ഒരു സ്കൂള്കായികമേള കൂടി കടന്നുപോയി. ചരിത്രത്തിലാദ്യമായി പാലക്കാട് ജില്ല ഓവറോള്‍ കിരീടം സ്വന്തമാക്കി. വിവിധ ഇനങ്ങളില്‍ കടുത്ത മത്സരം കാഴ്ചവച്ച് അംഗീകാരം നേടിയവരും ആവേശം വിടാതെ മത്സരത്തില്‍ പങ്കെടുത്തവരും അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. അവര്‍ക്ക് ഒന്നുറപ്പിക്കാം ഇത് അവസാനത്തെ ഊഴമല്ല. കൂടുതല്‍ ചിട്ടയോടെ മുന്നൊരുക്കത്തോടെ മനക്കരുത്തുമായി അടുത്ത മത്സരം നല്ലൊരു അവസരമാക്കുമെന്ന് ദൃഢപ്രതിജ്ഞയെടുക്കാം. 56-ാമത് സ്കൂള്‍ കായികമേളയുടെ കൊടിതാഴുമ്പോള്‍ അനാരോഗ്യകരമായ പ്രവണതകള്‍ മത്സരത്തില്‍ കടന്നുവന്നിരിക്കുന്നു. മൂന്ന് മത്സരാര്‍ത്ഥികള്‍ക്ക് അയോഗ്യത കല്പിക്കപ്പെട്ടതുതന്നെയാണത്. പ്രായപരിധി സംബന്ധിച്ച് ഡിപിഐക്ക് ലഭിച്ച പരാതികളെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനക്കൊടുവിലാണ് എറണാകുളം ജില്ലയുടെ മൂന്ന് മത്സരാര്‍ത്ഥികള്‍ക്ക് അയോഗ്യത കല്‍പ്പിച്ചത്.
കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്കൂളിന്റെ മുഹമ്മദ് സാഹിന്നൂര്‍, മാര്ബേസലിന്റെ ലെനിന് ജോസഫ്, ശാലു പ്രഹ്ലാദന് എന്നിവരെയാണ് അയോഗ്യരാക്കിയത്. മൂന്ന് പേരും സബ് ജൂനിയര്‍ വിഭാഗത്തിലാണ് മത്സരിച്ചത്. മാര്‍ബേസിലിന്റെ അബിലിയേന് ആരോഗ്യനാഥിനെതിരായ പരാതി തള്ളുകയും ചെയ്തു.
അയോഗ്യരാക്കപ്പെട്ട മൂന്ന് പേരും എറണാകുളത്തിനെ പ്രതിനിധീകരിച്ചതിനാല്‍ ഇവര്‍ക്ക് ലഭിച്ച മെഡലുകളുടെ അടിസ്ഥാനത്തില്‍ നേടിയ 32 പോയിന്റുകള്‍ എറണാകുളത്തിന് നഷ്ടമാവുകയും ചെയ്തു. മാര്‍ബേസിലും സെന്റ് ജോര്‍ജ്ജും തമ്മില്‍ റവന്യൂ മീറ്റ് മുതല്‍ ഉണ്ടായ തര്‍ക്കമാണ് മേളയ്ക്ക് കളങ്കമായത്. 80 മീറ്റര്‍ ഹര്‍ഡില്‍സ്, 100മീറ്റര്‍, 200 മീറ്റര്‍ ഇനങ്ങളില്‍ മത്സരിക്കുന്ന മണിപ്പൂരി സ്വദേശിയായ മുഹമ്മദ് സാഹിനൂര്‍, കോഴിക്കോട് നല്ലളം സ്കൂളില്‍ നിന്നാണ് ടിസി വാങ്ങി കോതമംഗലം സെന്റ് ജോര്ജ്ജില് ഈ വര്‍ഷം എത്തിയത്.
മുഹമ്മദ് സാഹിനൂരിനുവേണ്ടി വാങ്ങിയ ജനന സര്‍ട്ടിഫിക്കറ്റില്‍ 1999 എന്നത് 2000 ആക്കി തിരുത്തി വാങ്ങിയെന്നുമാരോപിച്ച് മാര്‍ബേസില്‍ എറണാകുളം ഡിഡിക്ക് പരാതി. ഡിഡി ഈ പരാതി പരിശോധിച്ചശേഷം മുഹമ്മദിന് മത്സരിക്കാന്‍ അനുവാദം നല്കി. സ്കൂള്‍ കായികമേളയില്‍ ആദ്യദിനം തന്നെ ഇത് സംബന്ധിച്ച് മാര്‍ബേസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെതിരായി മാര്‍ബേസിലിന്റെ താരങ്ങള്‍ക്കെതിരെ സെന്റ് ജോര്‍ജ്ജും പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് തെളിവെടുപ്പ് നടത്തി. അബിലിയേല് ആരോഗ്യനാഥിന് 13 വയസിന് മുകളിലും 14 വയസ്സിന് താഴെയുമാണ് പ്രായമെന്നതിനാല്‍ പരാതി തള്ളി. മറ്റ് മൂന്ന് പേരുടെയും പ്രായം 14ന് മുകളിലാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് വന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മീറ്റില്‍ താരങ്ങള്‍ക്ക് ലഭിച്ച മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും പ്രൈസ് മണിയും തിരികെ വാങ്ങി എന്നുപറഞ്ഞാല്‍ അതുണ്ടാക്കിയ മാനസികസംഘര്‍ഷം ഊഹിക്കാന്‍ കഴിയുന്നതാണോ? മത്സരങ്ങള്‍ ആരോഗ്യകരമായില്ലെങ്കില് അതുണ്ടാക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും വിവരണാതീതം തന്നെയാണ്. മികച്ച പരിശീലനവും പ്രോത്സാഹനവും ലഭിച്ചാല്‍ നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കുന്ന ഉയരവും വേഗതയും എത്രമാത്രം അഭിമാനകരമാണെന്ന് ഇത്തവണത്തെ മേള തെളിയിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ട് മത്സരത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ്ജ് എഎച്ച്എസ്എസിലെ വിഷ്ണു ഉണ്ണിയുടെ നേട്ടത്തിന് ഇരട്ടിമധുരമാണ്. ദേശീയ റെക്കാര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. 4.50 മീറ്ററാണ് വിഷ്ണു ചാടി വിജയം കൊയ്തത്. ദേശീയ റെക്കാര്‍ഡ് 4.41 ആണ്. 4.30 സംസ്ഥാന റെക്കാര്‍ഡും. പി.ടി.ഉഷ നേതൃത്വം നല്കുന്ന കായിക സ്കൂളിലെ പങ്കെടുത്ത മുഴുവന്‍ കുട്ടികളും മെഡല്‍നേടി എന്ന സന്തോഷവാര്‍ത്തയും പരിശീലനത്തിന്റെ പ്രത്യേകതയെയാണ് ബോധ്യപ്പെടുത്തുന്നത്. അതില്‍ ചിലര്‍ ദേശീയ റെക്കാര്‍ഡിനെ മറികടന്നുള്ള നേട്ടത്തിനും അര്‍ഹരായി എന്നും കാണേണ്ടതുണ്ട്.
ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ സ്കൂള്‍ കായികമേളയില്‍ 15 പോയിന്റ് വ്യത്യാസത്തില്‍ എറണാകുളത്തെ അട്ടിമറിച്ചാണ് പാലക്കാടിന്റെ കൗമാരക്കാര്‍ ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. കായിക പ്രതിഭകളുടെ മികവുകള്‍ കൊണ്ട് സമ്പന്നമായ മേളയില്‍ കിരീട ജില്ലയെ കണ്ടെത്താന്‍ അവസാന ഇനത്തിന്റെ അവസാന ഫലം വരെ കാത്തിരിക്കേണ്ടിവന്നു. പറളി, കല്ലടി, മുണ്ടൂര്‍ സ്കൂളുകളുടെ മികച്ച പ്രകടനമായിരുന്നു പാലക്കാടിനെ കന്നി കിരീടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 272 പോയിന്റ് പാലക്കാടിന് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ എറണാകുളത്തിന് 257 പോയിന്റ് കിട്ടി. മികച്ച പ്രകടനം നടത്തിയ സ്കൂളുകളില്‍ 13 വീതം സ്വര്‍ണ്ണവും വെള്ളിയും 7 വെങ്കലവുമടക്കം 111 പോയിന്റുമായി കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയതും അഭിനന്ദനാര്‍ഹം തന്നെ. കഴിഞ്ഞവര്‍ഷം എറണാകുളത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സെന്റ്ജോര്‍ജ് ഉജ്ജ്വലമായ തിരിച്ചുവരവാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ നടത്തിയത്. 12 സ്വര്‍ണ്ണവും 9 വെള്ളിയും 12 വെങ്കലവുമടക്കം 99 പോയിന്റുമായി രണ്ടാമതും 9 വീതം സ്വര്‍ണ്ണവും വെള്ളിയും നാല് വെങ്കലവുമടക്കം 76 പോയിന്റ് നേടി പാലക്കാട് ജില്ലയിലെ പറളി എച്ച്എസ്എസ് മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ കല്ലടി കുമരംപുത്തൂര്‍ എച്ച്എസ്എസ് 59 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പങ്കെടുത്തവര്‍ക്കെല്ലാം തിരുവനന്തപുരത്തെ മേള നല്ലൊരു അനുഭവമായിരിക്കും. പ്രായവിവാദം നാണക്കേടുണ്ടാക്കിയതൊഴിച്ചാല് പരാതി നന്നേ കുറവായിരുന്നു. സംഘാടകമികവിലും മുന്നിട്ടുനിന്നു എന്നുതന്നെ പറയാം. അടുത്തമേള ഇതിലും മികച്ചതാക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: