ഇന്ന് ലോകമാകെ ക്രിസ്തുമസ് ആഘോഷിക്കുകയാണ്. തന്റെ ജന്മദിനവും ലോകജനതയുടെ ആഘോഷദിവസമായതില് ആഹ്ലാദിക്കുന്ന ഒരാളുണ്ട്. അടല്‍ബിഹാരി വാജ്പേയി.
കാലംസമ്മാനിച്ച പരിക്കുമൂലം പൂര്ണ്ണവിശ്രമജീവിതം നയിക്കുന്ന അടല്‍ജിക്ക് ഇത് 89-ാം ജന്മദിനമാണ്. ദശലക്ഷങ്ങളില്‍ ഒരാള്‍ക്കുപോലും ലഭിക്കാത്ത വരദാനത്തിന്റെ ഉടമയായ അടല്‍ജിയുടേത്. രാഷ്ട്രീയത്തിനും രാഷ്ട്രത്തിനും സമര്‍പ്പിത ജീവിതമാണ്. രമണമഹര്‍ഷി ഒരിക്കല്‍ പറഞ്ഞു ‘ മനുഷ്യജീവിതം അണ്ണാനെപ്പോലെയാകണം. എലിയെ പോലാകരുത്. അണ്ണാന് ഒരു പഴം കിട്ടിയാല്‍ വിശപ്പടക്കാനുള്ളത് മാത്രം തിന്നുന്നു. ബാക്കി ഉപേക്ഷിച്ചുപോകുന്നു. എന്നാല്‍ എലി ഒരു പഴം കിട്ടിയാല്‍ ധൃതിപിടിച്ച് മാളത്തില്‍ കൊണ്ടുവന്ന് വയ്ക്കും. പിന്നെയും പുറത്തിറങ്ങി പഴത്തിനുവേണ്ടി ചുറ്റുവട്ടവും കറങ്ങിനടക്കും. അണ്ണാനെ ജനം സ്നേഹിക്കും. എലിയെ കണ്ടാല്‍ ഓടിച്ചുവിടും’.
അണ്ണാനും എലികളും രാഷ്ട്രീയത്തിലുമുണ്ട്. അണ്ണാന്റെ സ്ഥാനമാണ് അടല്‍ജിക്ക്. ആര്‍ത്തിയില്ല. അത്യാഗ്രഹമില്ല. അതുകൊണ്ടുതന്നെ അഴിമതിയും ആരോപണവുമില്ല. ലോകം ഇന്ന് ഇന്ത്യയെ ആദരിക്കാനും അംഗീകരിക്കാനും മുന്നോട്ടുവരുന്നുവെങ്കില്‍ അത് താടിയും തലക്കനവും തലേക്കെട്ടുമില്ലാതെ പ്രധാനമന്ത്രിക്കസേരയിലിരുന്ന അടല്‍ജി തുടക്കമിട്ട പദ്ധതികളും പരിപാടികളും കൊണ്ടാണ്. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പിച്ചച്ചട്ടിയുമായി ചെല്ലുന്ന ഇന്ത്യയുടെ ചിത്രം നമ്മുടെ മുന്നിലുണ്ട്. അതിനു പകരം അമേരിക്കക്കാരനോടുപോലും തോളൊപ്പം നിന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിലവാരത്തിലേക്ക് രാജ്യത്തെ ഉയര്‍ത്തിയത് അടല്‍ജി പ്രധാനമന്ത്രി സ്ഥാനത്തിരുന്നതുകൊണ്ടുമാത്രമാണ്.
പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത് തന്റെ ജീവിതാഭിലാഷമാണെന്ന് പറഞ്ഞ അല്പന്മാരെ പേറേണ്ടിവന്ന നാടാണിത്. എന്നാല്‍ വാജ്പേയി തന്റെ ജീവിതാഭിലാഷമായി അധികാരസ്ഥാനങ്ങളെ ഒരിക്കലും കണക്കാക്കിയിരുന്നില്ല. മുംബൈയിലെ ‘ നവനീത’ പത്രത്തിന്റെ പത്രാധിപര്‍ അടല്‍ജിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്തെന്ന് ആരായുകയുണ്ടായി. അതിന് അടല്‍ജി നല്കിയ മറുപടി ഇങ്ങനെ :’ മരിക്കുന്നത് ചിരിച്ചുകൊണ്ടാകണം. ചിരിക്കുമ്പോഴാകണം മരണം’.
രാജ്യത്തിന്റെ ഭരണഭാരം ബിജെപിയിലേക്ക് അടുക്കുകയാണെന്ന് ബോധ്യമായപ്പോള്‍ അടല്‍ജി പറഞ്ഞത് അദ്വാനിയാകും രാജ്യത്തെ നയിക്കുക എന്നാണ്. എന്നാല്‍ അദ്വാനിയാകട്ടെ അതു കേട്ട പാടെ തിരുത്തി. അടല്‍ജി മാത്രമാകും രാഷ്ട്രത്തെ നയിക്കുക. അദ്വാനിയെയും വാജ്പേയിയെയും അകറ്റാന്‍ ഏതറ്റംവരെ പോകാനും തയ്യാറായി കള്ള പ്രചരണങ്ങള്‍ നടത്തിയ പത്രമാധ്യമങ്ങള്‍ നിരാശപ്പെടേണ്ടിവന്ന മുഹൂര്‍ത്തങ്ങള്‍ ഏറെ.
വാഗ്മയത്വവും കവിതയെഴുത്തും നല്ലൊരു പ്രധാനമന്ത്രിയെ സൃഷ്ടിക്കില്ലെന്ന് മണിശങ്കരയ്യര്‍ പരിഹസിച്ചിരുന്നു. എന്നാല്‍ ഇത് രണ്ടും പ്രധാനമന്ത്രിക്കിണങ്ങുമെന്ന് അടല്‍ജി തെളിയിച്ചുകൊടുത്തു. നെഹ്റുവിനുശേഷം ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി. സത്യസന്ധനായ ഭരണാധികാരി. ആരുടെയും സമ്മര്‍ദ്ദത്തിന് ഭാരതം വഴങ്ങുകയില്ലെന്നും ആരുടെയും പാദസേവകരാവുകയില്ലെന്നുമുള്ള അടല്‍ജിയുടെ സന്ദേശം ആരെയും പ്രകോപിപ്പിച്ചില്ല. വാഗ്മയത്വത്തിന്റെ പ്രത്യേകത അതാണ്. കവിത്വമുള്ളതുകൊണ്ടാണ് മിതഭാഷയില്‍ കാര്യങ്ങളവതരിപ്പിക്കാന്‍ കഴിയുന്നത്. ആരെന്തു പറഞ്ഞാലും ഞാനായിട്ട് വായ തുറക്കില്ലെന്ന പിടിവാശിയുള്ളയാള്‍ പ്രധാനമന്ത്രിയെന്നല്ല ഒരു പൊതുവേദിക്കും അനുയോജ്യനല്ല.
അടല്‍ജി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ചില പെട്രോള്‍ പമ്പുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്ടോ എന്ന് ഏതാനും മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചു. എന്തിന് ചിലതാക്കുന്നു. ആ കാലയളവില്‍ അനുവദിച്ച ആയിരത്തിലധികം പെട്രോള്‍ പമ്പുകള്‍ മുഴുവന്‍ റദ്ദുചെയ്യാന്‍ പ്രധാനമന്ത്രിക്ക് രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല. ഇന്നിപ്പോള്‍ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങള്‍ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തുന്നു. അഴിമതികള്‍ എണ്ണിയെണ്ണി പറയുന്നു. എന്നിട്ടും പാര്‍ലമെന്റില്‍ പ്രതിപക്ഷം ആവശ്യപ്പെടുന്ന അന്വേഷണത്തിന് വഴങ്ങാന്‍ പ്രധാനമന്ത്രി തയ്യാറല്ല. എന്താണ് സംഭവിക്കുന്നതെന്ന് തുറന്നു പറയാന്‍ പ്രധാനമന്ത്രിക്കോ അദ്ദേഹത്തെ അവരോധിച്ചവര്ക്കോ കഴിയുന്നില്ല. മകന് ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീരുകാണാന്‍ കൊതിക്കുന്നവരെ പോലെയാണ്. പാര്‍ലമെന്റ് കൂടിയില്ലെങ്കിലും കുഴപ്പമില്ല അഴിമതിയിലൂടെ നേടിയ കോടികള്‍ കൈവിട്ടുകൊടുക്കില്ല. ജനാധിപത്യത്തിന് പുല്ലുവില കല്പിക്കുന്ന ഇന്നത്തെ ഭരണക്കാര്‍ക്ക് അടല്‍ജിയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍പോലും അര്‍ഹതയില്ലെന്ന് പറയുന്നതാവും ശരി.
അടിയന്തരാവസ്ഥയില്‍ ജയിലില്‍ കഴിയവെയാണ് അദ്ദേഹം രോഗാഗ്രസ്തനായത്. വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നുവെങ്കിലും അതില്‍ നിന്നും തീര്‍ത്തും മുക്തമാകാന്‍ കഴിഞ്ഞില്ല. ആ രോഗം കറങ്ങിത്തിരിഞ്ഞാണ് ആരുടെ മുമ്പിലും മുട്ടുമടക്കാത്ത അടല്‍ജിയുടെ മുട്ടിനെ തന്നെ പിടികൂടിയത്.
ജയിലില്‍ നിന്നും ഇറങ്ങിയ വാജ്പേയി നേരെ അധികാരക്കസേരയിലേക്കാണ് ചെന്നെത്തിയത്. മൊറാര്‍ജി മന്ത്രിസഭയില്‍ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ഈ രംഗത്ത് നെഹ്റുവിനെക്കാള്‍ പ്രാപ്തനെന്ന് ചുരുങ്ങിയകാലം കൊണ്ട് അടല്‍ജി തെളിയിച്ചു. അയല്‍ രാജ്യങ്ങളുമായി ഭാരതം ഉറ്റബന്ധം സ്ഥാപിച്ചത് ആ കാലഘട്ടത്തിലാണ്. അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയ കക്ഷികളെല്ലാം ചേര്‍ന്നായിരുന്നു മൊറാര്‍ജി മന്ത്രിസഭയുടെ ജനനം. മന്ത്രിസഭ വന്നതിനു ശേഷമാണ് യഥാര്‍ത്ഥത്തില്‍ ജനതാപാര്‍ട്ടി രൂപം കൊള്ളുന്നത്. 1977 മെയ് ഒന്നിന് ജനതാപ്രസ്ഥാനം രൂപംകൊള്ളാനുള്ള ലയനസമ്മേളനം നടക്കുന്നതിന് മുമ്പ് ദല്‍ഹിയിലെ പ്രഗതി മൈതാനിയിലാണ് ജനസംഘം പ്രത്യേക യോഗം ചേര്‍ന്നത്. ജനസംഘത്തെ പിരിച്ചുവിടാനായിരുന്നു പ്രത്യേക യോഗം. ആര്‍എസ്എസ് പ്രചാരകനും പത്രാധിപരുമായിരിക്കെ ജനസംഘം രൂപം കൊണ്ടത് മുതല്‍ അതില്‍ പ്രവര്‍ത്തിക്കുന്ന അടല്‍ജി ഗദ്ഗദകണ്ഠനായാണ് പിരിച്ചുവിടല്‍ തീരുമാനം അറിയിച്ചത്. രണ്ടുവര്‍ഷത്തിനകം ജനതാപാര്‍ട്ടിയില്‍ നിന്നും പഴയ ജനസംഘം പ്രവര്‍ത്തകര്‍ പ്രത്യേക പാര്‍ട്ടിയായി നില്ക്കാന് നിര്‍ബന്ധിതമായി. മുംബൈയില്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് ഔദ്യോഗിക രൂപം നല്‍കുന്നതിന് ചേര്‍ന്ന സമ്മേളനത്തെ അനുഗ്രഹിക്കാന്‍ എം.സി.ഛഗ്ല എത്തിയിരുന്നു. ഭാവിഭാരതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന കക്ഷിയാകും ബിജെപിയെന്നും അതിന് നേതൃത്വം നല്‍കുന്നവരാണ് വേദിയിലെന്നും അദ്ദേഹം പ്രവചിച്ചത് ഹര്‍ഷാരവത്തോടെയാണ് പ്രതിനിധികള്‍ സ്വീകരിച്ചത്. എന്നാല്‍ അതിനെ പത്രങ്ങളും പ്രസ്ഥാനങ്ങളും നേതാക്കളും പരിഹസിക്കാനാണ് ഉത്സാഹിച്ചത്. ഇതൊരു ചാപിള്ളയാകുമെന്ന് പ്രവചിച്ചവരുണ്ട്. ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം 84ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വാജ്പേയി തോല്‍ക്കുകയും ബിജെപി രണ്ടുസീറ്റില്‍ ഒതുങ്ങുകയും ചെയ്തപ്പോള്‍ പ്രവചനം ഫലിക്കുകയാണെന്ന് ആശ്വസിച്ചവരുണ്ട്. അടുത്തു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി എന്ന പാര്ട്ടിഭൂമുഖത്തു നിന്നും തുടച്ചുനീക്കപ്പെടുമെന്ന് ആഹ്ലാദത്തോടെ പ്രസ്താവിച്ച നേതാക്കളില്‍ സിപിഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടുമുണ്ട്. പക്ഷെ സംഭവിച്ചത് മറിച്ചാണെന്നത് ചരിത്ര യാഥാര്‍ത്ഥ്യം.
വാജ്പേയിയോളം നല്ലൊരു നേതാവില്ലെന്ന് പറയുന്നവര്‍ തന്നെ തുടര്‍ന്ന് പറയും ‘എന്തു ചെയ്യാം ആര്‍എസ്എസ് കാരനായിപ്പോയി’. അതിന് വാജ്പേയിയുടെ മറുപടി ഇതാണ് ‘എന്റെ നല്ല ഗുണങ്ങളെല്ലാം ആര്‍എസ്എസില്‍ നിന്ന് ലഭിച്ചതാണ്. മോശമുണ്ടെങ്കില്‍ അതെന്റെ സ്വന്തവും’.
1924 ഡിസംബര്‍ 25ന് മധ്യപ്രദേശിലെ ഗ്വാളിയറിലാണ് ജനിച്ചത്. അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1996 മെയ് 16ന് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998ല്‍ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999ല്‍ എ. ഐ. എ. ഡി. എം. കെ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് നടന്ന വിശ്വാസവോട്ട് അതിജീവിക്കന്‍ കഴിഞ്ഞില്ല. 1999ല്‍ നടന്ന പൊതുതിരഞ്ഞടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഭൂരിപക്ഷം നേടിയപ്പോള്‍ വീണ്ടും പ്രധാനമന്ത്രിയായി. 2004ലെ പൊതുതിരഞ്ഞെടുപ്പ് വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. പൊക്രാന്‍ ആണവ പരീക്ഷണവും(മേയ് 1998) കാര്‍ഗില്‍ യുദ്ധവും നടന്നത് വാജ്പേയിയുടെ ഭരണകാലത്തായിരുന്നു. പ്രഭാഷകനെന്ന നിലയില്‍ വാജ്പേയി നേടിയ പ്രശംസ എക്കാലവും ഉയര്‍ന്നു നില്ക്കുന്നു. 2006ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് ദല്‍ഹി കൃഷ്ണന്മാര്ഗിലെ 6എ വസതിയില്‍ ശയ്യാവലംബിയാണ് ഇപ്പോള്‍ ഭാരതത്തിന്റെ ഓജസും തേജസുമായ വാജ്പേയി.
കെ.കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: