രണ്ട് സംസ്ഥാനങ്ങളുടെ ഫലപ്രഖ്യാപനമാണ് വ്യാഴാഴ്ച നടന്നത്. പക്ഷേ ഒരു തെരഞ്ഞെടുപ്പ് മാത്രമാണ് ജനങ്ങളുടെ ശ്രദ്ധയിലും ചാനലുകളുടെ ചര്‍ച്ചയിലും നിറഞ്ഞുനിന്നത്. മഴ തീര്‍ന്നപ്പോള്‍ മരം പെയ്യുന്നു എന്നു പറയുന്നതുപോലെ ചര്‍ച്ചള്‍ തീര്‍ന്നിട്ടില്ല. ഇനിയുമത് തുടരുകയും ചെയ്യും. ഗുജറാത്തില്‍ വീണ്ടും വന്‍ ജനപിന്തുണയോടെ ജയിച്ചത് ബിജെപിയും നരേന്ദ്രമോദിയുമാണല്ലൊ. ഭൂഗോളം മുങ്ങിയാലും തകര്‍ന്നാലും ക്ഷമിക്കും. എന്നാല്‍ ബിജെപി ജയിക്കുകയും ഭരിക്കുകയും ചെയ്യുന്നത് സഹിക്കാന്‍ പോലും പറ്റാത്തവരുണ്ട്. അക്കൂട്ടരാണ് ചര്‍ച്ച ചെയ്തിട്ടും ചെയ്തിട്ടും അടങ്ങാത്ത പകയുമായി പുലമ്പിക്കൊണ്ടിരിക്കുന്നത്. മലയാള പത്രങ്ങള്‍ വായിക്കുകയും കേരളത്തിലെ ചാനലുകള്‍ കാണുകയും ചെയ്യാത്തവരാണല്ലൊ ഗുജറാത്തിലുള്ളവരെന്നതാണാശ്വാസം. ഗുജറാത്തിലുള്ള പതിമൂന്നുലക്ഷം മലയാളികളാകട്ടെ അനുഭവത്തോളം വലിയ ഗുരുനാഥനില്ല എന്ന സ്ഥിതിയിലും. കേരളത്തിലെ ചര്‍ച്ചകളല്ല അവര്‍ അവിടെ കാണുന്ന കാഴ്ച.
ഗുജറാത്തിലവര്ക്ക് അല്ലലുമില്ല; അലട്ടുമില്ല. എള്ളോളമില്ല പൊളിവചനം. കള്ളവും ചതിയും അവര്‍ക്കവിടെ അനുഭവപ്പെടുന്നില്ല. നേരേവാ നേരെ പോ എന്ന നീതിയും രീതിയും അവര്‍ ആസ്വദിക്കുമ്പോള്‍ ഗുജറാത്തിലെ ഭരണം പഴയ മാവേലിയുടെ ഭരണത്തോടുപമിച്ചാല് തെറ്റുപറയാനാകുമോ? മറിച്ചു പറയുന്ന ഒന്നോരണ്ടോ പേര് കണ്ടേക്കും. അത് എല്ലായിടവും കാണും. സമൂഹത്തിലും പ്രസ്ഥാനത്തിലും സ്ഥാപനങ്ങളിലുമെല്ലാം. ആറാട്ടുമുണ്ടന്മാരാണവര്. അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. പിതൃശൂന്യന്മാര് എന്ന് ഇവരെക്കുറിച്ച് പറഞ്ഞാലും അധികമാകില്ല.
എന്തുതന്നെ പറഞ്ഞാലും ഗുജറാത്തിലെ ജനങ്ങള്‍ അത് മുഖവിലക്കെടുത്തില്ലെന്ന് കണ്ടുകഴിഞ്ഞു. എന്തെല്ലാം പ്രതികൂല ഘടകങ്ങളായിരുന്നു ഗുജറാത്തില്‍ ഉരുണ്ടുകൂടിയത്? തെരഞ്ഞെടുപ്പിന് മുമ്പ് അതൊക്കെവച്ച് ആഘോഷിക്കുകയായിരുന്നില്ലെ? സഞ്ജയ് ജോഷി ബിജെപി വിട്ടു. വിശ്വഹിന്ദുപരിഷത് സെക്രട്ടറി ജനറല്‍ പ്രവീണ്‍ തൊഗാഡിയ എന്തോ പറഞ്ഞു നരേന്ദ്രമോദിക്കെതിരെ. അതുമാത്രമല്ല, അതിലും വലിയ സംഭവമിതാ കേശുഭായി പട്ടേല്‍ ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഇത്തവണ നരേന്ദ്രമോദി വെള്ളംകുടിക്കും. ബിജെപി നിലംപരിശാകും. അതുകേട്ട് ചിലരുടെ വായില്‍ കപ്പലോട്ടാന്‍ തക്കവണ്ണം വെള്ളമൂറി.
ഫലപ്രഖ്യാപനം വന്നപ്പോള്‍ എല്ലാം മനക്കോട്ടകളാണെന്ന് വ്യക്തമായി. ഫലപ്രഖ്യാപനദിവസത്തെ പ്രവചനങ്ങളായിരുന്നു വിചിത്രം. പ്രഖ്യാപനം പൂര്‍ത്തിയായപ്പോഴാകട്ടെ ജനപിന്തുണയ്ക്ക് ലവലേശം കോട്ടം തട്ടിയില്ല. അമ്പതുശതമാനത്തിനടുത്ത് (49.12) വോട്ട് ബിജെപിക്ക് സ്വന്തം കിട്ടി. മറ്റുള്ളവര്‍ എന്ന ഗണത്തില്‍ 8.55 ശതമാനം വോട്ടുണ്ട്. അതില്‍ അഞ്ചാറുശതമാനം കേശുഭായി പട്ടേലിന്റേതാണെങ്കില് അദ്ദേഹം പാര്‍ട്ടി വിട്ടില്ലായിരുന്നെങ്കില്‍ അമ്പതുശതമാനത്തിലധികം വോട്ടുനേടി വിജയിക്കുന്ന അപൂര്‍വ്വ സംസ്ഥാനമായി ഗുജറാത്ത് മാറിയേനെ. കോണ്‍ഗ്രസ്സിന് രണ്ടുസീറ്റ് കൂടുതല്‍ നേടാന്‍ കഴിഞ്ഞെങ്കിലും 38 ശതമാനം വോട്ടേ കിട്ടിയുള്ളു. ബിഎസ്പി 2.62 ശതമാനം. എന്‍സിപി 1.05 ശതമാനം. ജെഡിയു 0.66 ശതമാനം എന്നിങ്ങനെയാണ് ഗുജറാത്തിലെ വോട്ടുനില.
ഇത്തവണ മൊത്തം പോള്‍ചെയ്ത വോട്ട് 71 ശതമാനമായിരുന്നു. ഗുജറാത്തിന്റെ ചരിത്രത്തില്‍ ഇത്രയും ഉയര്‍ന്ന വോട്ടിംഗ് മുമ്പുണ്ടായിട്ടില്ല. 2002 ല്‍ 61.54 ശതമാനം പേര് വോട്ടുചെയ്തതായിരുന്നു ഉയര്‍ന്നുനിന്നത്. കഴിഞ്ഞതവണ അത് 59.77 ശതമാനമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലാകട്ടെ ഒരിക്കലും അന്‍പത് ശതമാനം പേര് പോലും വോട്ട് ചെയ്യാനെത്താറില്ല. 1996 ല്‍ 35 ശതമാനം 99 ല്‍ 47.03 ശതമാനം. 2004 ല്‍ 45.60 ശതമാനം. 2009 ല്‍ 47.92 ശതമാനം. നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടന്ന 1998 ല്‍ 59.30 ശതമാനം പേരാണ് വോട്ടുചെയ്തത്. പോളിംഗ് കുറഞ്ഞാല്‍ ബിജെപിക്ക് നേട്ടം എന്ന വിലയിരുത്തലും ഇത്തവണ പൊളിഞ്ഞിരിക്കുകയാണ്.
ഫലം പുറത്തുവന്നുകൊണ്ടിരുന്നപ്പോള്‍ കേട്ട വര്‍ത്തമാനങ്ങള്‍ വിചിത്രവും വിലകുറഞ്ഞതുമായിപ്പോയി എന്ന് കാണാനാകും. ജാതിരാഷ്ട്രീയവും വര്‍ഗീയ ധ്രുവീകരണവുമാണ് ബിജെപിക്ക് തുണയാകുന്നതെന്നാണ് ഒരുവാദം. ബിജെപി ജാതിരാഷ്ട്രീയത്തിന്റെ വക്താക്കളാണെങ്കില്‍ രണ്ടുശതമാനം മാത്രം ജനസംഖ്യയുള്ള ഒരു പിന്നോക്ക സമുദായക്കാരനായ നരേന്ദ്രമോദിക്ക് ഇത്രയും ഭൂരിപക്ഷം ലഭിക്കുമോ? 16 ശതമാനം പട്ടേല്‍ സമുദായം. പട്ടേല്‍ സമുദായം അപ്പാടെ ബിജെപിയെ കൈവിടുമെന്ന് ആശിച്ചവര്‍ എവിടെപ്പോയി? അവിടെ ബിജെപി കെട്ടിപ്പടുത്തത് ജാതിയുടെ പേരിലും സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിലുമല്ല. വ്യക്ത്യാധിഷ്ഠിതവുമല്ല. ആയിരുന്നെങ്കില്‍ ഗുജറാത്തില്‍ ബിജെപിയുടെ പിതൃതുല്യനായ കേശുഭായി പട്ടേലിനെ ഇങ്ങനെ കൈവിടുമായിരുന്നോ?
മോദി വികസനത്തിന്റെ നായകന് എന്ന് പറയുന്നത് കെട്ടിപ്പോക്കിയ പ്രതിഛായയാണത്രെ. ഗുജറാത്തില്‍ പണ്ടേക്കുപണ്ടേ വ്യവസായമുണ്ട്. കൃഷിയുണ്ട്. പാലങ്ങളുണ്ട്. പഞ്ചാബിലും ഹരിയാനയിലും കൃഷിയെന്നപോലെ മഹാരാഷ്ട്രയിലും ഗുജറാത്തിലും വ്യവസായം തന്റെ കാലത്ത് മാത്രമല്ല തന്റുപ്പുപ്പാന്റെ കാലം മുതലേ ഉണ്ടെന്നും ഒരു വിരുതന് തട്ടിമൂളിക്കുകയുണ്ടായി. അതങ്ങ് സമ്മതിച്ചേക്കാം. എന്നാല്‍ വര്‍ഗീയ ലഹളയോ അത് മോദി വന്നതിനുശേഷമാണോ? അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലം മുതല്‍ വര്‍ഗ്ഗീയ സംഘര്‍ഷം നടക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. അറുപത് ദിവസത്തോളം കോണ്‍ഗ്രസ്സ് ഭരണകാലത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ ഗുജറാത്തില്‍ പത്തുവര്‍ഷമായി ഒരു വര്‍ഗീയ സംഘര്‍ഷവും ഇല്ലാത്തത് ആര്‍ക്കും ഓര്‍ക്കാന്‍ മനസ്സില്ല. എന്തൊരു ബുദ്ധിയാണിത്? കേരളത്തില്‍ പതിനെട്ടുമാസത്തിനിടയില്‍ രണ്ടായിരത്തിലധികം സ്ത്രീപീഡനങ്ങളുണ്ടായതായാണ് ഔദ്യോഗിക കണക്ക്. ദല്‍ഹി സോണിയയുടെയും ഷീലാദീക്ഷിതിന്റെയും ഭരണത്തിലല്ലെ? അവിടെ നടന്ന നിഷ്ഠുരത ഓര്‍ക്കാന്‍ പോലും കഴിയാത്തതല്ലെ? യുപിയില്‍ ഒരു വര്‍ഷത്തിനകം ആറ് കലാപങ്ങളാണ് നടന്നത്. അതുപോലെ ഏതെങ്കിലും ഒരു സംഭവം മോദിയുടെ ഭരണത്തില്‍ നടന്നെങ്കില്‍ എന്താകും പുകില്. എത്ര ബലമുള്ളതായാലും പെരും നുണകളാല്‍ പടുത്തുയര്‍ത്തുന്ന കോട്ടകൊത്തളങ്ങള്‍ പൊളിച്ചടുക്കുന്ന കാലം വരും. അതുകൊണ്ടുതന്നെയാണ് 2002 ഇത്തവണ തെരഞ്ഞെടുപ്പ് വിഷയമാകാതിരുന്നത്. എന്നിട്ടും ബിജെപി നേടിയ വിജയത്തിന് പത്തരമാറ്റു തന്നെയാണ്.
1977 ല്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം ബംഗാളും ത്രിപുരയും കഴിഞ്ഞാല്‍ ഒരു കക്ഷി തുടര്‍ച്ചയായി ഇത്രകാലം അധികാരത്തിലേക്ക് എത്തുന്ന ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറി. രണ്ടു പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റുന്ന മറ്റൊരു സംസ്ഥാനം കൂടിയായി ഇതോടെ ഗുജറാത്ത്. 1990 നു ശേഷം ഒരിക്കല്‍ പോലും കോണ്‍ഗ്രസിനു അധികാരം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. തമിഴ്നാട്, ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് ഒഴിവാക്കിയ വന്‍ സംസ്ഥാനങ്ങളുടെ പട്ടികയിലേക്കാണ് ഗുജറാത്തും എത്തുന്നത്.
കോണ്‍ഗ്രസ് ഇതര മുന്നേറ്റത്തിന്റെ തട്ടകമാണ് പണ്ടും ഗുജറാത്ത് 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു തൊട്ടു മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ സംഘടനാ കോണ്‍ഗ്രസും ജനസംഘവും ചേര്‍ന്ന ജനതാപരീക്ഷണം അങ്ങനെയാണ് വിജയം നേടിയത്. പിന്നീട് 1980 ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയതോടെ ഗുജറാത്ത് കോണ്‍ഗ്രസിനു കിട്ടി. 1985 ലും വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. പ്രതിപക്ഷം ഇല്ലെന്നു പറയാവുന്ന വിധം മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ 149 സീറ്റുകളില്‍ വിജയിച്ചു. എന്നാല്‍ ആ ആവേശം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. 1990 ല്‍ ചിത്രംമാറി. വി.പി. സിങ്ങിന്റെ വരവോടെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ജനതാദളിലെത്തി. ആ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിന് 70 സീറ്റ് നേടാനായി. എന്നാല്‍ ഗുജറാത്തില്‍ ബിജെപിയുടെ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു ആ തെരഞ്ഞെടുപ്പ്. ഒറ്റയ്ക്കു മല്‍സരിച്ച പാര്‍ട്ടി 63 സീറ്റ് നേടി. കേന്ദ്രത്തില്‍ ബിജെപി പിന്തുണയില്‍ ഭരിച്ച ജനതാദളിനു ഗുജറാത്തിലും ബിജെപി പിന്തുണ നേടാന്‍ വലിയ പ്രയാസമുണ്ടായില്ല. ബിജെപി പിന്തുണയോടെ ചിമന്‍ഭായ് പട്ടേല്‍ അധികാരത്തിലെത്തി. ബിജെപിയുടെ അധികാരത്തിലേക്കുള്ള ആദ്യ ചുവടുവയ്പായിരുന്നു ആ തെരഞ്ഞെടുപ്പ്.
എന്നാല്‍ വി.പി.സിങ്ങിന്റെ പതനം ശരിക്കും മുതലാക്കിയത് ചിമന്‍ഭായ് പട്ടേലാണ്. അദ്ദേഹം ജനതാദളിലെ ഒരു വിഭാഗത്തെ അടര്‍ത്തി കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേക്കേറി. അങ്ങനെ വീണ്ടും ഗുജറാത്ത് കോണ്‍ഗ്രസ് ഭരണത്തിലായി. അതോടെ പ്രധാന പ്രതിപക്ഷമായി മാറിയ ബിജെപി കേശുഭായിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ഉഷാറാക്കി. തൊട്ടടുത്ത 1995 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഗുജറാത്തില്‍ മിന്നുന്ന പ്രകടനം കാട്ടി. കേശുഭായ് എന്ന സംഘാടകന്റെ മികവാണ് ബിജെപി കണ്ടത്. ബിജെപിയുടെ ജൈത്രയാത്രയുടെ തുടക്കമായിരുന്നു അത്. ഇന്ന് കേശുഭായ് ബിജെപിക്കൊപ്പമില്ല. എന്നിട്ടും വ്യക്തിക്കൊപ്പമല്ല പാര്‍ട്ടിക്കൊപ്പമാണ് ഗുജറാത്തിലെ ജനതയെന്ന് വ്യക്തമായി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രതിഫലനം നിയമസഭയിലേക്കും കണ്ടു. ലോക്സഭയിലേക്ക് 26 ല്‍ 11 സീറ്റു കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപി 15 ലേക്കു ചുരുങ്ങി. വീണ്ടും ഗുജറാത്ത് കോണ്‍ഗ്രസിനു ബാലികേറാമലയായി നില്ക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള രഥമുരുളുന്നു എന്നാണ് ഗൂഢോദ്ദേശ്യത്തോടെ ചിലര്‍ പ്രചരിപ്പിക്കുന്നത്. ശരിയാണ്.
സത്യപ്രതിജ്ഞ ചെയ്താല്‍ പ്രധാനമന്ത്രിക്ക് പൂച്ചെണ്ട് നല്കാന് മുഖ്യമന്ത്രി ദല്‍ഹിക്ക് പറക്കുന്നതാണ് മാമൂല്. ആ നിലയ്ക്ക് മോദിയുടെ ദല്‍ഹിയാത്ര ഉറപ്പാണ്.
>> കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: