ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമത്തിനെതിരെ പാക് പത്രത്തിന്റെ രൂക്ഷ വിമര്‍ശനം. രാജ്യത്തെ സ്ത്രീകള്‍ക്ക് സമാധാനവും സുരക്ഷിതവുമായി ജീവിക്കാന്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാക് പത്രമായ ഡെയ്ലി ടൈംസ് ആവശ്യപ്പെട്ടു. എഡിറ്റോറിയലിലാണ് പത്രം ഇന്ത്യന്‍ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക അറിയിച്ചത്.
ദല്‍ഹിയില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സാഹചര്യത്തിലായിരുന്നു ലേഖനം. മാനഭംഗത്തിന് ഇരയാകുന്നവര്‍ നടപടികള്‍ ആവശ്യപ്പെട്ട് മുന്നോട്ട് വരാന്‍ മടിക്കുന്നത് പ്രതികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയാണ്. സ്ത്രീകളോട് മോശമായി പെരുമാറുന്നതും അവഹേളിക്കുന്നതും ദല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പതിവാണെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു.
പുരുഷ കേന്ദ്രീകൃതമായ സമൂഹവും നിയമവ്യവസ്ഥയോടുള്ള പുച്ഛവും പോലീസ് സേനയുടെ ഉത്തരവാദിത്തമില്ലായ്മയും രാജ്യത്ത് കുറ്റകൃത്യങ്ങള്‍ പെരുകാന്‍ ഇടയാക്കുന്ന ഘടകങ്ങളാണ്. പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനം, സ്ത്രീകളുടെ വസ്ത്രധാരണരീതി, ഇന്റര്‍നെറ്റ് മുഖേനയുള്ള ലൈംഗികാതിപ്രസരണം, തുടങ്ങിയവ ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്ന കാരണങ്ങളായി പഴി ചാരുന്നു.
സാമൂഹികമായും ലൈംഗികമായും സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ അവസാനിപ്പിച്ചേ തീരൂ എന്ന ആവശ്യം രാജ്യത്ത് ശക്തമാകുകയാണ്. സ്ത്രീകളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇത്തരത്തിലുള്ള അക്രമങ്ങള്‍ സമൂഹത്തില്‍ നിന്ന് തുടച്ചുമാറ്റാന്‍ കഴിയില്ലെന്നും ഡെയ്ലി ടൈംസ് ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: