ലുധിയാന: ബഹുബ്രാന്‍ഡ് ചില്ലറവില്പന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണംചെയ്യുമെന്ന് പറഞ്ഞ പ്രധാനമന്ത്രി മന്മോഹന് സിംഗ് വിദേശ നിക്ഷേപം പച്ചക്കറി വില്പന രംഗത്ത് പുത്തന്‍ സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവത്തിന് സഹായകമാകുമെന്നും അഭിപ്രായപ്പെട്ടു.
കാര്‍ഷിക മേഖലയിലെ ഇപ്പോഴത്തേയും ഭാവിയിലേയും വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാകാന്‍ കാര്‍ഷിക സര്‍വ്വകലാശാലകളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി രാജ്യത്തെ നിലവിലെ കാര്‍ഷിക വിതരണ ശൃംഖലതകരാറിലാണെന്നും കൂടുതല്‍ മെച്ചപ്പെട്ട വിതരണ സംവിധാനം രാജ്യത്ത് ആവശ്യമാണെന്നും പറഞ്ഞു. വിദേശ നിക്ഷേപം അടിസ്ഥാന സൗകര്യമേഖലയുടെ വികസനം സാദ്ധ്യമാക്കുമെന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മെച്ചപ്പെട്ട വിതരണത്തിന് സഹായകമാകുമെന്നും അദ്ദേഹം വാദിച്ചു.
8.2 ശതമാനം ജിഡിപി വളര്‍ച്ചയും 4 ശതമാനം കാര്‍ഷിക വളര്‍ച്ചയും ലക്ഷ്യമിടുന്ന 12-ാം പദ്ധതി കാലത്ത് പഞ്ചാബ് മുന്നേറ്റം കാഴ്ചെവെയ്ക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി സംസ്ഥാനത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും പറഞ്ഞു. പദ്ധതി കാലയളവില്‍ ദേശീയ വരുമാനത്തിന്റെ ഒരു ശതമാനം കാര്‍ഷിക ഗവേഷണ മേഖലയ്ക്ക് നല്‍കും. പതിനൊന്നാം പദ്ധതി കാലയളവില്‍ ഇത് 0.65 ശതമാനമായിരുന്നു.
ഭാവിയിലെ കാര്‍ഷിക സാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി കാലാവസ്ഥാ വ്യതിയാനം വിളകളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും മറ്റു വെല്ലുവിളികളും നേരിടാന്‍ കാര്‍ഷിക ഗവേഷണരംഗം സജ്ജമാകണമെന്ന് പറഞ്ഞു. ജനിതക മാറ്റം വരുത്തിയ വിളകളെപരാമര്ശിച്ച പ്രധാനമന്ത്രി ഇത്തരം വിളകളുടെ സുരക്ഷ സംബന്ധിച്ച് ശാസ്ത്രീയമായ വിശകലനം ആവശ്യമാണെന്നും ജനിതക വിത്തുല്പാദനത്തില് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചുവരികയാണെന്നും പറഞ്ഞു.
ജനിതക വിത്തുല്പാദന രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ശാസ്ത്രജ്ഞരെ അനുവദിക്കുമെന്നും വിത്തുല്പാദന രംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ക്ക് ഗവേഷകരെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലലഭ്യതയുള്പ്പെടെ കാര്‍ഷിക രംഗം നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട് ഇവയെ അതിജീവിക്കാന്‍ പഞ്ചാബ് കൈക്കൊണ്ടിട്ടുള്ള പല നടപടികളും അനുകരണീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാര്‍ഷിക രംഗത്തെ ഭാവിയിലെ വെല്ലുവിളികള്‍ ഇന്നത്തെ സാഹചര്യങ്ങളുടെ തുടര്‍ച്ചയായിരിക്കും. നിലവിലെ വെല്ലുവിളികള്‍ സമര്‍ഥമായി നേരിടുന്ന പഞ്ചാബ് കാര്‍ഷിക ഗവേഷണസര്വ്വകലാശാല ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാകണമെന്നും ഇത് സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമാണെന്നും പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച് വെല്ലുവിളികളും മാറിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് പ്രതിരോധനടപടികള്‍ സ്വീകരിക്കണം.
കാര്‍ഷികരംഗത്തെ വെല്ലുവിളികള്‍ ഫലപ്രഥമായി നേരിടുന്ന പഞ്ചാബ് ഈ രംഗത്ത് രാജ്യത്തിന് മാതൃകയാണ്. വിത്തുല്പാദനരംഗത്തെ വൈവിദ്ധ്യവല്‍ക്കരണം അത്യാവശ്യമാണെന്നും ഭൂഗര്‍ഭജലത്തിന്റെ കാര്‍ഷിക ആവശ്യത്തിനുള്ള അമിതചൂഷണം തുടരാനാവില്ലെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി. പരമ്പരാഗതമായ കൂടുതല്‍ ജലംവേണ്ടിവരുന്ന വിത്തുല്പാദനരീതിയില് നിന്നും മാറി പുത്തന്‍ സാങ്കേതികരീതിയില്‍ ജലത്തിന്റെ മെച്ചപ്പെട്ട വിനിയോഗവും കൂടുതല്‍ ഉല്പാദനവും സാദ്ധ്യമാക്കണം.
2007ല്‍ ആരംഭിച്ച ഭക്ഷ്യസുരക്ഷാ പദ്ധതി സബ്സിഡി നിരക്കില്‍ മെച്ചപ്പെട്ട വിത്തുകളുടെ വിതരണത്തിലൂടെ ഗോതമ്പ്, അരി എന്നിവയുടെ കൂടുതല്‍ ഉല്പാദനമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം പദ്ധതിയുടെ കീഴില്‍ കൂടുതല്‍ സേവനങ്ങള്‍ സംസ്ഥാനങ്ങളുടെ കാര്‍ഷിക രംഗത്ത് ലഭ്യമാക്കുമെന്നും ഭക്ഷ്യസുരക്ഷയ്ക്ക് സംസ്ഥാനങ്ങളെ പര്യാപ്തമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: