ചില്ലറ വ്യാപാരത്തില്‍ വിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള പുതിയ നിയമം അമേരിക്കയെ പ്രീതിപ്പെടുത്താന്‍ യുപിഎ ഗവണ്മെന്റ് പാര്‍ലമെന്റില്‍ പാസ്സാക്കിക്കഴിഞ്ഞു.
ബിജെപി ഉള്‍പ്പെടെയുള്ള എന്‍ഡിഎയുടെയും ഇടതുപക്ഷ പാര്‍ട്ടികളുടേയും തൃണമൂല്‍ കോണ്‍ഗ്രസിന്റേയും ശക്തമായ എതിര്‍പ്പിനെ മറികടന്നുകൊണ്ടാണ് യുപിഎയുടെ വിജയം. സാമ്പത്തിക തിരിമറികളെപ്പറ്റിയുള്ള സിബിഐ അന്വേഷണത്തില്‍നിന്നും രക്ഷനേടാന്‍ ഒത്തുതീര്‍പ്പിന് വഴങ്ങിക്കൊണ്ടാണ് എഫ്ഡിഐയെ പുറമേയ്ക്ക് എതിര്‍ക്കുന്ന ബിഎസ്പി, എസ്പി കക്ഷികള്‍ വോക്കൗട്ട് നടത്തി ഗവണ്മെന്റിനെ രക്ഷപ്പെടുത്തിയത്.
എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ മഹാഭൂരിപക്ഷം അംഗങ്ങളും ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപ (എഫ്ഡിഐ)ത്തെയും പുതിയ വിദേശനാണയ മാനേജ്മെന്റ് നിയമത്തെയും എതിര്‍ത്തത്?
22,500 ലക്ഷം കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് ഭാരതത്തിലെ ചില്ലറ, മൊത്ത വ്യാപാര മേഖലയിലുള്ളത്. ഈ മേഖലയുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന 20 കോടി ജനങ്ങളുണ്ട്.
ലോകത്താകമാനം 25,000 ലക്ഷം കോടി രൂപയുടെ വാര്‍ഷികവിറ്റുവരവുള്ള വാള്‍മാര്‍ട്ട് വെറും 21 ലക്ഷം ആളുകള്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. ഭാരതത്തില്‍ ചില്ലറ വില്‍പ്പന മേഖലയിലെ മൊത്തം വിറ്റ് വരവിനേക്കാള്‍ അല്‍പ്പം കൂടുതല്‍ വിറ്റുവരവുള്ള വാള്‍മാര്‍ട്ട് സൃഷ്ടിക്കുന്ന തുച്ഛമായ തൊഴിലവസരങ്ങള്‍ക്കായി 19.79 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്ര ഗവണ്മെന്റ് നടപടിയെ ആര്‍ക്കാണ് അനുകൂലിക്കാനാവുക?
ഭാരതത്തിലെ ചില്ലറ, മൊത്ത വ്യാപാരികളെ കൂടാതെ ചെറുകിട ഇടത്തരം ചരക്കുവിതരണ കമ്പനികള്‍, കുടില്‍ വ്യവസായം ചെയ്യുന്നവര്‍, വിശ്വകര്‍മ്മജര്‍, അനുബന്ധ തൊഴില്‍ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് കേന്ദ്ര ഗവണ്മെന്റ് നയം മൂലം തൊഴില്‍ നഷ്ടപ്പെടും.
2016 ല്‍ ഭാരതത്തിലെ ചില്ലറ വില്‍പ്പന മേഖലയിലെ വിറ്റുവരവ് 45 ലക്ഷം കോടി രൂപയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തദവസരത്തില്‍ അമ്പത് ശതമാനം വിപണി പിടിച്ചടക്കാനാണ് വാള്മാര്ട്ടുള്പ്പെടെയുള്ള വിദേശ കുത്തകകളുടെ ശ്രമം.
യുപിഎ ഗവണ്മെന്റ് ഈയിടെ പാസ്സാക്കിയ വിദേശനാണയ മാനേജ്മെന്റ് (ഫെമ) നിയമമനുസരിച്ച് എഴുപത് ശതമാനം വിദേശകമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ഭാരതത്തില്‍ വിറ്റഴിക്കുന്നതിന് കുത്തകകളെ അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഇങ്ങനെ ലഭിക്കുന്ന വരുമാനം സ്വദേശത്തേയ്ക്ക് നിയന്ത്രണമില്ലാതെ അയയ്ക്കാന്‍ കഴിയും. അപ്പോള്‍ ഈ കച്ചവടം രാജ്യതാല്പ്പര്യത്തിനുതകുന്നതാണോ എന്ന് നിങ്ങളാലോചിച്ചു നോക്കുക.
നമ്മളെ മോഹിപ്പിക്കാനായി മുപ്പത് ശതമാനം ഭാരതീയ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തണമെന്ന വ്യവസ്ഥ ഈ നിയമത്തിലുണ്ട്. എങ്കിലും ഒന്നോര്‍ക്കുക. തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന പെപ്സി, കൊക്കകോള, ബാറ്റ, ഹിന്ദുസ്ഥാന്‍ ലിവര്‍ തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകളുടെ ഉല്‍പ്പന്നങ്ങളായിരിക്കും ഇവിടങ്ങളില്‍ ‘സ്വദേശി’യായിട്ടവതരിക്കുക. പിന്നെ വാള്‍മാര്‍ട്ടിനും മറ്റ് കുത്തകകള്‍ക്കും ദയവു തോന്നി അല്‍പ്പം ഇടം ഭാരതീയ ഉല്‍പ്പന്നങ്ങള്‍ക്ക് അനുവദിച്ചെങ്കില്‍ മഹാഭാഗ്യം!
വൈദേശിക ചില്ലറ കച്ചവട ഭീമന്മാര് ഭാരതീയ മൊത്ത വ്യാപാരികളെ കച്ചവട മേഖലയില്‍ നിന്നും വളരെയെളുപ്പം നിഷ്കാസിതരാക്കും. എങ്ങിനെയാണിത് സംഭവിക്കുക?
ഇതറിയണമെങ്കില്‍ ഈ കുത്തകകളുടെ കച്ചവടതന്ത്രം മനസ്സിലാക്കണം.
അനിയന്ത്രിത മൊത്ത വ്യാപാരത്തിന്റെ മുതല്‍ക്കൂട്ട് വമ്പിച്ച ക്രയ (വാങ്ങല്‍)ശേഷിയാണ്. ഉദാഹരണത്തിന് ചൈനയിലെയോ, അമേരിക്കയിലെയോ ഉല്‍പ്പാദകരില്‍നിന്ന് വമ്പിച്ച ഇളവുകള്‍ നേടി 60 മുതല്‍ 90 ദിവസത്തേയ്ക്ക് ചരക്ക് കടമായി വാങ്ങാന്‍ കുത്തകകള്‍ക്ക് കഴിയുന്നു.
ഇത്രയും കാലാവധിയ്ക്കുള്ളില്‍ ചരക്ക് വിറ്റ്, വിറ്റ് വരവ് തുക മൂലധന, റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ് മേഖലകളില്‍ നിക്ഷേപിച്ച് വിക്രയം നടത്തി കിട്ടുന്ന അമിതലാഭമാണ് ഈ കമ്പനികളുടെ നേട്ടം. തത്ഫലമായി ശേഖരണ വിലയേക്കാളും വിലതാഴ്ത്തി സാധനങ്ങള്‍ വിറ്റഴിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ഭാരതീയ കാര്‍ഷിക മേഖലയേയും ഇങ്ങനെ മൊത്തമായി കയ്യിലെടുക്കാന്‍ ഈ കുത്തകകള്‍ക്ക് കഴിയും. ഫലം ഊഹിക്കാവുന്നതേയുള്ളൂ. പരമ്പരാഗതമായി ചില്ലറ, മൊത്ത കച്ചവടം നടത്തിയിരുന്നവര്‍ വിദേശ കുത്തകകളുമായി മത്സരിക്കാനാവാതെ പുറത്താവുന്നു. ഇവരുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചെറുകിട, ഇടത്തരം സ്വദേശി വ്യവസായങ്ങള്‍ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങുന്നു.
ഉപഭോക്തൃ വിപണി പിടിച്ചടക്കിയാല്‍ അടുത്ത ഇര കര്‍ഷകര്‍ തന്നെയാണ്. അമേരിക്കയിലും യൂറോപ്പിലും കര്‍ഷകര്‍ തങ്ങളുടെ കൃഷിയിടത്തില്‍ എന്ത് കൃഷി ചെയ്യണമെന്ന് തീരുമാനിക്കുന്നത് വാള്‍മാര്‍ട്ട് പോലുള്ള കുത്തകകളാണ്. വിപണിയുടെ 80 ശതമാനത്തിലധികം പിടിച്ചടക്കി കഴിഞ്ഞ ഇവര്‍ക്ക് സ്വന്തം വിളവ് വിറ്റില്ലെങ്കില്‍ കൃഷി നഷ്ടം തന്നെ ഫലം. കുത്തകകളുടെ ഇത്തരത്തിലുള്ള ‘കൃഷി കൈയടക്കല്‍’ നയത്തിനും ന്യായവില നിഷേധത്തിനുമെതിരെ അവിടുത്തെ കര്‍ഷകര്‍ സമരപാതയിലാണ്. സബ്സിഡി ഇനത്തില്‍ വമ്പിച്ച തുകയാണ് ന്യായമായ വില കൂട്ടാന്‍ കര്‍ഷകര്‍ക്ക് അമേരിക്ക നല്കിക്കൊണ്ടിരിക്കുന്നത്.
സ്വന്തം വാഹനവ്യൂഹവും തൊഴിലാളികളുമുള്ള വിദേശകുത്തകകള്‍ നമ്മുടെ കച്ചവട സംസ്ക്കാരത്തെ തന്നെ മാറ്റി മറിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. തുടക്കമെന്ന നിലയില്‍ 100 നഗരങ്ങളില്‍ ഒരുലക്ഷം ചതുരശ്ര മീറ്ററില്‍ ആരംഭിക്കുന്ന വിദേശകുത്തക സ്റ്റോറുകള്‍ ഭാരതത്തിലാകമാനമുള്ള എല്ലാ ഗ്രാമങ്ങളിലും ആധിപത്യമുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
അതിനിടയില്‍ കൂനിന്മേല് കുരുവെന്ന പോലെയാണ് കച്ചവടസ്ഥാപനങ്ങളുടെ തറവാടക നികുതിയുടെ അനിയന്ത്രിതമായ വര്‍ധനവ്. പ്രത്യേകിച്ചും മുനിസിപ്പാലിറ്റി, കോര്പറേഷന് പരിധിയില്‍.
ചൈനീസ്, കൊറിയന്‍, അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതി ഭാരതത്തിന്റെ ചെറുകിട, ഇടത്തരം ഉല്‍പ്പാദന മേഖലകളെ തളര്‍ത്തിക്കളഞ്ഞിരിക്കുന്നു.
ഭാരതത്തിലെ വന്‍കിട കമ്പനികള്‍ ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തില്‍ വന്‍തോതില്‍ മൂലധന നിക്ഷേപം നടത്തിക്കഴിഞ്ഞു. ഈ പറിച്ചുനടല്‍ ഉണ്ടാവുന്നതെന്തുകൊണ്ട്? ഉത്തരമില്ല. ഭാരതത്തിലെ സ്വദേശി വ്യവസായങ്ങള്‍ വിദേശ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളില്‍ സ്വന്തം ബ്രാന്‍ഡ് നാമം നല്കി വിറ്റഴിക്കാന്‍ നിര്‍ബന്ധിതരായി തീര്‍ന്നിരിക്കുന്നു.
ഭാരതത്തിലെ ചില്ലറ, മൊത്ത വ്യാപാര, ബിസിനസ് മേഖല തകര്‍ച്ചയെ നേരിടുമ്പോള്‍ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലമര്‍ന്ന അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളെ രക്ഷപ്പെടുത്തുകയും ചൈനയില്‍നിന്നുള്ള യുദ്ധഭീഷണി ഒഴിവാക്കാന്‍ കച്ചവട നയതന്ത്രം പ്രയോഗിക്കുകയുമാണ് ഭാരത സര്‍ക്കാര്‍ ചെയ്യുന്നത്.
യുപിഎ ഗവണ്മെന്റ് നിയമിച്ച ഡോ.എന്‍.സി.സക്സേന, അര്ജ്ജുന് സെന്‍ ഗുപ്ത കമ്മീഷനുകളുടെ റിപ്പോര്‍ട്ട് പ്രകാരം ഒരു ഡോളറിന്റെ മൂന്നിലൊന്ന് പ്രതിശീര്‍ഷ പ്രതിദിന ഉപഭോഗശേഷി മാത്രമുള്ള 70 ശതമാനം ദരിദ്രനാരായണന്മാരുടെ നാടാണ് ഭാരതം. ഇങ്ങനെയുള്ള നമ്മുടെ രാജ്യമാണ് അമേരിക്കയേയും മറ്റ് സമ്പന്ന രാജ്യങ്ങളേയും സ്വന്തം ജനതാല്പ്പര്യത്തെ ബലി കഴിച്ച് സഹായിക്കുന്നത്. വൈദേശിക താല്‍പ്പര്യത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന കേന്ദ്ര ഗവണ്മെന്റും സഖ്യകക്ഷികളും നമ്മുടെ ജനാധിപത്യത്തിന് തീരാകളങ്കമാണ്. വന്ദേമാതരം.
>> അരുണ്‍കുമാര്‍ കെ.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: