തിരുവനന്തപുരം: ‘മ’കാരം മാഫിയകളുടെ നീരാളിപിടുത്തത്തില്‍ കേരളം മുറുകുന്നു. വിവിധ ഇനം മാഫിയകളുടെ അക്രമങ്ങള്‍ക്ക് വിധേയരായവര്‍ നിരവധിയാണ്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് കോഴിക്കോട് ജില്ലാകളക്ടര്ക്കുണ്ടായ അനുഭവം. മണല്‍ലോറിയെ പിന്തുടര്ന്ന് കലക്ടറെ അപായപ്പെടുത്താനായിരുന്നു ശ്രമം. മൂന്നാലുവര്‍ഷമായി സമാനമായ നിരവധിസംഭവങ്ങളുണ്ടായി. ഇടതുമുന്നണി ഭരിക്കുമ്പോഴും വലതുമുന്നണി ഭരിക്കുമ്പോഴും അക്രമികള്‍ വിഹരിക്കുന്നു.
കുന്ന് നിരത്തി മണ്ണ് എടുത്ത് വയല്‍ നികത്തുന്നത് നിത്യസംഭവമാണ്. നിയമങ്ങളൊന്നും ഇവര്‍ക്ക് ബാധകമല്ല. സര്‍ക്കാരിന്റെ ഒത്താശയോടെ ഭൂമിയമങ്ങള് ഇവര്‍ കാറ്റില്‍പ്പറത്തുന്നു. മരംമുറി കുറഞ്ഞെന്ന് അവകാശപ്പെടുമ്പോഴും വനം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഈര്ച്ചമില്ലുകളിലേക്ക് മരംലോറികള് നിരനിരയായെത്തുന്നു. എവിടെയും എപ്പോഴും മദ്യം വിളമ്പാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാരിന് ഒരു മനസാക്ഷിക്കുത്തുമില്ല. ഇവരെക്കാളൊക്കെ ഭീകരമായാണ് മണല്‍മാഫിയയുടെ പ്രവര്‍ത്തനം. നിരവധി അക്രമസംഭവങ്ങള്‍ ഇവര്‍ സൃഷ്ടിച്ചു. ഇത് ഏതെങ്കിലും ഒരു ജില്ലയില്‍ മാത്രം ഒതുങ്ങുന്നതല്ല.
2008 മേയില്‍ കോഴിക്കോട് ജില്ലയിലെ ഫറോക്ക് കരുവന്തുരുത്തിയിലും മലപ്പുറം ജില്ലയിലെ തവനൂരിലും അനധികൃത മണല്‍ക്കടത്തു തടയാനെത്തിയ പൊലീസിനെതിരെ മാഫിയയുടെ ആക്രമണമുണ്ടായി. ഫറോക്കില്‍ എഎസ്ഐയെ ലോറിയിടിച്ചു കൊല്ലാന്‍ ശ്രമം നടത്തി.
2009 ജനുവരിയില്‍ പെരിന്തല്‍മണ്ണയില്‍ മണല്‍ പരിശോധനയ്ക്കെത്തിയ റവന്യു സംഘത്തിന്റെ ജീപ്പ്പില്‍ മണല്‍ ലോറി ഇടിച്ച് അപായപ്പെടുത്താനുള്ള മാഫിയയുടെ ശ്രമത്തില്‍ തഹസില്‍ദാര്‍ അടക്കം ആറു ജീവനക്കാര്‍ക്കു പരുക്കേറ്റു.
പട്ടാമ്പി എസ്ഐ ടി.എസ്. ബിനുവിനു നേരെ ഒക്ടോബറില്‍ ഓങ്ങല്ലൂര്‍ കാരക്കാട്ട് മണല്‍ മാഫിയയുടെ വധശ്രമമുണ്ടായി. രാവിലെ എസ്ഐ ഓടിച്ചിരുന്ന ബൈക്കില്‍ മണല്‍ കയറ്റിവന്ന മിനി ലോറി ഇടിപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴയാറില്‍ നിന്നു രാത്രി അനധികൃതമായി മണല്‍ വാരി കടത്തുന്നതു തടഞ്ഞ രാമമംഗലം പഞ്ചായത്തു പ്രസിഡന്റും കോണ്‍ഗ്രസ് പിറവം ബ്ലോക്ക് പ്രസിഡന്റുമായ വില്‍സണ്‍ കെ. ജോണിനെ കഴിഞ്ഞ ജൂലൈയില്‍ മണല്‍ മാഫിയ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു.
മണല്‍ലോറി പിടിച്ച കൊല്ലം അഡീഷനല്‍ തഹസില്‍ദാര്‍ ആര്. വിജയകുമാര്‍, ജീപ്പ്പ് ഡ്രൈവര്‍ ബിജു എന്നിവര്‍ ഏപ്രിലില്‍ മണല്‍ മാഫിയയുടെ ക്രൂരമര്‍ദനത്തിനിരയായി. കൊല്ലം ചാത്തന്നൂര്‍ പാലമുക്ക് തോട്ടത്തില്‍ കടവില്‍ മണല്‍ റെയ്ഡിനു കാറിലെത്തിയ പറവൂര്‍ എസ്ഐ വിപിനു നേരെ 2011 ഡിസംബറില്‍ ആക്രമണം നടന്നു. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ 2011 നവംബറില്‍ മണല്‍ മാഫിയയുടെ അടിയേറ്റ് പൊലീസുകാര്‍ പുഴയില്‍ വീണു. സിഐ പി. അബ്ദുല്‍ മുനീര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കു മര്‍ദനമേറ്റു.
തൃശൂര്‍ കുന്നംകുളത്തു 2009 നവംബറില്‍ മണല്‍കടത്തു പരിശോധനയ്ക്കിറങ്ങിയ പൊലീസ് സംഘത്തെ ബസ് തട്ടിക്കൊണ്ടു പോകുകയായിരുന്ന ഗുണ്ടാസംഘം മര്‍ദിച്ചു. എസ്ഐയുടെ കൈ ഒടിച്ചു.
പത്തനംതിട്ട ജില്ലയില്‍ അനധികൃത മണല്‍കടത്തു പരിശോധിക്കാനെത്തിയ കോന്നി എസ്ഐ അശ്വിത്, സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രബാബു എന്നിവരെ 2011 ഏപ്രിലില്‍ വധിക്കാന്‍ ശ്രമമുണ്ടായി. മണല്‍ കടത്തു തടയാന്‍ ശ്രമിച്ച എറണാകുളം റൂറല്‍ എഎസ്പി ജെ. ജയനാഥിനെ ടിപ്പര്‍ ലോറിയിടിച്ചുകൊല്ലാന് 2011 ഫെബ്രുവരിയില്‍ മണല്‍ മാഫിയ ശ്രമം നടത്തി. 2008 മേയില്‍ മണല്‍മാഫിയ വയനാട് നര്‍കോട്ടിക് ഡിവൈഎസ്പി ജോര്‍ജുകുട്ടിയുടെ ഭാര്യ മയ്യനാട് പുല്ലിച്ചിറ നെടിയഴികം വീട്ടില്‍ സൂസി ജോര്‍ജ്, മക്കള്‍ അലക്സ് ജോര്‍ജ്, ജെറി ജോര്‍ജ് എന്നിവരെ അടിച്ചും വെട്ടിയും പരുക്കേല്‍പ്പിച്ചു.
പത്തനംതിട്ട ജില്ലയിലെ അടൂരില്‍ കാറില്‍ സഞ്ചരിച്ചിരുന്ന പൊലീസുകാരന് ജോണ്‍ ഫിലിപ്പിനെ 2010 ജൂലൈയില്‍ മണല്‍ മാഫിയ സംഘം പിടിച്ചിറക്കി തലയ്ക്കു വെട്ടി പരിക്കേല്‍പ്പിച്ചു.
തിരുവനന്തപുരം വക്കത്തു മണല്ലോബികളുമായി ബന്ധമുള്ള മൂന്നംഗസംഘം ചിറയിന്‍കീഴ് തഹസില്‍ദാര്‍ ചന്ദ്രസേനനെ 2011 ഒക്ടോബറില്‍ വഴിയില്‍ തടഞ്ഞു മര്‍ദിച്ച് അവശനാക്കി. അനധികൃത മണല്‍കടത്തു തടഞ്ഞ ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ കെ.ജെ. അബ്ദുല്‍ ഹക്കീമിനെയും സംഘത്തെയും 2011 ഒക്ടോബര്‍ അഞ്ചിനു കൊലപ്പെടുത്താന്‍ ശ്രമം നടന്നു. ശക്തമായ നിയമവും നടപടിയും ഉണ്ടായില്ലെങ്കില്‍ പ്രശ്നം ഗുരുതരമായി തന്നെ തുടരുമെന്നുറപ്പാണ്.
മണല്‍, മണ്ണ്, മരം, മദ്യം. മാഫിയകളുടെ കളിത്തട്ടായി കേരളം മാറിയിട്ട് കാലം കുറേയേറെയായി. ഏത് ഭരണം വന്നാലും ഇക്കൂട്ടര്‍ക്ക് താങ്ങുംതണലും ലഭിക്കുന്നു. എതിര്‍ക്കുന്നവരെ ഒതുക്കാന്‍ എല്ലാ അടവുകളും അവര്‍ പ്രയോഗിക്കുന്നു. നിരവധി പോലീസ്-റവന്യൂ ഉദ്യോഗസ്ഥര്‍ ഇവരുടെ അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരായിട്ടുണ്ട്. വഴിവിട്ട നീക്കങ്ങളെക്കുറിച്ച് പരാതിപ്പെട്ട നാട്ടുകാര്‍ക്കും രക്ഷയില്ല. എല്ലാമാഫിയകളും ചേര്‍ന്ന് ഫലത്തില്‍ കേരളത്തെ കുട്ടിച്ചോറാക്കുകയാണെന്ന അമര്‍ഷം ജനങ്ങള്‍ക്കുണ്ട്.
- കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: