ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതിയിലേര്‍പ്പെട്ടിരുന്ന നാല് സ്ത്രീകളെ വെടിവെച്ചുകൊന്നു. ഇന്നലെ കറാച്ചിയിലാണ് സംഭവം. പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്ത നാല് സ്ത്രീകളെയാണ് വെടിവെച്ച് കൊന്നതെന്ന് സിന്ധ് പ്രവിശ്യ മന്ത്രി അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യുണിസെഫിന്റെ ആഭിമുഖ്യത്തില്‍ കറാച്ചിയില്‍ നടത്തുന്ന ത്രിദിന പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകളാണ് വെടിയേറ്റ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന രണ്ട് പുരുഷന്മാര്ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
കറാച്ചിയിലെ മൂന്ന് പ്രദേശങ്ങളില്വെച്ചാണ് ആക്രമണമുണ്ടായതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതി പാശ്ചാത്യ ശക്തികളുടെ ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാട്ടി പാക് താലിബാന് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ജനസാധ്രത കൂടിയ പാഷ്ഠുണ് മേഖലയിലാണ് ആക്രമണം നടന്നത്. ഇവിടെ താലിബാന് ഭീകരരുടെ സാന്നിധ്യം ശക്തമാണ്. തിങ്കളാഴ്ച്ച കറാച്ചിയില്‍ നടന്ന പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടിക്കിടെ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തകയെ അക്രമികള്‍ വെടിവെച്ചു കോന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: