ഭാരതത്തിന്റെ സ്വാതന്ത്ര്യസമ്പാദനത്തിനുമാത്രമല്ല, അതിന്റെ ഐശ്വര്യത്തിനും പുരോഗതിക്കും ജനസാമാന്യത്തിന്റെ പങ്കെത്ര പ്രധാനമാണെന്ന് ഇത്ര വ്യക്തവും അസന്ദിഗ്ദ്ധവുമായ ഭാഷയില്‍ പ്രതിപാദിച്ച ആദ്യത്തെ മഹാന്മാരില് അതിപ്രധാനിയാണ് ശ്രീ അരവിന്ദന്.
ബ്രിട്ടനെക്കുറിച്ചുള്ള ശ്രീ അരവിന്ദന്റെ വിമര്‍ശനം ലേഖനപരമ്പയിലൂടെ പുറത്തുവന്നിരുന്നു. ആ സമയം വരെ ബ്രിട്ടനെതിരെയുണ്ടായിരുന്ന വിമര്‍ശനങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമായിരുന്നു അത് പരോക്ഷവും സൗമ്യവുമായ വിമര്‍ശനങ്ങള്‍ക്കുപകരം പ്രത്യക്ഷവും തീവ്രവുമായിരുന്നു അരവിന്ദന്റേത്. ബ്രിട്ടീഷ് വിരുദ്ധ മനോഭാവം ശക്തിപ്പെടുത്താനും ബ്രിട്ടീഷുകാരുടെ ഉത്കൃഷ്ടതയെക്കുറിച്ച് നിലവിലിരുന്ന കെട്ടുകഥകള്‍ തകര്ക്കുവാനുംവേണ്ടി കരുതിക്കൂട്ടിത്തന്നെയാണ് ശ്രീ അരവിന്ദന് അത്ര ശക്തമായ ഭാഷയില്‍, അടിസ്ഥാനപരമായ വിമര്ശനസംരംഭത്തിന് മുതിര്‍ന്നത്.
പാശ്ചാത്യരാഷ്ട്രീയ മാതൃകകളില്‍ സര്വോത്കൃഷ്ടമായത് ബ്രിട്ടന്റേതല്ലെന്നും നമുക്ക് കുറെക്കൂടി സ്വീകാര്യമായിട്ടുള്ളത് ഫ്രഞ്ചുമാതൃകയായിരിക്കുമെന്നും ബ്രിട്ടനെ കണ്ണുംപൂട്ടി അനുകരിക്കുന്നത് ശുദ്ധ അടിമത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഭാരതീയരായ നാം വിശേഷിച്ചും പുരോഗമനപ്രസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ നില്ക്കുന്ന വിഭാഗങ്ങള്‍ – ആംഗ്ലോ സാക്സണ്‍ വര്‍ഗക്കാരേക്കാള്‍ അധികം ഫ്രഞ്ചുകാരോടും അഥീനിയന്മാരോടും അടുപ്പമുള്ളവരാണ്. പക്ഷേ, യാദൃശ്ചികമായി ബ്രിട്ടീഷ് ആധിപത്യം കാരണം, സൂക്ഷിച്ചുവിളമ്പിത്തന്നെ ഇംഗ്ലീഷ്ഭക്ഷണം കഴിച്ചാണ് നമ്മുടെ ബുദ്ധിശക്തിവളര്ന്നുവന്നത്. അതുകൊണ്ട് നമ്മുടെ സഹജമായ പ്രകൃതത്തിനും അടിയന്തരാവശ്യങ്ങള്‍ക്കും അനുയോജ്യമായ രാഷ്ട്രീയാദര്‍ശങ്ങള്‍ വിലയ്ക്കുവാങ്ങാന്‍ നാം ശ്രമിക്കുന്നില്ല. പകരം, നമ്മുടെ ഇംഗ്ലീഷുകാരായ യജമാനന്മാര് ഉപയോഗിച്ച് വലിച്ചെറിഞ്ഞ കീറിപ്പറിഞ്ഞ മലിനവസ്ത്രങ്ങളെടുത്തുടുക്കാനാണ് നമുക്കിഷ്ടം.
- – പി.പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: