മറ്റുള്ളതിനോട് നിഷേധാത്മകമായ സമീപനം, ഒപ്പം വരുന്ന സിദ്ധാന്തങ്ങളോട് തവളയെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ സ്വഭാവം, എക്കാലത്തും അപ്രമാദിത്വം എന്നിവ കാത്തു സൂക്ഷിക്കുന്നതാണ് മാര്‍ക്സിസത്തിന്റെ ഗൂഢമുഖം. അതുതന്നെയാണ് വിജയത്തിലേക്കുള്ള കുറുക്കുവഴിയെന്ന് അവര്‍ വിശ്വസിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം ഒന്നു കൊണ്ടല്ല ഇതു പറയുന്നത്. ഇതൊരു തുടക്കമേയല്ല. ഒടുക്കവുമല്ല. വല്യേട്ടന് പറഞ്ഞാല്‍ മുന്നണിയിലെ കൊച്ചേട്ടന്, വിഎസിന്റെ ഭാഷയില്‍ ‘പിന്നില്‍ താടിവളര്‍ത്തിയ’ കണ്ണൂരുകാരന്റെ രാഷ്ട്രീയസേന എന്തും അനുസരിക്കും എന്ന് ജനം മനസ്സിലാക്കി. കുറച്ചു മാസമായി സിപിഐക്കാര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ മടികാട്ടുന്നു. മുന്നണി മര്യാദ ലംഘിക്കുന്ന മഹാപാതകമാണ് സിപിഐക്കാര്‍ ചെയ്യുന്നതെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നതിന്റെ സൂത്രധാരന്മാര് സിപിഎമ്മുകാര്‍ തന്നെയാണെന്ന വാസ്തവം ഉമിനീരിറക്കുന്ന സത്യംപോലെ സിപിഐക്കാര്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു; നിസംഗരായി. പക്ഷേ സിപിഎം പറയുന്ന അതേ മുന്നണി മര്യാദ അവരും കാണിക്കണമെന്ന് സിപിഐയുടെ പ്രാദേശിക നേതാക്കള്‍ മുതല്‍ തലനരച്ച വെളിയത്തുകാര് വരെ വാദിക്കുന്നുണ്ടെങ്കിലും പിണറായിക്കു മുമ്പിലെ പൂച്ചകളാണ് പന്ന്യന്മാരത്രെ. എങ്കിലും കോര്പ്പറേഷന് മേയര്‍ സ്ഥാനം പങ്കിടണമെന്ന നിര്‍ദേശം ഇത്രകൊല്ലമായിട്ടും സിപിഐ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമോ? പന്തിയില്‍ ഇലയിട്ട ശേഷം ചോറില്ല, പോയ്ക്കോളു എന്ന സമീപനം കൊല്ലത്തെ സിപിഐയും ആര്‍എസ്പിയും കുറേകാലമായി സഹിക്കുകയാണ്.
കെട്ടിവച്ച കാശുപോലും കിട്ടില്ലെന്ന് ആക്ഷേപിച്ചാണ് ആര്എസ്പിയില് നിന്നും കൊല്ലം പാര്‍ലമെന്റ് സീറ്റും അസംബ്ലി സീറ്റും സിപിഎം മഹാത്മാക്കള്‍ രായ്ക്കുരാമാനം തട്ടിയെടുത്തത്. ആര്‍എസ്പി പഠിച്ച പണി പതിനെട്ടും പയറ്റി, ഒരു രക്ഷയുമില്ല. മുന്നണിവിട്ട് പോയാല്‍ നടുറോഡില്‍ നില്‍ക്കേണ്ടി വരുമെന്ന മുന്‍ഗാമികളുടെ ഉപദേശം അവര്‍ക്ക് ഇഞ്ചിയും വേപ്പിലയും ഒന്നിച്ചു കടിച്ചിറക്കാനുള്ള അസാമാന്യ ശക്തി നല്കി. പാര്‍ലമെന്റ് സീറ്റ് തിരിച്ചുകിട്ടിയില്ലെങ്കില്‍ എല്‍ഡിഎഫ് മന്ത്രിസഭയിലെ ജലമന്ത്രി പ്രേമചന്ദ്രനെ രാജിവയ്പിക്കുമെന്നായിരുന്നു ഭീഷണി. 2009ല്‍ ചര്‍ച്ചകള്‍ക്കു ശേഷം സീറ്റും സിപിഎമ്മിന് എഴുതിക്കൊടുത്ത് എകെജി സെന്ററിനു പുറത്തിറങ്ങി വന്ന വിപി അകത്തുപോയ ആളെ ആയിരുന്നില്ല. മന്ത്രിയെ പിന്‍വലിക്കാനല്ല, മന്ത്രിയെ പിന്‍വലിക്കാനുള്ള തീരുമാനം പിന്‍വലിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിശയകരമായ മലക്കം മറിച്ചിലെന്നോ രാഷ്ട്രീയപാപ്പരത്തമെന്നോ എന്തുവേണമെങ്കിലും വ്യാഖ്യാനിക്കാം. പക്ഷേ യാഥാര്‍ത്ഥ്യം വല്യേട്ടനോടുള്ള ‘അടിയന്’ സ്വഭാവം തന്നെ. സിപിഎം ബാന്ധവത്തിന് കഴിഞ്ഞതവണ ഒരു അസംബ്ലി സീറ്റ് ജില്ലയില്‍ ബലികൊടുക്കേണ്ടി വന്നു സിപിഐക്ക്. അതിന്റെ വേദനയും ദുഃഖവും പറഞ്ഞറിയിക്കാന്‍ കോണ്‍ഗ്രസിന്റെ ഉടുമുണ്ടുരിയല്‍, ഗ്രൂപ്പ്യുദ്ധം, കസേര എറിയല്‍ ഇത്യാദി കലാക്രിയകളുടെ അനുകരണത്തിനൊന്നും കെച്ചേട്ടന്മാര്ക്ക് ധൈര്യമില്ല. പക്ഷേ ചെയ്യാന്‍ കഴിയുന്നത് ചെയ്തു. പിടിച്ചെടുത്ത പത്തനാപുരം സീറ്റില്‍ മത്സരിച്ച സിപിഎം ജില്ലാ സെക്രട്ടറിയെ ‘നിലം പരിശാക്കി’യായിരുന്നു അതെന്നു മാത്രം.
എയെസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: