സന്നിധാനത്തെ പതിനെട്ട് പടികള്‍ കയറിവേണം അയ്യപ്പദര്‍ശനം. വ്രതാനുഷ്ഠാനങ്ങളിലൂടെ നേടിയ ശുദ്ധിയില്‍ വേണം പതിനെട്ടുപടികളും ചവിട്ടാന്‍. തുടക്കം വലതുകാല്‍ വച്ചുതന്നെ വേണം. നടകയറും മുന്‍പ് ഇരുമുടിക്കെട്ടില്‍ ഗുരുസ്വാമി കരുതിയിരിക്കുന്ന നാളികേരം പതിനെട്ടാം പടിക്ക് സമീപത്തുടയ്ക്കണം. പാപങ്ങളെല്ലാം ദേവദര്ശനത്തിനുമുന്പായി തച്ചുതകര്‍ക്കുക എന്നതാണ് തേങ്ങയുടയ്ക്കലിന്റെ പിന്നിലെ വിശ്വാസം.
അയ്യപ്പസന്നിധിയില്‍നിന്ന് മടങ്ങുമ്പോള്‍ ശ്രീകോവിലിന് അഭിമുഖമായി പടികള്‍ ഇറങ്ങണമെന്നും പറയാറുണ്ട്. പക്ഷേ തിരക്കുകാരണം ഇത് സാധ്യമാകണമെന്നില്ല. പതിനെട്ട് പടികള്‍ക്ക് പിന്നിലുമുണ്ട് ആചാരവും വിശ്വാസവുമൊക്കെ. ഓരോ പടിയും ഓരോന്നിനെക്കുറിക്കുന്നു എന്നും.
നേത്രേന്ദ്രിയം, ശ്രോതേന്ദ്രിയം, ഘ്രാണേന്ദ്രിയം, രസനേന്ദ്രിയം, ത്വഗിന്ദ്രിയം എന്നീ അഞ്ച് ഇന്ദ്രിയങ്ങള്‍ക്ക് സൂചകമത്രേ ആദ്യ അഞ്ചുപടികള്‍. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, സംദ്, അസൂയ എന്നിവയത്രേ ആറുമുതല്‍ 13 വരെ പടികള്‍. സാത്വികം, രാജസം, താമസം എന്നീ ത്രിഗുണങ്ങള്‍ പിന്നീടുള്ള മൂന്നുപടികള്‍. വിദ്യ, അവിദ്യ എന്നിവ പതിനേഴും പതിനെട്ടും പടികള്‍.
പതിനെട്ടാം പടിക്ക് ശിവപദമെന്നും വിശേഷണമുണ്ട്. പതിനെട്ട് പുരാണങ്ങളാണ് പതിനെട്ടുപടികള്‍ എന്നും വിശ്വാസം. ശബരിമലയില്‍ പ്രതിഷ്ഠയ്ക്കെത്തിയപ്പോള്‍ അയ്യപ്പന് പതിനെട്ട് ആയുധങ്ങളും പതിനെട്ടുപടികളില്‍ ഉപേക്ഷിച്ചെന്ന് മറ്റൊരു ഐതിഹ്യം.
ശബരിമലയിലെ പ്രധാനപ്പെട്ട വഴിപാടാണ് പടിപൂജ. ഓരോ പടികളും ശബരി, പൊന്നമ്പലമേട്, ഖണ്ഗിമല, മാതംഗമല, മെയിലാടുംമൂട്, ശ്രീപാദമല, ദേവര്‍മല, കരിമല, പുതുശേരി, കാളകെട്ടി, ഇണ്ടപ്പാറ എന്നീ മലദൈവങ്ങളെന്ന് കരുതിയാണ് പൂജ. അയ്യപ്പനുള്ള ഏറ്റവും ചെലവേറിയ വഴിപാടാണിത്. തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദീപാരാധനയ്ക്ക് ശേഷമാണ് പടിപൂജ. ഓരോ പടിക്കും പ്രത്യേക പൂജ. ഈ സമയം അയ്യപ്പദര്ശനത്തിനെത്തുന്നവരെ പടി കയറാന്‍ അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: