ഷാന്‍ഹൈ: ലോകത്ത് ഓരോ വിഭാഗത്തില്‍പ്പെടുന്നവരും തങ്ങളുടെ അവകാശങ്ങള്‍ക്കായി വാദിക്കുമ്പോള്‍ മറ്റു സംസ്കാരങ്ങളെ ആദരവോടെ കാണാനുള്ള മനോഭാവം കൂടി പ്രകടിപ്പിക്കണമെന്ന് മാതാ അമൃതാനന്ദമയി അമ്മ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ അലൈയന്‍സ് ഓഫ് സിവിലൈസേഷന്‍സ് എന്ന സാംസ്കാരിക കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അമ്മ. ഏഷ്യാ-തെക്കേ പെസഫിക് എന്നീ ഭൂഖണ്ഡങ്ങളിലെ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളെ സംവാദത്തിലൂടെ എങ്ങനെ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാമെന്നതായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. വാക്കുകള്‍ക്ക് ഊര്‍ജവും പ്രായോഗികതയുടെ കരുത്തും പകര്‍ന്നു കൊണ്ട് സ്വന്തം ജീവിതത്തിലെ അനുഭവങ്ങള്‍ അമ്മ സദസ്സുമായി പങ്കുവയ്ക്കുകയും ചെയ്തു.
ആഗോളവത്കരണത്തിന്റെ ഗുണവും ദോഷവും അമ്മ വിശദീകരിച്ചു. നിയന്ത്രണങ്ങളൊഴിവാക്കിയപ്പോള് രാജ്യങ്ങള്‍ തമ്മിലുള്ള വ്യവസായബന്ധവും നിക്ഷേപസാഹചര്യങ്ങളും വര്‍ധിച്ചു. തൊഴിലില്ലായ്മ കുറയ്ക്കാന്‍ ഇത് സഹായിച്ചു. അറിവും വിവരശേഖരണവും എളുപ്പമാക്കി. എന്നാല്‍ സാങ്കേതിക വിദ്യയും വിദേശ ഉത്പന്നങ്ങളും കലകളും ഭക്ഷണപദാര്‍ഥങ്ങളും വിപണിയില്‍ കുമിഞ്ഞു കൂടിയത് പല രാജ്യങ്ങളുടെയും പരമ്പരാഗത ആചാരങ്ങളെയും ജീവിതരീതിയെയും കാര്യമായി ബാധിച്ചു. വൈവിധ്യ സംസ്കാരങ്ങള്‍ നിലനിര്‍ത്തിയിരുന്ന ഏഷ്യയും തെക്കെ പെസഫികും ഇതിന്റെ ഉദാഹരണങ്ങളാണ്. വിവിധ വംശങ്ങളിലും വിഭാഗങ്ങളിലും ഉള്‍പ്പെടുന്നവരെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പോലും അവിടങ്ങളില്‍ പരാജയപ്പെട്ടതായും അമ്മ ചൂണ്ടിക്കാട്ടി.
ആധ്യാത്മിക സത്യമാണെങ്കിലും നിറത്തിലും സംസ്കാരത്തിലും ഭാഷയിലും വിശ്വാസത്തിലും ജീവിതരീതിയിലും ചിന്തയിലും ഒക്കെ മനുഷ്യര്‍ വ്യത്യസ്തത പുലര്‍ത്തുന്നു. ഇത് അംഗീകരിക്കാന്‍ എല്ലാവര്ക്കും സാധിക്കണം. അതിനാല്‍ മറ്റുള്ളവരുടെ സംസ്കാരത്തെ ആദരവോടെ കാണാനുള്ള മനസ്സ് എല്ലാവര്ക്കും കൂടിയേ തീരൂ. എല്ലാ മനുഷ്യര്‍ക്കും മനസ്സിലാകുന്നത് പ്രേമത്തിന്റെ ഭാഷയാണ്. അതിനാല്‍ പ്രേമത്തിന്റെ പരിവര്‍ത്തന ശക്തിയിലും ഹൃദയങ്ങളെ ഒന്നിപ്പിക്കാനുള്ള ശക്തിയിലും വിശ്വസിക്കുന്നതായി അമ്മ പറഞ്ഞു.
സ്പെയിന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഏഷ്യ-തെക്കെ പെസഫിക് രാജ്യങ്ങളെ പ്രതിനിധീകരിച്ച് നയതന്ത്രജ്ഞന്മാര്, സര്‍ക്കാര്‍ പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക നേതാക്കള്‍, വിവിധ സര്‍വകലാശാലകളെ പ്രതിനിധീകരിച്ച് വൈസ് ചാന്‍സലര്‍മാര്‍ എന്നിവരും പങ്കെടുത്തു.
ചൈനയുടെ വിദേശകാര്യ സഹമന്ത്രി ച്യൂ ടിയാന്‍കായ്, ഷാന്‍ഹൈ മേയര്‍ ടു ഗുവ്വാന്ഷൗ, ചൈനയിലെ യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്റെ പ്രസിഡന്റ്, അംബാസിഡര്‍ എച്ച്.ഈ.ചെന്‍ ജിയാന്‍, മുന്‍ പോര്‍ച്ചുഗീസ് പ്രസിഡന്റും യു എന്‍ ഏ ഓ സിയുടെ ഉയര്‍ന്ന പ്രതിനിധിയുമായ ജോര്‍ജ് സാംപയോ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. വിദേശകാര്യസഹമന്ത്രി ച്യൂ ടിയാന്കായും അമ്മയുമായി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: