തിരുവനന്തപുരം നഗരം ഇന്നുമുതല്‍ ഒരു ഉത്സവത്തിന് വേദിയാകുകയാണ്. എല്ലാ വര്‍ഷവും കൃത്യമായി നടക്കാറുള്ള സാംസ്കാരികോത്സവം. കേരളത്തിന്റെ സ്വന്തം രാജ്യാന്തര ചലച്ചിത്രോത്സവം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നല്ല സിനിമകള്‍ അനന്തപുരിയുടെ തിരുമുറ്റത്ത് സമ്മേളിക്കുന്നു. ഇന്നുമുതല്‍ എട്ടു ദിനങ്ങളില്‍ വെള്ളിത്തിരയുടെ വിസ്മയക്കാഴ്ചകളാണ് അരങ്ങേറുന്നത്.
ഓരോ ചലച്ചിത്രോത്സവവും ഓരോ അനുഭവമാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്. ആ അനുഭവത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ അടുത്ത ചലച്ചിത്രോസവവും കടന്ന് കാലങ്ങളോളം മനസ്സില്‍ നിറയും. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്കെത്തുന്നവരും അത്തരം ഓര്‍മ്മകളുടെ വേലിയേറ്റം മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. മുമ്പു കണ്ട്, മനസ്സില്‍ തറച്ച സിനിമകള്‍. മുമ്പത്തെ വെള്ളിത്തിരക്കാഴ്ചയില്‍ മനസ്സില്‍ നിന്ന് മായാതെ നില്ക്കുന്ന ഭംഗികള്‍. അനുഭവങ്ങളുടെ അയവെട്ടല്‍ കൂടിയാണ് ഓരോ ചലച്ചിത്രോത്സവവും.
പതിനേഴാമത് രാജ്യാന്തര ചലച്ചിത്രോത്സവമാണ് ഇന്നുമുതല്‍ തിരുവനന്തപുരത്തിന്റെ വിവിധ വെള്ളിത്തിരകളില്‍ അരങ്ങേറുക. കേരളാ സര്‍ക്കാരിനു കീഴില്‍ ചലച്ചിത്ര അക്കാദമിയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. 1994ലാണ് കേരളാരാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങുന്നത്. ലോകരാജ്യങ്ങളിലെ നല്ല സിനിമകള്‍ കാണാനുള്ള അവസരം ചലച്ചിത്രാസ്വാദകന് നല്‍കുകയായിരുന്നു ലക്ഷ്യം. അതോടൊപ്പം ലോകത്തെ വിവിധ സംസ്കാരങ്ങളെയും ജനങ്ങളെയും അടുത്തറിയാനുള്ള മാര്‍ഗ്ഗമായും ചലച്ചിത്രങ്ങളെ ഉപയോഗിക്കാമെന്ന തിരിച്ചറിവുമുണ്ടായി. മേള പതിനേഴാം വയസ്സിലെത്തുമ്പോള്‍ ആ തിരിച്ചറിവിനു ഫലമുണ്ടായി എന്നു വേണം കരുതാന്‍. അത്രയ്ക്ക് ജനകീയവും ജനസമ്മതിയും തിരുവനന്തപുരം രാജ്യാന്തരചലച്ചിത്രോത്സവം ആര്‍ജ്ജിച്ചു കഴിഞ്ഞു. ലോകത്തിലെ തന്നെ നല്ല ചലച്ചിത്രമേളകളുടെ പട്ടികയില്‍ ഇന്ന് തിരുവനന്തപുരത്തെ ചലച്ചിത്രോത്സവമുണ്ട്.
കൗമാരം കടന്ന് യൗവ്വനത്തിലേക്കെത്തുകയാണ് നമ്മുടെ സ്വന്തം ചലച്ചിത്രോത്സവം. നിരവധി പ്രതിസന്ധികളും എതിരഭിപ്രായങ്ങളുമെല്ലാം ഉണ്ടാകാറുണ്ട്. ഇത്തവണയും അതെല്ലാം ഉണ്ടാകുമെന്നതില്‍ സംശയവുമില്ല. മേള നടത്തിപ്പില്‍ ഒട്ടും പാളിച്ചയുണ്ടാകില്ലെന്ന് പറയാനാകില്ല. എന്നാല്‍ പാളിച്ചകള്‍ ചൂണ്ടിക്കാട്ടുന്നത് തിരുത്താന്‍ സംഘാടകര്ക്കാകണം. പാളിച്ചകളെ വിമര്‍ശിക്കുന്നവരെയും വിളിച്ചുപറയുന്നവരെയും ശത്രുക്കളായി കാണുകയുമരുത്. കഴിഞ്ഞ വര്‍ഷം മേളനടത്തിപ്പിലുണ്ടായ പാളിച്ചകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സിനിമകാണാനും ചര്‍ച്ചചെയ്യാനുമുള്ള വേദിയെ മുദ്രാവാക്യങ്ങള്‍ മുഴക്കാനുള്ള സമരഭൂമിയാക്കാന്‍ ചില ശ്രമങ്ങളുണ്ടായി. പ്രതിഷേധങ്ങള്‍ നല്ലതാണ്. പ്രതിഷേധിച്ചാല്‍ മാത്രമേ തെറ്റുകള്‍ തിരുത്തപ്പെടുകയുള്ളൂ. എന്നാല്‍ പ്രതിഷേധിക്കാന്‍ വേണ്ടിമാത്രം ചലച്ചിത്രമേളയ്ക്കെത്തുന്ന കൂട്ടര് നല്ല സിനിമയ്ക്കു വേണ്ടിയല്ല നിലനില്‍ക്കുന്നതെന്ന് പറയേണ്ടിവരുന്നതിനെ തെറ്റുപറയാന്‍ കഴിയില്ല. ഒരു സിനിമയും കാണാതെ, സിനിമയുമായി ബന്ധപ്പെട്ട ഒന്നിലും പങ്കെടുക്കാതെ മനസ്സിലും തലച്ചോറിലും ലഹരിനിറച്ച് തീയറ്ററിനുമുന്നില്‍ നിന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കാന്‍ വേണ്ടിമാത്രമെത്തുന്നവരെ വിലക്കേണ്ടതു തന്നെയാണ്.
എന്നാല്‍ അത്തരം വിലക്കുകള്‍ ഏര്‍പ്പെടുത്തുമ്പോഴും നമ്മുടെ നാടുപിന്തുടരുന്ന ജനാധിപത്യമനോഭാവത്തെ കശാപ്പു ചെയ്യുന്ന നിലപാട് നല്ലതല്ല. പതിനാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രതിഷേധങ്ങള്‍ പ്രത്യക്ഷമായിവന്നത് ഓപ്പണ്‍ഫോറത്തിലായിരുന്നു. സംഘാടകരും ചലച്ചിത്രപ്രവര്‍ത്തകരുമായി സിനിമാ കാണാനെത്തുന്ന ഡെലിഗേറ്റുകള്‍ക്ക് നേരിട്ടു സംവദിക്കാനുള്ള വേദിയായിരുന്നു ഓപ്പണ്‍ഫോറം. കഴിഞ്ഞ വര്‍ഷം ഓപ്പണ്‍ഫോറത്തില്‍ സംവാദം ഒന്നും നടന്നില്ല. പ്രതിഷേധത്തിന്റെ അലകളായിരുന്നു ഉയര്‍ന്നത്. ഇത്തവണ സംഘാടകര്‍ ഓപ്പണ്‍ ഫോറം ഒഴിവാക്കിയിരിക്കുന്നു. അനാവശ്യപ്രതിഷേധങ്ങള്‍ മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്ന കാരണം പറഞ്ഞുതന്നെയാണ് സംഘാടകരുടെ നടപടി. പകരം മീറ്റ് ദി ഡയറക്ടര്‍ എന്ന പരിപാടി നടക്കും.
ഓപ്പണ്‍ഫോറം നടന്നിരുന്നത് തിയറ്ററിനു മുന്നിലെ വിശാലമായ സ്ഥലത്ത് ടെന്റുകെട്ടിയായിരുന്നുവെങ്കില് മീറ്റ് ദി ഡയറക്ടര്‍ എന്ന പരിപാടി തീയറ്ററിനുള്ളിലെ കെട്ടിയടച്ച തണുപ്പിലായിരിക്കുമെന്ന വ്യത്യാസമുണ്ട്. പ്രതിഷേധക്കാരെ ഭയന്നാണ് ഇതു ചെയ്യുന്നതെങ്കില്‍ സംഘാടകര്‍ക്ക് വിചാരിച്ച ഗുണമുണ്ടാകില്ലെന്ന് പറയേണ്ടിവരും. പ്രതിഷേധിക്കാന്‍ തീരുമാനിച്ചുറച്ചുവരുന്നവര്ക്ക് എവിടെയായാലെന്താ? പ്രിതിഷേധിക്കാനുള്ളവര് എവിടെയായാലും അതു ചെയ്യുക തന്നെ ചെയ്യും. സംസാരിക്കാന്‍ തീരുമാനിച്ചുറച്ച നിര്‍ഭയരുടെ വായടപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.
പ്രതിഷേധിക്കാന്‍ മാത്രമായി വരുന്ന ചിലരുടെ കാര്യം സൂചിപ്പിച്ചല്ലോ. അവര്‍ക്ക് സിനിമ കാണുന്നത് പ്രശ്നമേയല്ല. പ്രത്യേക തരത്തില്‍ വേഷം ധരിച്ച് ആണുംപെണ്ണും വ്യത്യാസമില്ലാതെ അവരെത്തും. മുന്‍ വര്‍ഷങ്ങളില്‍ ബാംഗ്ലൂര്‍ ബോംബുസ്ഫോടനക്കേസില്‍ അറസ്റ്റിലായ പിഡിപി നേതാവ് അബ്ദുള്‍നാസ്സര്‍ മദനിയെ രക്ഷിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പോലീസ് കേസെടുത്ത മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ചുവരെ സിനിമാ തീയറ്ററിനുമുന്നില്‍ പ്രകടനം നടന്നു.
ചലച്ചിത്രോത്സവം അക്ഷരാര്‍ത്ഥത്തില്‍ ചലച്ചിത്രങ്ങളുടെ ഉത്സവം തന്നെയാകണം. സിനിമയും സിനിമയെക്കുറിച്ചുള്ളതും അതിലൂടെ സമൂഹത്തിന്റെ പ്രശ്നങ്ങളുമാകണം ചലച്ചിത്രോത്സവത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതിനുള്ള സര്‍ക്കാരിന്റെ നല്ല നടപടികള്‍ക്ക് സിനിമയെ സ്നേഹിക്കുന്ന, നല്ല സിനിമകള്‍ക്കുവേണ്ടി ശബ്ദിക്കുന്നവരുടെ പിന്തുണയുണ്ടാകണം. അപ്പോള്‍ മാത്രമേ ചലച്ചിത്രോത്സവങ്ങള്‍ വിജയിക്കുകയുള്ളൂ.
ഇത്തവണത്തെ ചലച്ചിത്രോത്സവത്തില്‍ 54 രാജ്യങ്ങളില്‍ നിന്നുള്ള 198 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളുണ്ട്. മെക്സിക്കോ, സെനഗല്‍, ചിലി, ഫിലിപ്പൈന്‍സ്, ജപ്പാന്, തുര്‍ക്കി, അല്‍ജീരിയ, ഇറാന് ചിത്രങ്ങളോടൊപ്പം ഇന്ത്യയില്‍ നിന്നും നിതിന്‍ കക്കര്‍ സംവിധാനം ചെയ്ത ഫിലിമിസ്ഥാനും മലയാളിയായ കമലിന്റെ ഹിന്ദി ചിത്രം ഐ.ഡി.യും റ്റി. വി. ചന്ദ്രെന്റ ഭൂമിയുടെ അവകാശികളും ജോയി മാത്യുവിെന്റ ഷട്ടറും സുവര്‍ണ്ണ ചകോരത്തിനായി മത്സരിക്കുന്നുണ്ട്.
ഇതുവരെയുള്ള ചരിത്രത്തില്‍ ഒരിന്ത്യന്‍ സിനിമയ്ക്കോ, മലയാള ചലച്ചിത്രത്തിനോ സുവര്‍ണ്ണചകോരം ലഭിച്ചിട്ടില്ല. അതിനര്‍ഹതയുള്ള ചിത്രങ്ങള്‍ തന്നെയാണ് മത്സരത്തിനെത്തുന്ന ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍. രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് മോഹന്രാഘവന് സംവിധാനം ചെയ്ത ‘ടി.ഡി.ദാസന് സ്റ്റാന്‍ഡേര്‍ഡ് 6ബി’ എന്ന ചലച്ചിത്രം മത്സരിക്കുകയും ജൂറിയുടെ പ്രശംസ നേടുകയും ചെയ്തിരുന്നു. വിദേശത്തുനിന്നുള്ള ജൂറിക്ക് സിനിമ നന്നായി ഇഷ്ടപ്പെടുകയും അതിനു സുവര്‍ണ്ണ ചകോരം നല്കാന് തീരുമാനിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്നത്തെ മന്ത്രിയും മറ്റുചിലരും ചേര്‍ന്ന് സുവര്‍ണ്ണ ചകോരം ഒരു വിദേശ ചിത്രത്തിനു നല്കാന് തീരുമാനിച്ചു. മലയാള സിനിമയ്ക്കു നല്കിയാല് തുടര്‍ വര്‍ഷങ്ങളില്‍ വിദേശ സിനിമകള്‍ മേളയ്ക്കെത്തില്ലെന്ന വാദമായിരുന്നു അവരുയര്‍ത്തിയത്. അത്തരം ഇടപെടലുകള്‍ നല്ലതല്ലെന്നും മലയാള സിനിമയെ തകര്‍ക്കുമെന്ന തിരിച്ചറിവ് അവര്‍ക്കില്ലാതെപോയി.
സുവര്‍ണ്ണ ചകോരം ലഭിക്കുന്ന മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും 15 ലക്ഷം രൂപ പങ്കിടും. രജത ചകോരം ലഭിക്കുന്ന മികച്ച സംവിധായകനും നവാഗത സംവിധായകനും യഥാക്രമം നാലു ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും അവാര്‍ഡ് തുകയായി നല്‍കും. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച മത്സരചിത്രത്തിന് രജത ചകോരവും രണ്ടു ലക്ഷം രൂപയും ലഭിക്കും. ഇത്തവണ രാജ്യാന്തര മത്സവിഭാഗം ജൂറി അദ്ധ്യക്ഷന്‍ പ്രസിദ്ധ ഓസ്ട്രേലിയന്‍ സംവിധായകന് പോള്‍ കോക്സ് ആണ്. ഇറാനിയന്‍ സിനിമാ നിരൂപകയായ ആന്‍ ഡെമി ജെറോ, സംവിധായകരായ ഡാങ്ങ് നാറ്റ് മിങ് (വിയറ്റ്നാം), പിയറി യാമിയാഗോ (ബുര്‍ക്കിനാ ഫാസോ), ഗോവിന്ദ് നിഹ്ലാനി (ഇന്ത്യാ) എന്നിവരുള്‍പ്പെട്ട ജൂറിയാണ് നല്ല സിനിമകളുടെ വിധി നിര്‍ണ്ണയിക്കുന്നത്. ജൂറിയുടെ സ്വതന്ത്രമായ വിധിപ്രഖ്യാപനത്തില്‍ ഇടപെടലുകള്‍ ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
ഇതൊരു തീര്‍ത്ഥാടനമാണ്. നല്ല സിനിമയ്ക്കുവേണ്ടിയുള്ള തീര്‍ത്ഥാടനം. നല്ല സിനിമയെ തിരിച്ചറിയുക എന്നാല്‍ നല്ല സംസ്കാരത്തെയും ജീവിതത്തെയും തിരിച്ചറിയുകയെന്നാണ്. ഹൃദയത്തില്‍ ആര്‍ദ്രതയും കരുണയും കാത്തു സൂക്ഷിക്കുന്നവര്‍ക്കേ നല്ല ആസ്വാദകരാകാനും കഴിയൂ. രാജ്യാന്തര ചലച്ചിത്രമേളയ്ക്കെത്തുന്ന ഏഴായിരത്തിലധികം പ്രതിനിധികളില്‍ നല്ല സിനിമകളെക്കുറിച്ചുള്ള ബോധമുണര്‍ത്താന്‍ ഈ തീര്‍ത്ഥാടനത്തിനു കഴിയട്ടെ.
>> ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: