ലഖ്നൗ: മുഖ്യമന്ത്രി അഖിലേഷ് യാദവ് പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളില്‍ ഇനിമുതല്‍ പെണ്‍കുട്ടികള്‍ കറുത്ത വസ്ത്രങ്ങളും ബുര്‍ഖയും ജീന്‍സും സ്വര്‍ണവും ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ യുപി സര്‍ക്കാരിന്റെ നടപടിയില്‍ വന്‍ പ്രതിഷേധം. വിചിത്രമായ അടിച്ചേല്‍പ്പിക്കല്‍ നിയമത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികളുടെയും മുസ്ലീം സംഘടനകളുടെയും വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലാ മജിസ്ട്രേറ്റ് സരികാമോഹന് ഉത്തരവ് പിന്‍വലിച്ചു.
ശനിയാഴ്ചയാണ് ബിജ്നോര്‍ ജില്ലാ മജിസ്ട്രേറ്റ് വിവാദമായ ഉത്തരവിറക്കിയത്. റാംപൂരില്‍ തിങ്കളാഴ്ച നടക്കുന്ന കന്യാ വിദ്യാ ധന് യോജന, ഹമാരി ബേട്ടി ഉസ്കാ കാല് എന്നീ പരിപാടികളില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയില്‍ നിന്നും ചെക്ക് വാങ്ങുന്ന പെണ്‍കുട്ടികള്‍ കറുത്തവസ്ത്രങ്ങളോ ജീന്‍സും ടോപ്പുമോ ധരിക്കരുതെന്നായിരുന്നു ഉത്തരവ്. പെണ്‍കുട്ടികളാരും കറുത്ത വസ്ത്രമോ തലയില്‍ തട്ടമോ തുന്നിയുണ്ടാക്കിയ കമ്പിളിയുടുപ്പോ ധരിച്ച് അവിടെ പോകരുത്. അവര്‍ക്ക് ജീന്‍സും ടോപ്പും ധരിക്കാനുള്ള അനുവാദവും നല്‍കിയിട്ടില്ല. എല്ലാ രക്ഷാകര്‍ത്താക്കളും തങ്ങളുടെ കുട്ടികളെ ലളിതമായ വസ്ത്രധാരണം നടത്തി വേണം അയയ്ക്കാന്‍. അവര്‍ സ്വര്‍ണാഭരണങ്ങളും ധരിക്കാന്‍ പാടുള്ളതല്ല. ഇങ്ങനെയായിരുന്നു ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്. ഇത് ബിജ്നോറില് വന്‍ പ്രതിഷേധത്തിനിടയാക്കി. ഒരുവേള പെണ്‍കുട്ടികള്‍ പരിപാടി ബഹിഷ്കരിക്കണമെന്നുവരെ മുസ്ലീം നേതാക്കള്‍ ആവശ്യപ്പെട്ടു. ബുര്‍ഖ അടക്കമുള്ള കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് പെണ്‍കുട്ടികളാരും അവിടെ ചെല്ലരുതെന്ന ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് ബിജ്നോര്‍ ജുമാ മസ്ജിദിലെ മൗലാനാ അന്‍വര്‍ ഉള് ഹഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ജീന്‍സ് ധരിക്കാന്‍ പാടില്ലെന്ന ഉത്തരവ് പുരോഗമനപരമല്ലെന്നു ചൂണ്ടി സ്ത്രീസംഘടനകള്‍ ഗവര്‍ണറെ സമീപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നടങ്കം സര്‍ക്കാരിനെ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ മുമ്പ് കറുത്ത കൊടിയെ മാത്രമാണ് ഭയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ കറുത്ത വസ്ത്രങ്ങളെപ്പോലും ഭയപ്പെടുകയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്വി ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. നഖ്വി റാംപൂരിനെ പ്രതിനിധീകരിച്ച് ഒരിക്കല്‍ എംപിയായിരുന്നിട്ടുണ്ട്. റാംപൂര്‍ യുപിയിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെ നേതാവും ക്യാബിനറ്റ് മന്ത്രിയുമായ അസംഖാന്റെ മണ്ഡലം കൂടിയാണ്. പൊതുചടങ്ങുകളില്‍ കറുത്തവസ്ത്രം ധരിക്കുന്നത് ഒഴിവാക്കിയ നടപടി സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മായാവതി സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ചതാണ്. അഖിലേഷ് യാദവ് സര്‍ക്കാരും ആ ഉത്തരവ് പിന്തുടരുകയായിരുന്നു.
ജില്ലാ മജിസ്ട്രേറ്റ് തിങ്കളാഴ്ചതന്നെ ദുര്വ്യാഖ്യാനപ്പെടുകയാണെന്നു കാട്ടി ഉത്തരവ് പിന്‍വലിച്ചു. സര്‍ക്കാര്‍ എന്തെങ്കിലും ഡ്രസ് കോഡ് നിശ്ചയിച്ചിട്ടില്ല. പെണ്‍കുട്ടികള്‍ ലളിതമായ വസ്ത്രധാരണം നടത്തണമെന്നു മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ കറുത്തവസ്ത്രം ഒഴിവാക്കണമെന്നു പറഞ്ഞത് അത് ശുഭസൂചകമല്ലാത്തതിനാലാണ്. സരികാ മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും ഖാദിയുടെ കറുത്തജാക്കറ്റ് ധരിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് ജയിച്ച് ഉന്നതപഠനത്തിനു പോകുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പെണ്‍കുട്ടികള്‍ 30,000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് കന്യാ വിദ്യാ ധന് യോജന പദ്ധതി. മുസ്ലീം വിദ്യാര്‍ഥിനികള്‍ക്ക് വിവാഹമുള്‍പ്പെടെയുള്ള ഭാവി പരിപാടികള്‍ക്ക് 30,000 രൂപ നല്കുന്ന ഹമാരി ബേട്ടി ഉസ്കാ കാല് സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രത്യേകപദ്ധതിയാണ്. ഈ രണ്ടു പദ്ധതികളും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരുടെയും മുസ്ലീങ്ങളുടെയും വോട്ട് ലക്ഷ്യമിട്ടുള്ളതാണ്. കന്യാ വിദ്യാ ധന് യോജന പദ്ധതി എസ് പി സര്‍ക്കാര്‍ കഴിഞ്ഞ ഭരണകാലത്ത് കൊണ്ടുവന്നതാണെങ്കില്‍ ഹമാരി ബേട്ടി ഉസ്കാ കാല് ഈ വര്‍ഷം ആവിഷ്കരിച്ചതാണ്. സത്യത്തില്‍ മുസ്ലീം പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള പദ്ധതി മുഖ്യമന്ത്രി റാംപൂരില്‍ തിങ്കളാഴ്ച ആരംഭിച്ചു. റാംപൂരിലെയും ബിജ്നോര്‍ അടക്കമുള്ള സമീപ പശ്ചിമജില്ലകളിലെയും നൂറുകണക്കിന് മുസ്ലീം പെണ്‍കുട്ടികളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരെയെല്ലാം പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടനത്തിനായി റാംപൂര്‍ ജില്ല മുഖ്യമന്ത്രി തെരഞ്ഞെടുത്തതു തന്നെ പ്രദേശത്ത് മുസ്ലീം ന്യൂനപക്ഷത്തിന് കടുത്ത സ്വാധീനമുള്ളതിനാലാണ്. ഇവിടെ 40 ശതമാനം മുസ്ലീം ജനസംഖ്യയുണ്ട്. സമീപജില്ലകളിലും മുസ്ലീം ജനസംഖ്യകൂടുതലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംജനസംഖ്യ ക്രമാതീതമായി ഈ ഭാഗങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. എസ് പിയെ കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കാന്‍ മുസ്ലീം വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടതായാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: