ന്യൂദല്‍ഹി: ഇന്ദര്‍ കുമാര്‍ ഗുജറാളും അടല്‍ ബിഹാരി വാജ്പേയിയും തമ്മില്‍ സാമ്യങ്ങളേറെ.ഇരുവരും അടിമുടി മാന്യന്മാര്. കഴിവു തെളിയിച്ച വിദേശകാര്യമന്ത്രിമാര്‍. കാവ്യശകലങ്ങള്‍ ഉദ്ധരിച്ചുള്ള കുലീനമായ പ്രസംഗ ശൈലിക്കാര്‍, കോണ്‍ഗ്രസ് ഇതര സര്‍ക്കാരിന് നേതൃത്വം നല്കിയ നേതാക്കള്‍…സമാനതകള്‍ ഏറെയുണ്ട്. തന്റെ പിന്‍ഗാമിയായി, പ്രധാനമന്ത്രി പദത്തിലെത്തിയ വാജ്പേയിയുടെ കടുത്ത ആരാധകനായിരുന്നു ഗുജറാള്‍ എന്നത് വേറെ കാര്യം. ഇന്ദിരാഗാന്ധി, വി.പി.സിങ്, ദേവഗൗഡ എന്നിവരുടെ കീഴില്‍ മന്ത്രിയായിരുന്നെങ്കിലും, ഗുജറാള്‍ എന്നും ആരാധനയോടെ സമീപിച്ചിരുന്ന നേതാവ് വാജ്പേയിയായിരുന്നു. വാജ്പേയിയേക്കാള്‍ അഞ്ചു വയസ്സ് മൂത്തതായിരുന്നിട്ടും…..
വാജ്പേയിയുടെ ലാഹോര്‍ സന്ദര്‍ശനത്തേയും ലാഹോര്‍ കരാറിനേയും പരസ്യമായി അനുകൂലിച്ചത് ശ്രദ്ധേയമായിരുന്നു. മാത്രമല്ല, 2002ലെ തെരഞ്ഞടുപ്പില്‍, ബിജെപി വിജയിക്കണമെന്ന് പരസ്യമായി പറഞ്ഞതും പിന്തുണ പ്രഖ്യാപിച്ചതും വിവാദമായിരുന്നു. വാജ്പേയി അധികാരത്തില്‍ തുടരണമെന്ന ആഗ്രഹം കൊണ്ടായിരുന്നു ഗുജറാള്‍ ഇത് ചെയ്തത്.
1967 മുതല്‍ 76 വരെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ വിവിധ വകുപ്പുകളുടെ സഹമന്ത്രി, മന്ത്രി സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന അദ്ദേഹം എണ്‍പതുകളുടെ മധ്യത്തിലാണ് കോണ്‍ഗ്രസ് വിട്ട് ജനതാദളില്‍ ചേര്‍ന്നത്. പഞ്ചാബിലെ ജലാന്തറില്‍ നിന്ന് 1989ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വി.പി.സിങ് തന്റെ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയാക്കി. ഇറാഖ് കുവൈത്തിനെ ആക്രമിച്ചതും തുടര്‍ന്നുണ്ടായ ഗള്‍ഫ് യുദ്ധവുമാണ് വിദേശകാര്യമന്ത്രാലയത്തില്‍ സേവനമനുഷ്ഠിച്ച കാലത്തെ ഗുജ്റാളിന്റെ വെല്ലുവിളികള്‍. ഇന്ത്യയുടെ പ്രതിനിധിയായി സദ്ദാം ഹുസൈനെ ഗുജ്റാള്‍ സന്ദര്‍ശിച്ചിരുന്നു. സൗഹാര്‍ദ്ദപരമായി സദ്ദാമിനെ കെട്ടിപ്പിടിച്ചത് അന്നു വിവാദങ്ങള്‍ക്കിടയാക്കുകയും ചെയ്തു. ഇന്ത്യക്കാരെ കുവൈറ്റില്‍ നിന്ന് തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.
1996ല്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയപ്പോഴും ഗുജ്റാള്‍ തന്നെയായിരുന്നു വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തത്. അയല്‍ രാജ്യങ്ങളുമായി സൗഹാര്‍ദ്ദ ബന്ധം സൂക്ഷിക്കുന്നതിനായി ‘ഗുജ്റാള്‍ ഡോക്ട്രൈന്‍’ എന്ന സിദ്ധാന്തം തന്നെ അദ്ദേഹം ആവിഷ്കരിച്ചു. ഐക്യമുന്നണി സര്‍ക്കാരിനെ പുറമേ നിന്നു പിന്തുണച്ച കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 1997 ഏപ്രിലില്‍ സര്‍ക്കാര്‍ താഴെ വീണു. എന്നാല്‍ രാജ്യമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാതിരിക്കാന്‍ പൊതുസമ്മതനായ ഗുജ്റാളിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയാറായി. അങ്ങനെ 1997 ഏപ്രില്‍ 21ന് ഐ .കെ .ഗുജ്റാള്‍ 12-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കാലിത്തീറ്റ കുംഭകോണത്തില്‍ അന്നത്തെ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ രാജി, കുംഭകോണ കേസ് അന്വേഷിച്ച സിബിഐ ഡയറക്ടര്‍ ജോഗീന്ദര്‍ സിങ്ങിനെ സ്ഥാനത്തു നിന്നു നീക്കിയത്, തുടര്‍ന്ന് ജനതാദള്‍ വിട്ട് ലാലുവിന്റെ രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടി (ആര്‍ജെഡി)യുടെ രൂപീകരണം, ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം വേണമെന്ന നിര്‍ദേശം, രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച ജെയിന് കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ട് പരസ്യമായത് തുടങ്ങിയവയായിരുന്നു ഗുജ്റാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു നേരിടേണ്ടി വന്ന വെല്ലുവിളികള്‍. രാജീവ് ഗാന്ധി വധത്തില്‍ എല്‍ടിടിഇയെ ഡിഎംകെ സഹായിച്ചുവെന്ന ജെയിന് കമ്മിഷന്റെ കണ്ടെത്തലോടെ കോണ്‍ഗ്രസ് ഐക്യമുന്നണി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഡിഎംകെ മന്ത്രിമാര്‍ കേന്ദ്രസര്ക്കാരിലുണ്ടായിരുന്നു. 1998 നവംബര്‍ 28നായിരുന്നു അത്. തുടര്‍ന്ന് തിരഞ്ഞെടുപ്പു നടക്കുന്നതുവരെ കാവല്‍ പ്രധാനമന്ത്രിയായി ഗുജ്റാള്‍ തുടര്‍ന്നു. 19 മാസം പ്രധാനമന്ത്രിയായും 11 മാസം കാവല്‍ പ്രധാനമന്ത്രിയായും ഭരണം നടത്താനെ ഗുജറാളിന് കഴിഞ്ഞുള്ളു. ഭരണനേട്ടങ്ങള്‍ കാര്യമായിട്ടൊന്നും എണ്ണിപറയാനില്ല. എന്നാല്‍ 10 വര്‍ഷം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന മന്‍മോഹന്‍സിങ്ങിനെക്കാള്‍ മേലെയാകും ഗുജറാളിന് ചരിത്രത്തില്‍ സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: