രണ്ടു സുഹൃത്തുക്കള്‍, അവരുടെ ജാതകം തയ്യാറാക്കിവച്ചു. രണ്ടുപേരുടെ ജാതകത്തിലും പാമ്പുകടിയേറ്റ് മരിക്കുമെന്നാണ് വിധി. ഇതറിഞ്ഞനാള്‍ മുതല്‍ പാമ്പിനെക്കുറിച്ചും മരണത്തെക്കുറിച്ചും ചിന്തിച്ചുചിന്തിച്ച് അവരിലൊരാള്‍ ആധിയേറി മാനസികരോഗിയായിത്തീര്‍ന്നു. അയാളുടെ അസുഖംകാരണം ആ വീട്ടുകാരുടെ മനഃസ്വസ്ഥതയും നഷ്ടമായി. മേറ്റ്യാള്‍ ചിന്തിച്ച് ആധികേറാന്‍ പോയില്ല; പരിഹാരമെന്തെന്ന് ആലോചിച്ചു. തന്റെ കഴിവുകളുടെ പരിമിതിയെക്കുറിച്ച് ബോധ്യംവന്ന അദ്ദേഹം ഈശ്വരഭക്തനായിത്തീര്‍ന്നു. ഈശ്വരനില്‍ ശരണാഗതിയടഞ്ഞു. എങ്കിലും ഈശ്വരന് നല്‍കിയിരിക്കുന്ന ബുദ്ധിയും ആരോഗ്യവുമുപയോഗിച്ച് വേണ്ട് പ്രയത്നവും ചെയ്തു, പാമ്പുകടിക്കാതിരിക്കാനുള്ള എല്ലാ മുന്കരുതലുകളുമെടുത്തു. ഈശ്വരചിന്തയോടെ വീട്ടില്‍ത്തന്നെ കഴിഞ്ഞു.
ഒരുദിവസം ഇരുട്ടത്ത് പൂജാമുറിയില്‍ കടന്നുചെല്ലുമ്പോള്‍ കാല് എന്തിലോ തട്ടിമുറിഞ്ഞു. മുറിയില്‍ പാമ്പിന്റെ ഒരു പ്രതിമയുണ്ടായിരുന്നു. അതില്‍ നാക്കുപോലെ നീട്ടിവച്ചിരുന്ന കമ്പിയിലാണ് കാലുതട്ടിയത്. ജാതകപ്രകാരം പാമ്പുകടിക്കേണ്ടസമയത്തുതന്നെയായിരുന്നു അത് സംഭവിച്ചത്. ജീവനില്ലാത്ത പാമ്പാണെങ്കില്‍ക്കൂടി, മുറിവ് പറ്റി. പക്ഷേ, വിഷമേറ്റില്ല. ഈശ്വരാര്‍പ്പണത്തോടെ ചെയ്ത തന്റെ പ്രയത്നം സഫലമായി. എന്നാല്‍ മേറ്റ്യാളാകട്ടെ, പാമ്പുകടിയേല്‍ക്കുന്നതിന് മുന്‍പ് തന്നെ ആധികേറി, ഒരു ജന്മം മുഴുവന്‍ നഷ്ടപ്പെടുത്തി. വിധിയെ പഴിചാരാതെ പ്രയത്നം ചെയ്യൂ മക്കളേ, ഏത് പ്രതിബന്ധത്തെയും അതിജീവിക്കാം.
മാതാ അമൃതാന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: