ന്യൂദല്‍ഹി: ഗുജറാത്ത് വികസനത്തിന്റെ പങ്കുപറ്റാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് ബിജെപിയുടെ രൂക്ഷവിമര്‍ശനം. ഗുജറാത്തിനും ഗുജറാത്തികള്‍ക്കും നേതാക്കളെയാണ് ആവശ്യം, അല്ലാതെ വായനക്കാരെയല്ല. കാലഹരണപ്പെട്ട തിരക്കഥയുമായി ഗുജറാത്തില്‍ അധികാരത്തിലെത്താമെന്ന് സോണിയാഗാന്ധിയും മന്‍മോഹന്‍സിംഗും മോഹിക്കുന്നുണ്ടെങ്കില്‍ അത് സ്വപ്നം മാത്രമായേ അവസാനിക്കൂ എന്നും മുതിര്‍ന്ന ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
ഗുജറാത്തിന്റെ വികസനക്കുതിപ്പ് ഒളിച്ചുവച്ച് ഗുജറാത്തിന്റെ അഭിമാനം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ഗുജറാത്ത് വികസനത്തില്‍ സഹായിക്കുകയോ വികസനത്തിന്റെ മുഖ്യധാരയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുകയോ ചെയ്തിട്ടില്ല. നഖ്വി കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് തങ്ങള്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് വ്യക്തമാക്കി. ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എല്ലാവിഭാഗം പൗരന്മാര്ക്കും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് റഷീദ് അല്‍വി പറഞ്ഞു.
ഗുജറാത്തിലെ വികസനത്തിന്റെ പ്രയോജനം ഏതാനും ചിലര്‍ക്കു മാത്രമാണെന്നും വലിയ വിഭാഗം ജനങ്ങള്‍ക്കും അത് ലഭിച്ചിട്ടില്ലെന്നുമാണ് വന്സദയില് നടന്ന തെരഞ്ഞെടുപ്പു യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. ഇവിടെ തൊഴിലവസരങ്ങളില്ലെന്നും വികസനം ഭാഗികമാണ്, സാധാരണക്കാര്‍ക്ക് പ്രത്യേകിച്ചും ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും അതിന്റെ ഗുണഫലം ലഭിച്ചിട്ടില്ല. യുവജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് തൊഴില്‍ ലഭിക്കുന്നില്ല. ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്താന്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നതാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി. 2005 മുതല്‍ ഇതിലൂടെ ഒരുകോടിയിലധികം ഗുജറാത്തികള്‍ക്ക് പ്രയോജനമുണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പ്രയോജനങ്ങളൊന്നും ജനങ്ങളിലെത്തുന്നില്ലെന്നത് ദുഃഖകരമാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ ഇതിന് മാറ്റമുണ്ടാക്കും. കോണ്‍ഗ്രസ് ഭരണത്തില്‍ ഗുജറാത്ത് തീര്‍ച്ചയായും തിളങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ വിദ്യാഭ്യാസനയം നല്ലതല്ല. ആദിവാസിക്കുട്ടികള്ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്ല വിദ്യാഭ്യാസം നല്‍കുന്നില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഡിസംബര്‍ 13, 17 തീയതികളില്‍ രണ്ടുഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 20ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: