കൊട്ടാരക്കര: സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ കപ്പല്‍ ജീവനക്കാരുടെ ജീവന് രക്ഷിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കടല്‍കൊള്ളക്കാരുടെ പിടിയിലകപ്പെട്ടവരുടെ ജീവന് രക്ഷിക്കാന്‍ ബന്ധുക്കള്‍ ദല്‍ഹി മുതല്‍ കേരളം വരെ മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ ഇവിടെ നിന്നുള്ള ജനപ്രതിനിധികള്‍ക്ക് താല്പര്യം ഈ കുടുംബങ്ങളുടെ കണ്ണീര് ഒപ്പുന്നതിലല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞദിവസം ഇവിടെ നിന്നുള്ള കേന്ദ്രമന്ത്രി പ്രധാനമന്ത്രിയെ കണ്ടത് ചടയമംഗലം സ്വദേശി മനീഷ് ഉള്‍പ്പെടെ അഞ്ചുപേരുടെ ജീവന് രക്ഷിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കാനല്ല, മറിച്ച് രാജ്യദ്രോഹകേസില്‍ ജയിലില്‍ അടക്കപ്പെട്ട മദനിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായാണ്. എന്തിനും ഏതിനും അഭിപ്രായം പറയുന്ന പ്രതിപക്ഷ നേതാവും കഴിഞ്ഞദിവസം നാവുയര്‍ത്തിയത് മദനിക്ക് വേണ്ടിയാണ്. കുടുംബത്തിന്റെ പട്ടിണിമാറ്റാന്‍ കപ്പലില്‍ ജോലിക്ക്പോയി എന്ന കുറ്റം മാത്രമേ ഈ ചെറുപ്പക്കാര്‍ ചെയ്തിട്ടുള്ളു. അതിന് ഇത്രയും വലിയ ശിക്ഷ വേണോ എന്നാണ് ഈ കുടുംബങ്ങള്‍ കണ്ണീരോടെ ചോദിക്കുന്നത്.
ദിവസങ്ങളായി തങ്ങളുടെ ഉറ്റവരുടെ ജീവന് രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഈ കുടുംബങ്ങള്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയക്കാരുടെയും പടിവാതില്‍ മുട്ടുകയാണ്. എന്നാല്‍ എങ്ങുനിന്നും ആശ്വാസകരമായ ഒരു മറുപടിയും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ജനപ്രതിനിധികളുടെ മൗനത്തിന് എതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.
ഈ വിഷയത്തില്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഇടപെടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കൊട്ടാരക്കരയിലെ വസതിയിലേക്ക് മാര്‍ച്ച് ചെയ്തു. മാര്‍ച്ച് ഹൈസ്കൂള്‍ ജംഗ്ഷനില്‍ പോലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ആര്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പത്തുമാസമായിട്ടും ഈ വിഷയത്തില്‍ ഇടപെടാത്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ദുരൂഹതയുയര്‍ത്തുന്നതാണെന്ന് രാധാകൃഷ്ണന് പറഞ്ഞു. ഇറ്റാലിയന്‍ കൊലയാളികള്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കാന്‍ നാട്ടില്പോകാന് ഒത്താശചെയ്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരാഘോഷത്തിലും പങ്കുചേരാന്‍ കഴിയാതെ പത്തുമാസമായി തടവില്‍ കഴിയുന്നവരുടെ കണ്ണീര് കാണുന്നില്ല. ഈ കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാരുകള്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരത്തിന് യുവമോര്‍ച്ച രൂപം നല്‍കും. ഈ ആവശ്യം ഉന്നയിച്ച് നാളെ ചടയമംഗലത്ത് എംസി റോഡ് ഉപരോധിക്കുമെന്നും രാധാകൃഷ്ണന് പറഞ്ഞു.
>> ജി. സുരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: