മാര്‍ക്സില്‍നിന്ന് മദനിയിലേയ്ക്ക് സിപിഎം വളരെ മുമ്പെ എത്തിച്ചേര്‍ന്നതാണ്. മഹാത്മാഗാന്ധിയോട് താരതമ്യം ചെയ്ത് അബ്ദുള്‍ നാസര്‍ മദനി സ്വീകാര്യനാണെന്ന് 1993 ല്‍ ലേഖനമെഴുതിയതിന് ഇഎംഎസ് നമ്പൂതിരിപ്പാട് പാര്‍ട്ടിയുടെ ‘പരസ്യശാസന’ ഏറ്റുവാങ്ങുകയുണ്ടായി. മദനിയോടുള്ള ഇഎംഎസിന്റെ നിലപാട് ശരിയല്ലെന്ന് വ്യക്തമാക്കി അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് പാര്‍ട്ടിയുടെ ഔദ്യോഗിക ജിഹ്വ ‘പീപ്പിള്‍സ് ഡമോക്രസി’യില്‍ ലേഖനമെഴുതുകയും ചെയ്തു. ബാംഗ്ലൂര്‍ ബോംബ് സ്ഫോടനക്കേസില്‍ കര്‍ണാടകയില്‍ വിചാരണ തടവുകാരനായി കഴിയുന്ന മദനിയെ ജയില്‍ മോചിതനാക്കണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തുവന്നതോടെ ഇക്കാര്യത്തില്‍ ഇഎംഎസോ സുര്‍ജിത്തോ ആരാണ് ശരി എന്ന പ്രശ്നം ഉടലെടുത്തിരിക്കുകയാണ്.
കെ.ആര്.നാരായണന് ഉപരാഷ്ട്രപതിയായതിന്റെ ഒഴിവില്‍ ഒറ്റപ്പാലം പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നപ്പോഴാണ് മദനി പാര്‍ട്ടിയ്ക്ക് സ്വീകാര്യനാണെന്ന നിലപാട് ഇഎംഎസ് എടുത്തത്. ഈ ‘നയവ്യതിയാന’ത്തിന് ഇഎംഎസ് ‘ശിക്ഷിക്കപ്പെട്ടു’വെങ്കിലും പില്ക്കാലത്ത് സിപിഎം സ്വീകരിച്ചത് സുര്‍ജിത് തള്ളിപ്പറഞ്ഞ ഇഎംഎസ് ലൈന്‍ തന്നെയാണ്. ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയെ ലക്ഷ്യമിട്ടതും 58 പേരുടെ മരണത്തിനിടയാക്കിയതുമായ 1998 ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ തെളിവില്ലെന്ന കാരണത്താല്‍ 2008 ല്‍ കോടതി വിട്ടയച്ച മദനിയെ ശംഖുമുഖത്ത് സ്വീകരിക്കാനെത്തിയവരില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുമുണ്ടായിരുന്നു. മദനി ജീവിക്കുന്ന രക്തസാക്ഷിയാണെന്ന സിപിഎം നിലപാടായിരുന്നു അന്ന് എല്‍ഡിഎഫ് സര്‍ക്കാരിനും. ഈ നിലപാട് പരക്കെ വിമര്‍ശിക്കപ്പെട്ടുവെങ്കിലും സിപിഎം പിന്മാറിയില്ല. 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് മദനിയുമായി സിപിഎം സഖ്യമുണ്ടാക്കി. പൊന്നാനി മണ്ഡലത്തില്‍ മദനിയ്ക്കു കൂടി സ്വീകാര്യനായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം നിര്‍ത്തിയത്. ഇതും തെറ്റായിപ്പോയെന്ന വിമര്‍ശനവും സ്വയം വിമര്ശനവുമൊക്കെയുണ്ടായെങ്കിലും ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ മദനിയെ 2010 ല്‍ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് പരമാവധി സംരക്ഷിച്ചു നിര്‍ത്തുകയാണ് സിപിഎം ഭരിച്ച ആഭ്യന്തര വകുപ്പ് ചെയ്തത്. ആരോഗ്യപ്രശ്നത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരില്‍ മദനിയെ മോചിപ്പിക്കണമെന്ന സിപിഎമ്മിന്റെ ഏറ്റവും പുതിയ ആവശ്യവും സുര്‍ജിത്തിനെ ഒരിക്കല്‍ക്കൂടി തള്ളിപ്പറഞ്ഞ് ഇഎംഎസ് ലൈന്‍ ശരിവെയ്ക്കുന്നതാണ്.
മദനിക്കെതിരെ അന്വേഷണം നടക്കുമ്പോഴും കേസെടുക്കുമ്പോഴും അയാളെ ജയിലിലടക്കുമ്പോഴുമൊക്കെ പിഡിപിക്കാര്‍ മുറവിളി കൂട്ടാറുള്ളത് തന്നെയാണ് ഇപ്പോള്‍ സിപിഎം സെക്രട്ടറിയേറ്റും ആവര്‍ത്തിച്ചിരിക്കുന്നത്. പാര്‍ട്ടി സഹയാത്രികനും മദനിയെ രക്ഷിക്കാന്‍ പ്രോസിക്യൂട്ടറും പ്രതിഭാഗവും ജഡ്ജിയുമൊക്കെയായി രംഗത്തുവരാറുള്ള ഡോ. സെബാസ്റ്റ്യന്‍ പോള്‍ കോടതിക്ക് പുറത്ത് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന ‘വിധിന്യായങ്ങള്‍’ ആണ് സിപിഎം സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയായി രൂപംകൊണ്ടിട്ടുള്ളത്.
മറ്റൊരുകേസിലെ പ്രതിയുടെ മൊഴിയനുസരിച്ചാണ് മദനിയെ ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത് എന്ന ആക്ഷേപമാണ് സിപിഎം സെക്രട്ടറിയേറ്റ് മുഖ്യമായി ഉന്നയിക്കുന്നത്. ഈ വാദം പിഡിപി നേതാക്കളും ഡോ. സെബാസ്റ്റ്യന്‍ പോളും മദനി കേസില്‍ പ്രതിയായ കാലം മുതല്‍ ഉന്നയിച്ചു പോരുന്നതാണ്. മദനി ഉള്‍പ്പെട്ടിരിയ്ക്കുന്ന കേസിന്റെ ഗുരുതരാവസ്ഥയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള അടവെന്ന നിലയ്ക്കായിരുന്നു ഇത്. ഈ ആക്ഷേപം ഏറ്റുപിടിച്ചതോടെ പിഡിപിയുടെ പ്രചാരണ വിഭാഗമായി സിപിഎം സെക്രട്ടറിയേറ്റ് അധഃപതിച്ചിരിക്കുകയാണ്.
ബാംഗ്ലൂര്‍ ബോംബ് സ്ഫോടനവുമായി മദനിക്കുള്ള ബന്ധം അഭേദ്യമാണ്. 2008 ജൂലായ് 25 നാണ് ബാംഗ്ലൂര്‍ സ്ഫോടന പരമ്പര നടക്കുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയും ഒമാന്‍ കേന്ദ്രീകരിച്ച് ഭീകരവാദ സംഘടനകള്‍ക്ക് പണം ശേഖരിക്കുന്നയാളുമായ സര്‍ഫ്രാസ് നവാസാണ് ബാംഗ്ലൂര്‍ സ്ഫോടനം നടത്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയ്ക്ക് പണമെത്തിച്ചത്. മദനിയെ നേരിട്ട് കണ്ട് ദീര്‍ഘമായി സംഭാഷണം നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ നവാസ് കേരളാ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കൊല്ലം ജില്ലയിലെ അന്വാറുശ്ശേരിലുള്ള മദനിയുടെ മദ്രസയില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ചയെന്നും ഇതിന് വേദിയൊരുക്കിയത് പാക് ഭീകരസംഘടനയായ ലഷ്ക്കറെ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്ററായി അറിയപ്പെടുന്ന തടിയന്റവിട നസീറാണെന്നും നവാസ് കര്‍ണാടക പോലീസിന് മൊഴി നല്‍കിയിരുന്നു. മസ്ക്കറ്റില്‍നിന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’ ആണ് നവാസിനെ പിടികൂടിയത്. കേസിലെ മുഖ്യ പ്രതിയായ തിടയന്റവിട നസീറിനെ തനിയ്ക്ക് നന്നായറിയാമെന്ന് മദനി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇഞ്ചികൃഷിക്കെന്ന വ്യാജേന കുടകിലെത്തിയ നസീറിനെ സന്ദര്‍ശിച്ചാണ് ബാംഗ്ലര്‍ സ്ഫോടനം ആസൂത്രണം ചെയ്തതെന്നും സ്ഫോടനത്തിനുശേഷം മദനി നസീറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും കര്‍ണാടക പോലീസിന്റെ കുറ്റപത്രത്തിലുണ്ട്. മദനിയെയും നസീറിനെയും കുടകില്‍ കണ്ടതായി സാക്ഷിമൊഴികളുണ്ട്. മദനിക്കുവേണ്ടി ഈ സാക്ഷികളെ സ്വാധീനിക്കാനാണ് മാധ്യമപ്രവര്‍ത്തക എന്ന വ്യാജേന കെ.കെ.ഷാഹിന ഔട്ട്ലുക്ക് വാരികയുടെ ലേഖികയായി കുടകിലെത്തിയത്. മദനിയും പിഡിപിയുമൊക്കെ നിരാകരിക്കുന്നുണ്ടെങ്കിലും സുപ്രീംകോടതിവരെ ഈ ആരോപണങ്ങള്‍ വിശ്വാസത്തിലെടുത്തിട്ടുള്ളതുമാണ്.
ആദ്യകാലത്തെ തീവ്രവാദ നിലപാടുകള്‍ മദനി തള്ളിപ്പറഞ്ഞിട്ടുണ്ടെന്നാണ് സിപിഎം അവകാശപ്പെടുന്നത്. 2009ല്‍ പൊന്നാനിയില്‍വെച്ച് മദനിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വേദി പങ്കിട്ടത് വിവാദമായപ്പോഴും ഇങ്ങനെയൊരു ന്യായീകരണം പറയുകയുണ്ടായി. എന്നാല്‍ മദനി കയ്യൊഴിഞ്ഞ തീവ്രവാദ നിലപാടുകള്‍ ഏതൊക്കെയാണെന്ന് അന്നും ഇന്നും സിപിഎം നേതൃത്വം പറയുന്നുമില്ല. 1992 ല്‍ ഐഎസ്എസ് പിരിച്ചുവിട്ട് പിഡിപി രൂപീകരിച്ചപ്പോള്‍ മദനി തീവ്രവാദം വിട്ട് ജനാധിപത്യ വാദിയായെന്ന പ്രചാരണം നടക്കുകയുണ്ടായി. എന്നാല്‍ ഇതിന് ശേഷമാണ് 1998 ല്‍ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ മദനി പ്രതിയാവുന്നത്. ഈ കേസില്‍ വെറുതെവിട്ട മദനി ശംഖുമുഖത്തെ സ്വീകരണ യോഗത്തില്‍ ചില കാര്യങ്ങളില്‍ താന്‍ തെറ്റുതിരുത്തുമെന്ന് കുറ്റബോധത്തിന്റെ സ്വരത്തില്‍ പറയുകയുണ്ടായി. 2007 ലായിരുന്നു ഇത്. എന്നാല്‍ 2008 ല്‍ നടന്ന ബാംഗ്ലൂര്‍ ബോംബ് സ്ഫോടനത്തില്‍ മദനി പങ്കാളിത്തം വഹിച്ചുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്. അപ്പോള്‍ തീവ്രവാദിയല്ലാത്ത മദനി എന്നത് പിഡിപിയുമായി കൂട്ടുചേരാനാഗ്രഹിക്കുന്ന സിപിഎമ്മിന്റെ കണ്ടുപിടിത്തം മാത്രമാണെന്ന് വ്യക്തം.
മദനിയുടെ തീവ്രവാദ പശ്ചാത്തലം വ്യക്തമാണ്. സിപിഎമ്മിനോ മറ്റേതെങ്കിലും പാര്‍ട്ടിക്കോ മറച്ചു പിടിക്കാനാവുന്നതല്ല അത്. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ വെറുതെ വിട്ടതുകൊണ്ട് ആവിയായിപ്പോകുന്നതല്ല മദനിയുടെ തീവ്രവാദ ബന്ധം. മദനി തമിഴ്നാട്ടില്‍ വിചാരണ തടവുകാരനായി കിടക്കുമ്പോഴാണ് കേരളത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ബസ് അനുയായികള്‍ തട്ടിയെടുത്ത് കത്തിച്ചത്. മദനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ തമിഴ്നാട് എതിര്‍ക്കുന്നതിലുള്ള പ്രതിഷേധമായിരുന്നു ഇത്. മദനിയുടെ ഭാര്യ സൂഫിയയുടെ എറണാകുളത്തെ വീട്ടില്‍വെച്ചാണ് ബസ് കത്തിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന് കേസിലെ മുഖ്യസാക്ഷി യൂസുഫ് മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ പ്രതിയായ മജീദ് പറമ്പായിയും സംഭവത്തില്‍ സൂഫിയക്ക് പങ്കുള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. മദനിക്ക് തമിഴ്നാട് ജയിലില്‍ മര്‍ദ്ദനമേറ്റതിന് പ്രതികാരം ചെയ്യണമെന്ന് സൂഫിയ തന്നോട് ആവശ്യപ്പെട്ടതായും ബസ് കത്തിച്ചവര്‍ക്ക് സൂഫിയ നല്കിയ പണം താന്‍ കൈമാറിയതായും മജീദ് മൊഴി നല്കുകയുണ്ടായി. ഈ കേസിലെ ഒരു പ്രതിയായ അബ്ദുള്‍ റഹീം ഭീകര പരിശീലനത്തിന് പാക്കിസ്ഥാനിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവെ കാശ്മീരില്‍ വെച്ച് കൊല്ലപ്പെട്ട നാല് മലയാളികളില്‍ ഒരാളാണ്. റഹീമും സൂഫിയയും ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകള്‍ പോലീസ് കണ്ടെടുക്കുകയുണ്ടായി. സൂഫിയയുടെ കൊച്ചിയിലെ പദ്ധതിയില്‍ ഒത്തുചേര്‍ന്ന് ഈദ് ആഘോഷിച്ചതിനുശേഷമാണ് റഹീമിന് പുറമെ ഫയാസ്, ഫയ്സ്, യാസിന് എന്നിവര്‍ ലഷ്ക്കറെ തൊയ്ബ പരിശീലനത്തിനായി പാക്കിസ്ഥാനിലേയ്ക്ക് പുറപ്പെട്ടത്.
മദനിയെ രോഗിയാക്കിയത് കര്‍ണാടകയിലെ ബിജെപി സര്‍ക്കാരോ ബാംഗ്ലൂര്‍ പോലീസോ അല്ല. മദനിക്ക് ചികിത്സ നല്‍കേണ്ടെന്ന് ആരും പറയുന്നുമില്ല. ആരോഗ്യനിലയിലുള്ള ആശങ്ക മദനിയുടെ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍വരെ അറിയിച്ചതാണ്. കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള ചികിത്സാ സൗകര്യം മദനിക്ക് നല്‍കുന്നുമുണ്ട്. പ്രമേഹരോഗ ബാധിതനായ മദനിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിക്കുന്ന സിപിഎം സെക്രട്ടറിയേറ്റുപോലും അദ്ദേഹത്തെ ചികിത്സിച്ചതിന്റെ വിവരങ്ങള്‍ നല്‍കുന്നുമുണ്ട് എന്നതാണ് വിരോധാഭാസം. മദനിക്ക് മതിയായ ചികിത്സ നല്‍കണമെന്ന് പിഡിപിക്കാര്‍ ആവശ്യപ്പെടുന്നതിന്റെ ലക്ഷ്യം മറ്റൊന്നാണ്. മദനിയെ എങ്ങനെയെങ്കിലും കേരളത്തിലെത്തിക്കുക എന്നതാണത്. മദനിയുടെ പാര്‍ട്ടിയായ പിഡിപിയുടെ തുഛമായ വോട്ടുബാങ്കില്‍ കണ്ണുവെച്ച് ഇതേ ആവശ്യം വിവേചനരഹിതമായി ഉന്നയിക്കുന്ന സിപിഎം നിയമവാഴ്ചയെ അപകീര്‍ത്തിപ്പെടുത്തുകയാണ്.
തെരഞ്ഞെടുപ്പുകള്‍ വരികയും പോവുകയും ചെയ്യും. പാര്‍ട്ടികളുടെ തോല്‍വിയും ജയവും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമാണ്. ജയിക്കാന്‍വേണ്ടി ഏത് ചെകുത്താനെയും വിശുദ്ധനാക്കുന്ന സിപിഎമ്മിന്റെ ആപല്‍ക്കരമായ നയം ഒരു നന്മയുംകൊണ്ടുവരില്ലെന്നതിന് ചരിത്രത്തില്‍ വേണ്ടുവോളം തെളിവുകളുണ്ട്. മുസ്ലീം വര്‍ഗീയതയോടും മതമൗലിക വാദത്തോടും ഭീകരവാദത്തോടും കാലാകാലങ്ങളില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സിപിഎമ്മും സ്വീകരിച്ചിട്ടുള്ള പ്രീണന സമീപനം അവര്‍ക്ക് മാത്രമല്ല, രാജ്യത്തിനും വിനയായിട്ടുണ്ട്. മുഹമ്മദാലി ജിന്നയില്‍നിന്ന് പഠിക്കാതിരുന്ന പാഠം മദനിയില്നിന്നെങ്കിലും പഠിക്കാനുള്ള വിവേകം സിപിഎം നേതൃത്വത്തിന് ഉണ്ടാവണം. ഒരു കേസില്‍ കോടതി വെറുതെവിട്ട മദനി മറ്റൊരു കേസിലും പ്രതിയാകില്ലെന്ന നിലപാട് വിലപ്പോകില്ലെന്നും സിപിഎം തിരിച്ചറിയണം.
- മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: