കയ്റോ: ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരായ പ്രക്ഷോഭം ശക്തമാകുന്നു. രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രത്യേക അധികാരങ്ങള്‍ കൈയ്യടക്കിയതിനെതിരെയാണ് പ്രതിഷേധം രൂക്ഷമാകുന്നത്. പുതിയ ഭരണഘടനയുടെ കരട് രൂപത്തിന് തിടുക്കപ്പെട്ട് ഈജിപ്ഷ്യന്‍ ഭരണഘടനാ അസംബ്ലി അംഗീകാരം നല്‍കിയതിനു പിന്നാലെ കയ്റോയിലെ തഹ്രിക് സ്ക്വയറില്‍ പതിനായിരക്കണക്കിനു ജനങ്ങളാണ് പ്രതിഷേധവുമായി എത്തിയത്.
ഭരണഘടനയിലെ 234 ചട്ടങ്ങളില്‍ ഏറെക്കുറെ എതിര്‍പ്പില്ലാതെ പാസാക്കുകയായിരുന്നു. 100 അംഗ അസംബ്ലിയിലെ ലിബറല്‍, ഇടതുപക്ഷ അംഗങ്ങളും ക്രൈസ്തവ പ്രതിനിധികളും വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. പുതിയ ഭരണഘടന പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വാദം. പുതിയ ഭരണഘടന ജവഹിത പരിശോധനയ്ക്ക് വിട്ടു നല്‍കുമെന്ന് മുര്‍സി അറിയിച്ചിട്ടുണ്ട്.
ഇസ്ലാമിക മത മൗലികവാദികള്‍ക്ക് സ്വാധീനമുള്ള അസംബ്ലിയില്‍ പാസാക്കിയ പുതിയ ഭരണഘടന ജനഹിത പരിശോധനയ്ക്കായി വിട്ടുനല്‍കുമെന്ന് മുര്‍സി അറിയിച്ചു. എന്നാല്‍ മുര്‍സിയുടെ നീക്കങ്ങളില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയ ജനങ്ങള്‍ ‘ഏകാധിപത്യ ഭരണ വാഴ്ച തുലയട്ടെ’ എന്ന മുദ്രാവാക്യങ്ങളുമായാണ് തെരുവിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ജനാധിപത്യ പ്രക്ഷോഭത്തിലൂടെ അധികാരത്തില്‍ നിന്നു പുറത്തുപോയ ഹോസ്നി മുബാറക്കിനെ അനുകരിക്കാനാണ് മുര്‍സിയുടെ ശ്രമമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇതിനിടെ അലക്സാണ്ട്രിയയില്‍ മുര്‍സിയെ അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പുതിയ ഭരണഘടനയില്‍ സ്ത്രീകള്‍ക്കും ന്യൂന പക്ഷങ്ങള്‍ക്കും സംരക്ഷണം നല്കുന്ന യാതൊന്നുമില്ലെന്നാണ് പ്രധാന ആരോപണം.പൗരന്മാരെ വിചാരണചെയ്യാന്‍ പട്ടാളകോടതിക്ക് അനുവാദമുണ്ടെന്നും ഭരണഘടനയില്‍ പറയുന്നു. പുതിയ ഭരണ ഘടനനിലവില്‍ വരുന്നവരെ തന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ നീതി ന്യായ വകുപ്പിന് അധികാരമുണ്ടാകില്ലെന്ന മുര്‍സിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈജിപ്ത്യത്തില് രണ്ടാമതും പ്രക്ഷോഭം ആരംഭിച്ചത്. ഇസ്ലാമിക് ശരിയത്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: