ശബരിമല: ശബരിമല തീര്‍ത്ഥാടന കാലയളവിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥര്‍ക്ക് നല്കിയ കൈപ്പുസ്തകത്തില്‍ അട്ടത്തോടില്‍ കുരിശിന്റെ പടിയെന്ന ഇല്ലാത്ത സ്ഥലപ്പേര് പരാമര്‍ശിച്ചത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എഡിജിപി പി.ചന്ദ്രശേഖരന് ജന്മഭൂമിയോട് പറഞ്ഞു. ഇത്തരമൊരു സ്ഥലപ്പേര് എങ്ങനെ കടന്നു വന്നുവെന്ന് അറിയില്ല. കഴിഞ്ഞ വര്‍ഷത്തെ കൈപ്പുസ്തകത്തിന്റെ ഫോട്ടോകോപ്പിയെടുത്താണ് ഇത്തവണ വിതരണം ചെയ്തത്. പക്ഷെ ഈ വിഷയം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകുകയായിരുന്നു. നാളെ ശബരിമലയില്‍ എത്തുന്നുണ്ടെന്നും അതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.അട്ടത്തോട് ശബരിമല പൂങ്കാവനത്തില്‍ വരുന്ന പ്രദേശമാണ്. പ്രദേശവാസികളും ഇങ്ങനെയൊരു സ്ഥലപ്പേരിനെ കുറിച്ച് കേട്ടിട്ടുപോലുമില്ല. ഇങ്ങനെയൊരു സ്ഥലപ്പേര് റവന്യു രേഖകളിലുമില്ല. പക്ഷെ പോലീസ് ആസ്ഥാനത്ത് നിന്ന് ഇറക്കിയ കൈപ്പുസ്തകത്തില്‍ അട്ടത്തോടില്‍ ഇല്ലാത്ത കുരിശിന്റെ പടി എന്ന സ്ഥലപ്പേര് കടന്നുവന്നതില്‍ ദുരൂഹതയേറെയാണ്. അതിനിടെ സംഭവത്തെ ലഘൂകരിച്ച് കാണാനും ശ്രമം ഉണ്ട്. കുരിശിന്റെ പടിയെന്ന് രേഖപ്പെടുത്തിയയിടങ്ങളില് കറുപ്പിച്ചാല്‍ പ്രശ്നം തീരുമല്ലോയെന്നും ചില ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: