വാഷിംഗ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വിസ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഒരു സംഘം യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന് കത്തെഴുതിയതിനു പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയെന്ന് ആക്ഷേപമുയരുന്നു. മുഖ്യമന്ത്രി നരേന്ദ്രമോഡി വിസയ്ക്ക് അപേക്ഷിക്കുകയോ അങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ നടപടിക്കെതിരെ ബിജെപിയുടെ അമേരിക്കയിലെ സൗഹൃദ കൂട്ടായ്മയായ ഓവര്‍സീസ് ബിജെപിയാണ് രംഗത്തു വന്നത്.
മുഖ്യമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെടാത്ത വിസയ്ക്ക് ‘അനുമതി നിഷേധിച്ച്’ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ വിവാദങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നത്. നരേന്ദ്രമോഡിക്ക് അമേരിക്കയില്‍ സന്ദര്‍ശനം നടത്താന്‍ വിസ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഒരു സംഘം യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന് കത്തയച്ചിരുന്നു. ഇത് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ കൈകടത്താനുള്ള ശ്രമമാണെന്ന് ഓവര്‍സീസ് ബിജെപി ആരോപിച്ചു.
സംഭവത്തെ വളച്ചൊടിച്ച് ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ നേരിട്ടിടപെടാന്‍ ചില യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് 25 യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ട കത്ത് ഹിലരിക്ക് നല്‍കിയത്. ഒബാമ ഭരണകൂടം മുമ്പ് മോഡിക്ക് വിസ നിഷേധിച്ച നടപടി തുടരുകയാണ് വേണ്ടതെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മോഡിയുടെ വിസ കാര്യത്തില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസംഗങ്ങളുടെ കത്തിന് ഹിലരി ക്ലിന്റന് ഇനിയും മറുപടി നല്‍കിയിട്ടില്ല.
സംഭവത്തെക്കുറിച്ച് പ്രതികരിക്കവെ മോഡിയോടുള്ള നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന സന്ദേശമാണ് ഹിലരി നല്കാന് ശ്രമിച്ചത്. സത്യസന്ധനും മഹാനുമായ ഒരു നേതാവിനെ രാജ്യാന്തര ഗൂഢാലോചനയിലൂടെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമമാണിതെന്ന് ഓവര്‍സീസ് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: