കുണ്ടറ(കൊല്ലം): അപസ്മാര രോഗത്തിന്റെ ശാന്തിയ്ക്കായി തമിഴ്നാട്ടിലെ മുസ്ലീം പള്ളിയില്‍ അഭയംതേടിയ പതിനൊന്നാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കിളികൊല്ലൂര്‍ ഒരുമ നഗര്‍ ദേവനിവാസില് ദേവരാജന്റെ മകള്‍ വിദ്യ(ഉണ്ണി-16)യാണ് മരിച്ചത്. ചന്ദനത്തോപ്പ് ചാത്തിനാംകുളം എം.എസ്.എം ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെയായിരുന്നു സംഭവം. കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് വിദ്യയ്ക്ക് അപസ്മാര രോഗം ബാധിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. റയില്‍വേ പാളത്തിലൂടെ നടക്കുമ്പോള്‍ കാല്‍വഴുതി കാലിന് പരിക്കേല്‍ക്കുകയും തുടര്‍ന്ന് രോഗ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുകയുമായിരുന്നുവത്രേ. കൊല്ലത്തെ വിവിധ ഡോക്ടര്‍മാര്‍ ചികിത്സിച്ചെങ്കിലും രോഗം വര്‍ദ്ധിക്കുകയായിരുന്നു. ബാധാവേശമായിരിക്കാം രോഗത്തിനിടയാക്കിയിരിക്കുന്നതെന്ന ചിലരുടെ നിര്‍ദ്ദേശ പ്രകാരമാണ് അവസാന മാര്‍ഗ്ഗമെന്ന നിലയില്‍ പള്ളിയില്‍ കുറച്ച് ദിവസം മുമ്പ് അഭയം തേടിയത്.
അമ്മയോടൊപ്പം രാത്രി ഉറങ്ങിയ വിദ്യ ഇടയ്ക്കൊക്കെ എഴുന്നേല്ക്കുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ പുലര്‍ച്ചെ 3.30ഓടെ മരിച്ച അവസ്ഥയിലാണ് കാണാന്‍ കഴിഞ്ഞതെന്നും പറയുന്നു. തുടര്‍ന്ന് പള്ളിയില്‍ നിന്നും ലഭിച്ച കത്തുമായി ഇവര്‍ മൃതദേഹം കൊല്ലത്തെത്തിച്ച് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആറുമാസം മുമ്പ് ഗള്‍ഫില്‍ ജോലിയ്ക്കായി പോയ പിതാവ് 4ന് തിരിച്ചെത്തിയെങ്കില്‍ മാത്രമേ മറ്റു നടപടികള്‍ ഉണ്ടാകുകയൂള്ളൂ. ഇതിനിടയില്‍ ഈ പള്ളിയില്‍ മുമ്പും ഇത്തരം സംഭവങ്ങള്‍ ആവര്ത്തിച്ചിട്ടുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. സംഭവം അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കിളികൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്ന് എസ്.ഐ ജയകൃഷ്ണന് അറിയിച്ചു. വിജയമ്മാളാണ് മാതാവ്. സഹോദരങ്ങള്‍: ദിവ്യ, ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: