കൊച്ചി: വല്ലാര്‍പാടം എല്‍എന്‍ജി ടെര്‍മിനലിന് ചുറ്റും മത്സ്യബന്ധന പ്രവര്‍ത്തനത്തിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സതേണ്‍ നേവല്‍ ഫ്ലാഗ് ഓഫീസര്‍ കമാണ്ടിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സതീഷ് സോണി പറഞ്ഞു. ഇത് സംബന്ധിച്ചുള്ള വാര്‍ത്ത അവാസ്തവമാണ്. അവരെ നിയന്ത്രിക്കുന്ന ഉത്തരവോ നിര്‍ദ്ദേശമോ നല്‍കിയിട്ടില്ല. സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല. മത്സ്യബന്ധന പ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നേവിക്കുണ്ട്. അതിനായി ചെയ്യാവുന്ന കാര്യങ്ങള്‍ പറഞ്ഞുവെന്നേയുള്ളൂ. രജിസ്ട്രേഷന്, എപ്പോള്‍ വേണമെങ്കിലും നാവിക സേനാധികൃതരെ ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാനുള്ള സൗകര്യം തുടങ്ങിയവ മത്സ്യബന്ധന പ്രവര്‍ത്തകരുടെ കൂടി സുരക്ഷക്കാണ്. അവരുടെ ജോലി സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്കും വേണ്ടിയുള്ളതാണ്.
കൊച്ചി സൗത്ത് ജെട്ടിയില്‍ ഐഎന്‍എസ് യുദ്ധക്കപ്പലില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ നേവി ജാഗ്രത പാലിച്ച മേഖലകളില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ഒരൊറ്റ കടല്‍ക്കൊള്ളയും റാഞ്ചലും ഉണ്ടായിട്ടില്ല. സുരക്ഷാസംവിധാനം കാര്യക്ഷമമായതിന്റെ ഫലമാണിത്. മാത്രമല്ല കടലില്‍ കുടുങ്ങിയ എഴുപതോളം മത്സ്യബന്ധന പ്രവര്‍ത്തകരെ രക്ഷപ്പെടുത്തി. പിഴവില്ലാത്ത ജാഗ്രത പാലിക്കാന്‍ നാവികസേന മെച്ചപ്പെട്ട പദ്ധതികള്‍ ഇനിയും ആവിഷ്കരിക്കും. സേനയുടെ എല്ലാ ഘടകങ്ങളിലും ഈ മാറ്റമുണ്ടാകും. മുന്ന് എയര്ക്രാഫ്റ്റുകള്കൂടി സേനയില്‍ ഉള്‍പ്പെടുത്തും.
ഏഴിമല നാവിക അക്കാദമി അധികം വൈകാതെ പൂര്‍ണസജ്ജമാകും. വരുന്ന ജൂലൈയില്‍ ആദ്യ പാസിംഗ് ഔട്ട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം സമയമബന്ധിതമായി തീര്‍ക്കും.
ഈ വര്‍ഷത്തെ നാവികസേനാ ദിനം ഈ മാസം നാലിന് വിവിധ പരിപാടികളോടെ ആചരിക്കും. അതിന്റെ ഭാഗമായി 13 മുതല്‍ 16 വരെ നാവികസേനാ കപ്പലും യുദ്ധവിമാനവും പൊതുജനങ്ങള്‍ക്ക് കാണാന്‍ സൗകര്യമൊരുക്കും. മെഡിക്കല്‍ ക്യാമ്പ്, ജീവകാരുണ്യ പ്രവര്‍ത്തനം, ബോധവല്‍ക്കരണ ക്യാമ്പ് എന്നിവയും ഉണ്ടാകും. പൊതുജനങ്ങള്‍ക്ക് നാവികസേനയെ അടുത്തറിയാന്‍ ഇതുവഴി സാധിക്കുമെന്നും യുവജനങ്ങള്‍ രാജ്യത്തെ സേവിക്കാന്‍ നാവികസേനയില്‍ ചേരണമെന്നും വൈസ് അഡ്മിറല്‍ പറഞ്ഞു.
റിയര്‍ അഡ്മിറല്‍ ജി. അശോക്കുമാറും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: