കേരളം വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. തുലാവര്‍ഷവും ചതിച്ചതോടെ കേരളം ആദ്യമായി കൃഷി നാശം മാത്രമല്ല, കുടിവെള്ള ക്ഷാമവും അനുഭവിയ്ക്കാന്‍ പോകുന്നു. കേരളത്തിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനം മാത്രമല്ല, പ്രകൃതി നശീകരണവും ജല സ്രോതസ്സുകളും ഭൂഗര്‍ഭജല സ്രോതസ്സുകളുടെ നശീകരണവുമാണ്. വനനശീകരണം ശക്തമായതോടെ മഴ പെയ്താല്‍ ജലം ഭൂമിയിലേക്കിറങ്ങാതെ ഒഴുകി പോകുമ്പോള്‍ ഭൂഗര്‍ഭ ജലവും അപ്രത്യക്ഷമാകും. കേരളം ഇന്ന് ഭരിക്കുന്നത് മാഫിയകളാണെന്നും അതില്‍ സുപ്രധാനം മണല്‍ മാഫിയയാണെന്നും മലയാളികള്‍ക്കറിയാം. പക്ഷെ മണല്‍ മാഫിയ ഊറ്റാത്ത നദികളില്ലാതായപ്പോള് 44 നദികളുള്ള കേരളത്തില്‍ നദികള്‍ തോടുകളായി മാറി. ഭൂമാഫിയ വനം കയ്യേറുകയും വയല്‍ നികത്തുകയും ചെയ്യുമ്പോള്‍ പ്രകൃതിയുടെ നൈതികത നഷ്ടപ്പെട്ട് ജലക്ഷാമം രൂക്ഷമാകുന്നു. കേരളത്തിലെ ജലംകൊണ്ട് വൈദ്യുതി പോലും ഉല്‍പ്പാദിപ്പിക്കുന്ന തമിഴ്നാടിനെ ആശ്രയിക്കേണ്ട ഗതികേട് വന്ന കേരളം ആളിയാര്‍ കരാര്‍ നിര്‍ലജ്ജം ലംഘിക്കുന്ന തമിഴ്നാടിനെതിരെ രംഗത്തെത്തുകയാണ്. വയല്‍ നികത്തലിനെതിരെ പ്രതിഷേധം ശക്തിപ്പെടുമ്പോഴും ആറന്മുളയില് വിമാനത്താവളത്തിന് വേണ്ടി ഏക്കര്‍ കണക്കിന് വയല്‍ നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. കേരളത്തില്‍ ഇപ്പോള്‍ തന്നെ നെടുമ്പാശ്ശേരി, തിരുവനന്തപുരം, കരിപ്പൂര്‍ മുതലായ വിമാനത്താവളങ്ങളുള്ളപ്പോള്‍ ആറന്മുളയില് മറ്റൊരു വിമാനത്താവളത്തിന്റെ ആവശ്യം മാഫിയക്ക് ഒത്താശ ചെയ്യുന്ന കേരള സര്‍ക്കാരിന് മാത്രമാണ്. വികസനം എന്നാല്‍ വിമാനത്താവളം എന്ന ഭാഷ്യം ചമയ്ക്കുന്ന കേരള സര്‍ക്കാര്‍ ആറന്മുള പോലുള്ള ഒരു പൈതൃക നഗരിയെ, വള്ളംകളിയുടെ ഈറ്റില്ലത്തെ ഇല്ലാതാക്കുന്നത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ്?
ആറന്മുള വിമാനത്താവളത്തിന് കെജിഎസ് ഗ്രൂപ്പ് വാങ്ങിയത് 232 ഏക്കര്‍ ഭൂമിയാണ്. ഇപ്പോള്‍ ഈ ഭൂമിയുടെ പ്രമാണങ്ങള്‍ റവന്യൂ വകുപ്പ് അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്. വിവാദ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളോ കൈമാറ്റമോ പാടില്ലെന്ന് പത്തനംതിട്ട സബ് കോടതിയുടെ മീഡിയം നിലവിലുണ്ട്. ഭൂമിയുടെ പോക്കുവരവ് റദ്ദാക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍ വിമാനത്താവളം നിര്‍മിക്കുമെന്ന കെജിഎസ് ഗ്രൂപ്പിന്റെ പ്രഖ്യാപനം വെറും തട്ടിപ്പായി വിലയിരുത്തപ്പെടുന്നു. കെജിഎസിന്റെ ആകെ മൂലധനം 20 കോടി രൂപ മാത്രമാണ്. ഈ 232 എക്കര്‍ കെജിഎസ് ഗ്രൂപ്പ് വാങ്ങിയത് 52 കോടി രൂപയ്ക്കാണ്. പക്ഷെ ആദ്യ ഗഡുവായി 22 കോടി രൂപ മാത്രമാണ് കൈമാറിയിട്ടുള്ളത്. ഇതിനെത്തുടര്‍ന്ന് മുന്‍ ഉടമസ്ഥന് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത് വഞ്ചനാ കുറ്റത്തിനാണ്. ഇതുകൂടാതെ ഭൂമി കൈമാറ്റത്തിനായി ഡ്യൂട്ടി ഇനത്തില്‍ കെജിഎസ് 10 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി പത്തനംതിട്ട കോടതിയില്‍ ക്രിമിനല്‍ കേസുമുണ്ട്. പ്രമാണത്തില്‍ വെറും അഞ്ചുകോടി രൂപ മാത്രമാണ് രേഖപ്പെടുത്തിയത്. സര്‍ക്കാരിനെ കബളിപ്പിച്ച ഈ കമ്പനിയുമായിട്ടാണ് സര്‍ക്കാര്‍ 10 ശതമാനം ഷെയര്‍ എടുക്കാമെന്ന് കരാര്‍ ഉണ്ടാക്കുന്നത്. ഭൂപരിധി നിയമം ലംഘിച്ച കെജിഎസ് ഗ്രൂപ്പ് വാങ്ങിയ 232 ഏക്കര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മിച്ചഭൂമിയായി ഏറ്റെടുത്തു കഴിഞ്ഞു. എന്നിട്ടും പദ്ധതിയില്‍ പങ്കാളിയാകാന്‍ സര്‍ക്കാര്‍ തയ്യാറാകുകയാണ്. ഇത്രയും ചെറിയ സംസ്ഥാനത്തിന് ഇത്രയധികം വിമാനത്താവളം എന്തിന് എന്ന ചോദ്യത്തിനുത്തരം വികസനമെന്നാണ്. പക്ഷെ ആറന്മുളപോലൊരു ചരിത്രനഗരത്തെ എന്തിന് നശിപ്പിക്കുന്നു എന്നത് മറുപടി കിട്ടാത്ത ചോദ്യമാണ്.
സച്ചിന്റെ
പിന്‍വാങ്ങല്‍
ലോക ക്രിക്കറ്റ് ഇതിഹാസമായി മാറിയ ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിട വാങ്ങിയത് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് ലോകചരിത്രത്തില്‍ ഇടം നേടിക്കൊടുത്ത സച്ചിന്റെ ക്രീസിനോടുള്ള ഗുഡ്ബൈ പാക്കിസ്ഥാനെപ്പോലും ദുഃഖിപ്പിച്ചിരിക്കുന്നു. സച്ചിന് വിരമിക്കേണ്ട സമയമായി എന്നും ചില ശബ്ദങ്ങള്‍ അവിടവിടെ ഉയര്‍ന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച പ്രഖ്യാപനം സച്ചിന്റെ ആരാധകരെ ദുഃഖത്തിലാഴ്ത്തി. സച്ചിന് ടെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റെക്കോര്‍ഡുകള്‍ നിരവധിയാണ്. ടെസ്റ്റിലും ഏകദിനങ്ങളിലും ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍, ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച ആദ്യ ക്രിക്കറ്റ് താരം, ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍, ഏകദിനത്തില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് ബഹുമതികള്‍, ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറികളുടെ സെഞ്ച്വറിയും കരസ്ഥമാക്കി സച്ചിന് ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് ലോകത്ത് ഇന്ത്യന്‍ വിജയ പതാക പാറിച്ചു. സച്ചിന് ക്രിക്കറ്റ് ചരിത്രത്തിലെ രാജാവാണ്. 463 ഏകദിനങ്ങള്‍ കളിച്ചതില്‍ മാത്രം 49 അര്‍ദ്ധ സെഞ്ച്വറികള്‍, 18426 റണ്‍സ് എല്ലാം സച്ചിന് സ്വന്തം. ഞായറാഴ്ച പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പാണ് ക്രിക്കറ്റിന്റെ സുല്‍ത്താന്‍ വിരമിക്കുകയാണ് എന്ന തീരുമാനം കത്തുവഴി ബിസിസിഐ അറിയിച്ചത്.
എന്നും വിനയത്തിന്റെ പ്രതീകമായ സച്ചിന് തന്റെ പ്രസ്താവനയില്‍ പറഞ്ഞത് ലോക കപ്പ് നേടിയ ടീമില്‍ അംഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും സ്വപ്നസാക്ഷാത്കാരമാണെന്നായിരുന്നു. 23 വര്‍ഷം പിച്ചില്‍ തീപ്പൊരി പാറിച്ച സച്ചിന് ഇനി ഓര്‍മ്മകളുടെ പിച്ചില്‍ സജീവമായിരിക്കും. എന്നുമാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്റെ സാന്നിദ്ധ്യം ഇനിയും തുടരും എന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസമേകുന്നതാണ്. 16-ാം വയസ്സില്‍ കൗമാരക്കാരനായി പാക്കിസ്ഥാനെതിരെ ക്രീസിലിറങ്ങിയ സച്ചിന് നേരിട്ടത് വസിം അക്രത്തേയും മറ്റുമായിരുന്നു. ഇപ്പോള്‍ 39-ാം വയസ്സില്‍ വിട പറയുന്നതും പാക്കിസ്ഥാനെതിരെ. ഇന്ത്യക്കാരെ യഥാര്‍ത്ഥത്തില്‍ ക്രിക്കറ്റ് പ്രേമികളാക്കിയത് സച്ചിന് ടെണ്ടുല്‍ക്കറാണ്. ക്രിക്കറ്റ് ദൈവം വിട വാങ്ങുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ കുറയുമോ എന്ന് ഭയപ്പെടുന്നവര്‍ ഇല്ലാതില്ല. 1999 ല്‍ ലോകകപ്പില്‍ അച്ഛന്റെ ചിതയ്ക്കരികില്‍ നിന്നെത്തി സെഞ്ച്വറി കരസ്ഥമാക്കിയ സച്ചിനെ ജനം ദൈവമായിക്കണ്ടതില് അതിശയിക്കാനില്ല. വിവാദങ്ങളില്‍ നിന്നകന്ന് കറപുരളാത്ത കൈകളോടെയാണ് സച്ചിന് ബാറ്റ് താഴെ വയ്ക്കുന്നത്. സച്ചിന് വിരമിക്കുന്നതോടെ ഏകദിനത്തില്‍ ഒരു യുഗത്തിന് അന്ത്യം കുറിയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: