കെയ്റോ: കരട് ഭരണഘടനയിന്മേലുള്ള ഹിതപരിശോധനയ്ക്കെതിരെ ഈജിപ്തിലുടനീളം പ്രതിഷേധം ശക്തമായി. പ്രസിഡന്റിന്റെ കൊട്ടാരത്തിന് പുറത്ത് ആയിരക്കണക്കിന് പേര് പ്രതിഷേധ പ്രകടനം നടത്തി. തഹ്രീര്‍ സ്ക്വയറില്‍ പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കുനേരെയുണ്ടായ വെടിവെയ്പ്പില്‍ ഒമ്പതുപേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.
കൊട്ടാരത്തിനു പുറത്തുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ ഏഴ് പേര് കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. അതിനിടെ കെയ്റോയിലെ നാസര്‍ സിറ്റിയില്‍ മുസ്ലീം ബ്രദര്‍ ഹുഡ് വമ്പന്‍ റാലി സംഘടിപ്പിച്ചു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു റാലി. പതിനഞ്ചിന് നടക്കുന്ന ഹിതപരിശോധനയില്‍ എല്ലാവരും അനുകൂലമായി വോട്ട് ചെയ്യണമെന്ന് അനുകൂലികള്‍ അഭ്യര്‍ത്ഥിച്ചു.
ഒരുമാസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് യോഗം വിളിച്ചുചേര്ത്തിയിട്ടുണ്ടെന്ന വാര്‍ത്ത ഈജിപ്ത് സൈന്യം തള്ളി. ഇന്നലെയാണ് യോഗം വിളിച്ചുചേര്‍ത്തിരുന്നത്. പ്രതിരോധമന്ത്രി ആബ്ദെല് ഫത്താ ഇല് സിസിയാണ് യോഗം വിളിച്ചുചേര്‍ത്തിരുന്നത്.
എന്നാല്‍ കരട് ഭരണഘടനയില്‍ ഹിതപരിശോധന നടത്തുന്നതുസംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ രാജ്യത്ത് വലിയ പ്രതിസന്ധികള്‍ക്ക് ഇടയാക്കുമെന്ന് സൈന്യം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: