ഗീത രണ്ടാമദ്ധ്യായത്തിലാണ് ജീവന്മുക്തനായ സ്ഥിതപ്രജ്ഞനെക്കുറിച്ച്യയും യോഗബുദ്ധിയേയുംകുറിച്ച് വിശദമായി കേട്ടുകഴിഞ്ഞ അര്ജുനന് സമാധിസ്ഥനായ സ്ഥിതപ്രജ്ഞന്റെ കെട്ടും മട്ടും എന്തൊക്കെയാണെന്ന് ഭഗവാനോട് ചോദിക്കുന്നു, സ്ഥിതപ്രജ്ഞന്റെ സംഭാഷണം ഏത് രീതിയിലുള്ളതാണ്? അദ്ദേഹത്തിന്റെ ഇരിപ്പും നടപ്പും എങ്ങനെയൊക്കെയാണ് എന്ന്. ഇവിടെ പ്രജ്ഞയെന്ന പദംകൊണ്ട് സത്യബോധമെന്നാണര്ത്ഥമാക്കുന്നത്. സത്യബോധം സ്ഥിതമെന്നും അസ്ഥിതമെന്നും രണ്ടുതരത്തിലുണ്ട്. ഒരു ജാരപുരുഷനില് അനുരക്തനായ സ്ത്രീ തന്റെ കൃത്യങ്ങളെല്ലാം അനുഷ്ഠിക്കുന്നുണ്ടെങ്കിലും തനിക്കായി നിശ്ചയിട്ടുള്ള ഗൃഹകാര്യങ്ങളെല്ലാം കൃത്യമായി നിറവേറ്റുന്നുണ്ടെങ്കിലും അവളുടെ ബുദ്ധി എപ്പോഴും ജാരപുരുഷനെത്തന്നെ സ്മരിച്ചുകൊണ്ടിരിക്കുന്നു. അനുഷ്ഠിച്ചുതീരുന്നതോടെ മറ്റ് കൃത്യങ്ങള്‍ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. അതുപോലെ പരവൈരാഗ്യം നേടിയ സാധകന് യോഗാഭ്യാസപാടവംകൊണ്ട് ചിത്തത്തെ പൂര്‍ണമായും വശീകരിച്ച് സത്യബോധം കൈവരിച്ചാല്‍ പിന്നെ ഇടവിടാതെ സത്യാനുഭൂതിയില്ത്തന്നെ മുഴുകുന്നു. ലോകകാര്യങ്ങള്‍ അനുഷ്ഠിച്ചുതീരുന്ന മാത്രയില്‍ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് സ്ഥിതമായ സത്യബോധം. പരവൈരാഗ്യമോ, യോഗാഭ്യാസപാടവമോ നേടിയിട്ടില്ലാത്ത ചിലര്‍ക്കും പുണ്യവിശേഷംകൊണ്ട് ചിലപ്പോള്‍ അല്‍പ്പസമയത്തേക്ക് തത്ത്വജ്ഞാനമുണ്ടായെന്ന് വരാം. എന്നാല്‍ അത് തുടര്‍ന്ന് നില്ക്കാനിടവരുന്നില്ല. മായ പെട്ടെന്ന് അതിനെ മായ്ച്ചുകളയുന്നു. ഇതാണ് അസ്ഥിതമായ സത്യബോധം. സാധനാനുഷ്ഠാനംകൊണ്ട് കാലാന്തരത്തില്‍ ഇത് സ്ഥിതമായിത്തീരുന്നതാണ്.
ജി. ബാലകൃഷ്ണന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: