂ. ഓരോ വര്‍ഷവും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ എണ്ണം കുറയുന്നുണ്ടെന്നും ഇടത്തരം വരുമാനമുള്ള രാജ്യമെന്ന പദവിയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ധനക്കമ്മി മൂന്ന് ശതമാനം കുറയ്ക്കാനാണ് ശ്രമമത്രെ. കടുത്ത തീരുമാനങ്ങള്‍ വേദനാജനകമാണെങ്കിലും ഒഴിച്ചുകൂടാനാവാത്തതാണെന്നായിരുന്നു ധനമന്ത്രി ചിദംബരത്തിന്റെ വിശദീകരണം. ഡീസലിന്റെ വില നിയന്ത്രണം എണ്ണക്കമ്പനികള്‍ക്ക് കൈമാറിയത് സപ്തംബര്‍ 14 നായിരുന്നു. അന്താരാഷ്ട്ര വിപണിയേക്കാള്‍ കുറവാണ് ഡീസല്‍ വില്‍ക്കുന്നതെങ്കിലും എണ്ണക്കമ്പനികളുടെ നഷ്ടം 85,000 കോടി രൂപയാണത്രെ. രാജ്യം കടുത്ത പ്രതിസന്ധിയിലാണെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: