അഹമ്മദാബാദ്: ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ നര്‍ഹരി അമിന്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസുമായുള്ള 21 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചാണ് അഹമ്മദാബാദില്‍ നടന്ന യോഗത്തില്‍ ബിജെപിയില്‍ ചേരുന്നതായി നര്‍ഹരി പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നര്ഹരിക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും അകല്‍ച്ചയിലായിരുന്ന നര്ഹരിയെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. കോണ്‍ഗ്രസ് തന്നെ അപമാനിച്ചുവെന്നും ജനങ്ങള്ക്ക്പോലും പരിചയമില്ലാത്ത മുഖങ്ങളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയെന്നും നര്‍ഹരി പ്രതികരിച്ചു. പാര്‍ട്ടിക്കുവേണ്ടിയാണ് താന്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തന്നെ പാര്‍ട്ടി മറന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കുന്നതുവരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എല്ലാം സുഗമമായാണ് പോയത്. എല്ലാവര്ക്കും മത്സരിക്കണമെന്നാണ് ആഗ്രഹം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി സി.പി ജോഷിയേയും നര്‍ഹരി കുറ്റപ്പെടുത്തി. സ്ഥാനര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിങ് കമ്മിറ്റിയില്‍ ജോഷിയാണ് ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയത് ജോഷിയാണെന്നും നര്‍ഹരി പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. സംസ്ഥാനത്ത് മോഡിക്ക് ഹാട്രിക് വിജയം ഉറപ്പാണെന്നും നര്‍ഹരി പറഞ്ഞു. ബിജെപിക്കുവേണ്ടി ഇപ്പോള്‍ മുതല്‍ താന്‍ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാക്കളെ തഴഞ്ഞാണ് പുതിയ സ്ഥാനാര്‍ഥികളെ അവതരിപ്പിച്ചിരിക്കുന്നതെന്നു നര്‍ഹരി അമിന്‍ പറഞ്ഞു. ഹൈക്കമാന്‍ഡും മുതിര്‍ന്ന നേതാക്കളെ തഴയുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നര്ഹരിയോടൊപ്പം 175 കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. അഞ്ച് അനുയായികള്‍ നര്ഹാരിയോടൊപ്പം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്രമോഡി നര്‍ഹരി അമിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. നര്‍ഹരിയുടെ വരവ് ബിജെപിയെ ശക്തിപ്പെടുത്തുമെന്നും മോഡി പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങളെ മാത്രമല്ല വഞ്ചിച്ചത്, മറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരേയും വഞ്ചിച്ചു. ഇത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പരാജയമാണെന്നും മോഡി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഹൈക്കമാന്റുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നര്‍ഹരിയുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ നേതാവ് ബിജെപിയില്‍ എത്തിയത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
അതേസമയം, യുപിഎ അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ നരേന്ദ്രമോഡിയുടെ രൂക്ഷ വിമര്‍ശനം. മനസാക്ഷിയില്ലാത്ത സോണിയ പാവപ്പെട്ടജനങ്ങളോട് ക്രൂരത കാണിക്കുകയാണെന്ന് മോഡി കുറ്റപ്പെടുത്തി. യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളെ പരാമര്‍ശിക്കവെയാണ് മോഡി സോണിയക്കെതിരെ വിമര്‍ശനമുന്നയിച്ചത്. അഹമ്മദാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. 2009ലെ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായിരുന്നുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: