ശബരിമല: ശബരിമലയില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകില്ലെന്നും തുടക്കത്തിലെ ചില പോരായ്മകള്‍ പരിഹരിച്ച് ശബരിമല തീര്‍ത്ഥാടനം വളരെ സുഗമമായാണ് കടന്നു പോകുന്നതെന്ന് ശബരിമല ചീഫ് കോര്‍ഡിനേറ്റര്‍ കെ.ജയകുമാര്‍ സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നയപരമായ വിഷയങ്ങളില്‍ അന്തിമ തീരുമാനം ദേവസ്വംബോര്ഡിന്റേതാകും. പുണ്യം പൂങ്കാവനം പദ്ധതിയില്‍പ്പെടുത്തി നിത്യവും കാണുന്ന പ്രദേശങ്ങള്‍ മാത്രം ശുചീകരിക്കുന്ന പതിവ് മാറ്റി പിന്നാമ്പുറങ്ങളും ശുചീകരിക്കും. മാളികപുറത്തിനും സന്നിധാനത്തിനും ഇടയ്ക്കുള്ള ഫ്ലൈ ഓവര്‍ ഓരോ മണിക്കൂര്‍ ഇടപെട്ട് ശുചീകരിക്കും. മാളികപ്പുറത്തിന് താഴെ ഒരു പോലീസ് എയിഡ്പോസ്റ്റ് കൂടി ആരംഭിക്കും. ഇരുമുടിക്കെട്ടില്ലാതെ വരുന്ന ഭക്തരെ മരക്കൂട്ടത്തില് നിന്നും ചന്ദ്രാനന്ദന്‍ റോഡ് വഴി വേഗത്തില്‍ സന്നിധാനത്ത് എത്തിക്കുന്നതിന് നടപടി സ്വീകരിക്കും. സ്വാമി അയ്യപ്പന് റോഡ് സുഗമമാക്കിയതോടെ ഇതുവഴിയാണ് കൂടുതല്‍ അയ്യപ്പന്മാര് കടന്നു വരുന്നത്. ഈ സാഹചര്യത്തില്‍ ഇവിടെ മെഡിക്കല്‍ എയ്ഡിനുള്ള സൗകര്യവും ശൗചാലയവും ഏര്‍പ്പെടുത്തും. മകര വിളക്കിന് മുന്നോടിയായി മാളികപ്പുറത്തിന് വടക്ക് ഇരുമ്പ് ബാരിക്കേഡുകള്‍ സ്ഥാപിക്കും. ഇടുക്കി ജില്ലയിലെ മുഴുവന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. ശബരിമലയില്‍ വിഐപി ക്യു ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: