ന്യൂദല്‍ഹി: അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യില്ലെന്ന് അണ്ണാ ഹസാരെ. മറ്റ് പാര്‍ട്ടികളെപ്പോലെ പണത്തിലൂടെ അധികാരം അധികാരത്തിലൂടെ പണം എന്ന പാതയാണ് കേജ്രിവാള് പിന്തുടരുന്നത്. തന്റെ മുന്‍ അനുയായി അധികാരത്തോട് ആര്ത്തിയുള്ളവനാണ്. നേരത്തെ ആം ആദ്മിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പണത്തിനുവേണ്ടിയുള്ള അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിനെ താന്‍ അനുകൂലിക്കില്ല. ഈ പാതയാണ് കേജ്രിവാള് ഇപ്പോള്‍ പിന്തുടരുന്നതെന്നും അതുകൊണ്ടാണ് ഇപ്പോള്‍ മാറ്റിചിന്തിക്കുന്നതെന്നും ഹസാരെ പറഞ്ഞു.
ഒരു സ്വകാര്യ വാര്‍ത്ത ചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസാരെ. അഴിമതിക്കെതിരെ ഹസാരെയുമൊത്ത് പോരാട്ടം ആരംഭിച്ച കേജ്രിവാള് രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാന്‍ ഒരുങ്ങിയതോടെയാണ് ഇരുവരും തമ്മില്‍ വഴിപിരിഞ്ഞത്. സത്യസന്ധമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചാല്‍ കേജ്രിവാളിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുമെന്ന് ഹസാരെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേജ്രിവാളിന്റെ പ്രവര്‍ത്തനങ്ങളോടുള്ള കടുത്ത വിരോധമാണ് ഹസാരെ വ്യക്തമാക്കുന്നത്.
നിസ്വാര്‍ത്ഥമായ സേവനമാണ് കേജ്രിവാള് ചെയ്യുന്നതെന്നാണ് താന്‍ നേരത്തെ ചിന്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാം മനസിലായെന്നും ഹസാരെ പറഞ്ഞു. കേജ്രിവാളിന് രാഷ്ട്രീയ മോഹമാണെന്നും ഹസാരെ ആവര്‍ത്തിച്ചു പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഫ്രവേശിക്കാന് കേജ്രിവാളിന് എങ്ങനെ മനസ് വന്നുഎന്നത് ഇപ്പോള്‍പോലും തനിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെന്നും ഹസാരെ പറഞ്ഞു. അഴിമതിവിരുദ്ധ പ്രസ്ഥാനം പിളരാന്‍ കേജ്രിവാളിന്റെ രാഷ്ട്രീയ മോഹം തന്നെയാണെന്ന് ഹസാരെ കൂട്ടിച്ചേര്‍ത്തു. അഴിമതിക്കെതിരെ പോരാടാന്‍ കേജ്രിവാളും, ബാബാരാംദേവും ഉള്‍പ്പെടെയുള്ളവരുടെ ഒത്തൊരുമ ആവശ്യമാണെന്നും ഹസാരെ പറഞ്ഞു. അഴിമതിക്കെതിരായ വിപ്ലവം അവസാനിച്ചിട്ടില്ല. തങ്ങള്‍ ഒരുമിച്ച് നിന്ന് പോരാട്ടം തുടരുമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: