കാഞ്ഞങ്ങാട്: 17 സീറ്റില്‍ 17ഉം വിജയിച്ച് വര്‍ഷങ്ങളായി ചുകപ്പ് കൊടിമാത്രം പറത്തിയ ബേഡകം പഞ്ചായത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വിടാതെ പിടികൂടിയിരിക്കുന്ന ദുര്ഭൂതത്തിന്റെ കയ്യില്‍പെട്ട് നട്ടം തിരിയുന്ന സിപിഎമ്മിന് പുതിയൊരു തലവേദന കൂടി. ജാതിരഹിതമായ മാനവ രക്തം മാത്രമുള്ള പുതിയൊരു സമൂഹത്തെ സൃഷ്ടിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ പാര്‍ട്ടിക്ക് കഴിഞ്ഞ ദിവസം കുണ്ടംകുഴിയില്‍ നടന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മേഖലാ സമ്മേളനമാണ് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ 22ന് കുണ്ടംകുഴിയില്‍ നടന്ന നായര്‍ സമ്മേളനത്തില്‍ ബേഡകം കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ നിന്നായി 4000ത്തോളം പേരാണ് പങ്കെടുത്തുത്. സിപിഎമ്മിന്റെതല്ലാതെ മറ്റൊരു കൊടിയും ഇന്നുവരെ ഉയര്ത്താനുവദിക്കാത്ത പായം, ചെംമ്പക്കാട്, വേളായി, തോണിക്കല്ല്, വളവില്‍ കളിക്കാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നായര്‍ സമുദായക്കാരായ സിപിഎം പ്രദേശിക നേതാക്കളുടെ ഭാര്യമാരടക്കമുള്ള കുടുംബക്കാര് നായര്‍ സമ്മേളനത്തില്‍ പ്രതിനിധികളായി എത്തിയത് സഖാക്കളെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ചിട്ടുണ്ട്.
സിപിഎമ്മിനകത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി നടക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളിലും നേതാക്കളുടെ പക്ഷപാതപരമായ നീക്കങ്ങളിലും മനം മടുത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ആശയറ്റാണ് ആളുകള്‍ സമുദായിക സംഘടനകളിലേക്ക് ചേക്കേറുന്നതെന്ന് കരുതുന്നു. വലിയൊരു വിഭാഗം കുറച്ച് വര്‍ഷങ്ങളായി തന്നെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളോട് സലാം പറഞ്ഞ് അദ്ധ്യാത്മിക -സാമുദായിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം. അനന്തന്റെ മൂത്തസഹോദരന് ടി.മാലിങ്കന്റെ നേതൃത്വത്തിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഇദ്ദേഹം സിപിഎമ്മിന്റെ പഞ്ചായത്ത് മെമ്പറും പാര്‍ട്ടിസെക്രട്ടറിയും ഒക്കെ ആയിരുന്നെങ്കിലും ഇപ്പോള്‍ ഉത്തരമലബാര്‍ തീയ്യര്‍ സമുദായ സംരക്ഷണ സമിതിയുടെയും കുറ്റിക്കോല്‍ ശ്രീ തമ്പുരാട്ടി കഴകത്തിന്റെയും പ്രസിഡണ്ടാണ് അനന്തന്. മാലിങ്കനെ പ്രവര്‍ത്തനത്തില്‍ നിന്നും പിന്തിരിപ്പിക്കാന് എല്ലാ അടവുകളും പാര്‍ട്ടി പയറ്റിയിരുന്നെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. കുറ്റിക്കോല്‍ കഴകത്തിന്റെയും തിയ്യ സംരക്ഷണ സമിതിയുടെയും സജീവമായ പ്രവര്‍ത്തനം ഈഴവ സമുദായ ത്തിനിടയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉണ്ട്. ഇതിനിടയിലാണ് നായര്‍ സമുദായ സംഘടനയുടെ രംഗ പ്രവേശം.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: