ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലായപ്പോള്‍ ദല്‍ഹിയിലുണ്ടായ പ്രതിഷേധം ബലാത്സംഗത്തിന്റെ ഭീകരതയെ വിളിച്ചോതുന്നതായിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി രൂപപ്പെട്ട പ്രതിഷേധം ദല്‍ഹിയെ സ്തംഭിപ്പിച്ചു എന്നത് വാസ്തവം. പക്ഷേ അടുത്തദിവസം വന്ന വാര്‍ത്ത ഒരു ബീഹാര്‍ സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായി റോഡില്‍ ഉപേക്ഷിക്കപ്പെട്ടുവെന്ന വാര്‍ത്തയാണ്. ഇത് സ്ത്രീകളെ അടിച്ചമര്‍ത്തി പുരുഷന് കാണിക്കുന്ന അധികാരമാണ്. ഇത് ഉളവാക്കിയ പ്രതിഷേധത്തിന് കാരണം സോഷ്യല്‍ നെറ്റ്വര്‍ക്കാണ്. അതില്‍ ഒത്തുചേര്‍ന്നവര്‍ വിദ്യാര്‍ത്ഥികളല്ലെന്നും വര്‍ണ്ണപ്പകിട്ട് പ്രകടിപ്പിക്കുന്ന സ്ത്രീകളായിരുന്നുവെന്നും മറ്റുമുള്ള രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന് അഭിജിത്ത് മുഖര്‍ജിയുടെ കമന്റ് മനുഷ്യത്വമില്ലായ്മയും സ്ത്രീത്വത്തെ അപമാനിക്കലുമാണ്. ഇത്ര ഹീനമായ ഒരു പ്രവൃത്തിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ആരെന്നോ അവര്‍ ആഡംബരഭൂഷിതകളാണെന്നോ അല്ല അന്വേഷിക്കേണ്ടത്, ഒരു പെണ്‍കുട്ടിക്കുണ്ടായ ദുരന്തത്തില്‍ ഈയൊരു കൂട്ടായ്മ രൂപപ്പെട്ട് പ്രതിഷേധം ഉയര്‍ത്തിയെന്നതാണ്.
ആ ജനവികാരത്തെ മാനിക്കാതെ പ്രതിഷേധിച്ചവര്‍ വിദ്യാര്‍ത്ഥികളാണ്. സ്ത്രീകള്‍ ആഡംബരവസ്ത്രമാണോ ധരിച്ചിരിക്കുന്നത് എന്ന് നോക്കി അഭിപ്രായം പ്രകടിപ്പിച്ചത് തീര്‍ത്തും അനൗചിത്യമായി. വിവാദമായതോടെ പ്രസ്താവന തിരുത്താന്‍ അഭിജിത് തയ്യാറായെങ്കിലും അത് സ്ത്രീകള്‍ക്ക് വരുത്തിവെച്ച അപകീര്‍ത്തി മാറുന്നില്ല. ബലാത്സംഗം സാധാരണയാകുമ്പോള് അതിന് തടയിടാനുള്ള ഏറ്റവും നല്ല ഉപാധി ജനങ്ങളുടെ പ്രതിഷേധം തന്നെയാണ്. ഇപ്പോള്‍ പ്രധാനമന്ത്രി ഇതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഏകാംഗ കമ്മീഷനെ നിയോഗിച്ചു. ദല്‍ഹിയിലും അനുബന്ധ മേഖലകളിലും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് കൈക്കൊള്ളേണ്ട നടപടികളും കമ്മീഷന് നിര്‍ദ്ദേശിക്കും. മാനഭംഗക്കേസുകള്‍ക്ക് നല്‍കേണ്ട ശിക്ഷ സംബന്ധിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ജെ.എസ്.വര്‍മ്മയെ നിയോഗിക്കുകയും ചെയ്തുവെന്നത് സ്വാഗതാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: