ന്യൂദല്‍ഹി: അടുത്ത മാര്‍ച്ച് മുതല്‍ സൗജന്യ റോമിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്ര ടെലികോം വകുപ്പ് മൊബെയില്‍ കമ്പനികളുടെ അഭിപ്രായം തേടി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതിയെ മൊബെയില്‍ ഫോണ്‍ സേവന ദാതാക്കള്‍ ശക്തമായി എതിര്‍ക്കുകയാണ്. ഇവരുടെ വരുമാനത്തിന്റെ 10 ശതമാനവും റോമിങ് ചാര്‍ജിലൂടെയാണ് ലഭിക്കുന്നത്. റോമിങ് ചാര്‍ജ് ഒഴിവാക്കുന്നതിലൂടെ കമ്പനിയ്ക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് താരിഫ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന മുന്നറിയിപ്പും ഇവര്‍ നല്കി.
മാര്‍ച്ച് മാസത്തോടെ മൊബെയില്‍ നമ്പര്‍ പോര്‍ട്ടബിള്‍ വ്യവസ്ഥകള്‍ വിപുലമാക്കണമെന്നും രാജ്യത്തിന്റെ ഏത് ഭാഗത്തേക്ക് സഞ്ചരിച്ചാലും അവരുടെ മൊബെയില്‍ നമ്പര്‍ റോമിങ് ചാര്‍ജ് ഈടാക്കാതെ നിലനിര്‍ത്താന്‍ അനുവദിക്കണമെന്നും ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മൊബെയില്‍ നമ്പര്‍ മാറാതെ തന്നെ മറ്റൊരു മൊബെയില്‍ കമ്പനിയിലേക്ക് ഉപഭോക്താക്കള്‍ക്ക് കണക്ഷന് മാറുന്നതിനുള്ള സൗകര്യമാണ് മൊബെയില്‍ നമ്പര്‍ പോര്ട്ടബിളിറ്റിയിലൂടെ നിലവില്‍ ലഭ്യമായിട്ടുള്ളത്.
അതേസമയം റോമിങ് ചാര്‍ജ് നിര്‍ത്തലാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: