ചങ്ങനാശ്ശേരി: ശബരിമല തീര്‍ത്ഥാടനത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് എന്‍എസ്എസ് മുഖപത്രമായ സര്‍വ്വീസിന്റെ മുഖപ്രസംഗം വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ മുല്ലപ്പെരിയാര്‍ വിഷയമായിരുന്നുവെങ്കില്‍ അതിനുമുമ്പ് അരവണവിവാദം ആയിരുന്നു. ശബരിമല വിശ്വാസികളോടു കാണിക്കുന്ന കൊടുംക്രൂരതയാണിത്. ഇതുകൊണ്ടൊന്നും ശബരിമല തീര്‍ത്ഥാടനത്തിലുള്ള ഭക്തജനങ്ങളുടെ വിശ്വാസം തകരുന്നതല്ല എന്ന തുടര്‍ന്നുള്ള ഭക്തജനപ്രവാഹം തെളിയിക്കുന്നുണ്ടെന്നും മുഖപ്രസംഗത്തില്‍പറയുന്നു. സന്നിധാനത്തുനിന്നും പ്രസാദമായി നല്കുന്ന ഉണ്ണിയപ്പത്തെ സംബന്ധിച്ചുള്ള വിവാദമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഉണ്ണിയപ്പത്തിന്റെ കട്ടികുറയ്ക്കുന്നതിന്റെ ഭാഗമായി പഴം മുതലായ വസ്തുക്കള്‍ അതില്‍ കൂടുതലായി ചേര്‍ത്തിരിക്കാം. അങ്ങനെയുള്ള ഉണ്ണിയപ്പം കൂടുതല്‍ ദിവസത്തേക്ക് കരുതിവയ്ക്കുമ്പോള്‍ പഴക്കംകൊണ്ടുണ്ടാവുന്ന പൂപ്പല്‍ സ്വാഭാവികമാണ്. പൂപ്പല്‍ ബാധിച്ച ഉണ്ണിയപ്പം ഭക്ഷ്യയോഗ്യമല്ല എന്നാണ് പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂപ്പല്‍ ബാധിച്ച ഒരു ഭക്ഷണപദാര്‍ത്ഥവും ഭക്ഷ്യയോഗ്യമല്ല. എന്നാല്‍ ഉണ്ണിയപ്പത്തിലെ പൂപ്പല്‍ മാരകവിഷമാണെന്ന് പ്രചരിപ്പിച്ചത് ഭക്തജനങ്ങള്‍ക്കിടയില്‍ ഭീതി ഉളവാക്കി.
അരവണയുടെ കാര്യത്തില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതാണ്. എന്നാല്‍ അരവണയുടെ കാര്യത്തില്‍ കുഴപ്പമില്ല ഭക്ഷണയോഗ്യമാണ് എന്നാണ് ലാബ് റിപ്പോര്‍ട്ട്. അതേ സമയം ഇത് വെളിപ്പെടുത്തിയില്ല. പൂപ്പല്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടപ്പോള്‍ തന്നെ സാമ്പത്തിക നഷ്ടം നോക്കാതെ അധികൃതര്‍ അവ നശിപ്പിച്ചു കളഞ്ഞു.
ശബരിമല തീര്‍ത്ഥാടനത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ദേവസ്വംബോര്‍ഡിന്റെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. ഉണ്ണിയപ്പത്തിന്റെയും അരവണയുടെയും നിര്‍മ്മാണം ബോര്‍ഡ് നേരിട്ട് നിര്‍വ്വഹിക്കാനും, ശുചിത്വം ഉറപ്പുവരുത്തുവാനും അയ്യപ്പഭക്തര്‍ക്ക് അപ്പവും അരവണയും പ്രസാദമായി മാത്രം നിയന്ത്രിച്ച് വിതരണം ചെയ്യാനുമുള്ള സംവിധാനം ഉണ്ടാകണം.
ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാര്ക്ക് ദര്‍ശനം നടത്തി സമാധാനമായി തിരിച്ചുപോകുവാനുള്ള അവസരവും ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്ന്നൊരുക്കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ശബരിമല തീര്‍ത്ഥാടനത്തെ ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് ഉത്തരവാദിത്വപ്പെട്ടവര്‍ കാണുന്നതെന്നും തീര്‍ത്ഥാടനത്തെ കച്ചവടത്തിന്റെ ഭാഗമായി കാണുന്നത് അനുവദിക്കാനാവില്ലെന്നും എന്‍എസ്എസ് മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: