വാഷിങ്ങ്ടണ്‍: ഇറാനെതിരായ അമേരിക്കന്‍ ഉപരോധത്തിനിടയിലും 2012ല്‍ ഇന്ത്യ, ചൈന, തെക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് കമ്പനികള്‍ ഇറാന്റെ എണ്ണ, പ്രകൃതിവാതക ഉല്പാദനമേഖലയില് നിക്ഷേപം വര്‍ദ്ധിപ്പിച്ചതായി അമേരിക്കന്‍ നിരീക്ഷണ ഏജന്‍സി കണ്ടെത്തി. ആഗസ്റ്റില്‍ നടപ്പിലാക്കിയ പുതിയ അമേരിക്കന്‍ നിയമം ഇറാന്റെ പ്രധാനവരുമാന സ്രോതസ്സായ എണ്ണഉല്പാദനത്തെ സഹായിക്കുന്ന കമ്പനികള്ക്ക്മേല് നടപടി സ്വീകരിക്കാന്‍ ഒബാമ ഭരണകൂടത്തിന് അനുമതി നല്കുന്നു. ഇതനുസരിച്ച് കമ്പനികളുടെ ഇറാനിലെ നിക്ഷേപം പരിശോധിക്കവേയാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടെ വര്‍ദ്ധിച്ചതോതിലുള്ള നിക്ഷേപം ശ്രദ്ധയില്‍പ്പെട്ടത്.
എണ്ണഉല്‍പാദനം തടയുകവഴി ഇറാന്റെ ആണവപദ്ധതികള്‍ക്ക് തടയിടാനാണ് അമേരിക്കന്‍ ശ്രമം. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചില്ലെങ്കില്‍ സാമ്പത്തിക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലോകരാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിയിരുന്നു. അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ച് ഇറാന്റെ ഊര്‍ജ്ജോത്പാദന മേഖലയില്‍ എറ്റവുമധികം നിക്ഷേപം നടത്തുന്നത് ചൈനയില്‍ നിന്നും തെക്കന്‍ കൊറിയയില്‍ നിന്നുമുള്ള കമ്പനികളാണ്. നിക്ഷേപം തുടരുന്ന കമ്പനികള്‍ക്ക് മേല്‍ നടപടി സ്വീകരിക്കുന്നതിന് ആറ് മാസത്തെ കാലാവധിയാണ് അമേരിക്കന്‍ ഏജന്‍സി നല്‍കിയിരിക്കുന്നത്.
ഇറാന്റെ എണ്ണ ഉത്പാദന മേഖലയില്‍ നിക്ഷേപ മുള്ള ഒഎന്‍ജിസി വിദേശ് ലിമിറ്റഡ്, ഐഒസി, ഓയില്‍ ഇന്ത്യാ ലിമിറ്റഡ് എന്നീ ഇന്ത്യന്‍ കമ്പനികള്‍ തങ്ങളുടെ ഇറാന് പര്യവേഷണ കാലാവധി തീര്‍ന്നതായും കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും അമേരിക്കയെ അറിയിച്ചു. കൊറിയന്‍ കമ്പനി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഇറാനില്‍ നടത്തുന്നില്ലെന്ന് അറിയിച്ചതായി പറഞ്ഞ അമേരിക്ക എന്നാല്‍ ചൈന, മലേഷ്യ, വെനസ്വേല, ഇന്ത്യ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചില കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഇവരുടെ നിലപാട് വ്യക്തമല്ലെന്നും അറിയിച്ചു. ശുദ്ധീകരിച്ച പെട്രോളിയം ഉല്പന്നങ്ങള് മറ്റ് രാജ്യങ്ങള്‍ ഇറാനില്‍ ഇറക്കുമതി ചെയ്യുന്നതും പുതിയ അമേരിക്കന്‍ നിയമം നിരോധിക്കുന്നു. അമേരിക്കന്‍ ഏജന്‍സികള്‍ കമ്പനികളുടെ ഇത്തരത്തിലുള്ള ഇറക്കുമതിയും നിരീക്ഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: