ശബരിമല: അനാഥരക്ഷകനും ആപത്ബാന്ധവനുമായ ഭഗവാനെ കണ്ടുവണങ്ങാന്‍ 16 ബാലികമാര്‍ ഒരുമിച്ച് മലകയറി. നീലിമലയിലെ കയറ്റം കഠിനമായപ്പോള്‍ കൂട്ടത്തില്‍ മിടുക്കിയായ ശ്രുതി ഉച്ചത്തില്‍ ശരണം വിളിച്ചു. സ്വാമിയേ ശരണമയ്യപ്പാ, കാത്തുരക്ഷിക്കണം ഭഗവാനേ. ശരണം വിളിയുടെ ശക്തിയില്‍ അവര്‍ നിഷ്പ്രയാസം മലകയറി തിരുസന്നിധിയിലെത്തി.
പത്തനംതിട്ടയിലെ പുല്ലാട് ശിവപാര്‍വ്വതി ബാലികാ സദനത്തില്‍ നിന്നുള്ള ബാലികമാര്‍ ഇന്നലെ സന്നിധാനത്തെത്തി കലിയുഗവരദനായ സ്വാമിയെകണ്ട് വണങ്ങി. രാവിലെ 11.30-നാണ് ഇവര്‍ പതിനെട്ടാംപടി കയറിയത്. തിരക്കൊഴിഞ്ഞ സമയമായിരന്നു. കാവി നിറത്തിലുള്ള ഇരുമുടിക്കെട്ട് തലയിലേന്തി, 18 പടികളും തൊട്ട് തൊഴുത് മുകളിലെത്തിയപ്പോള്‍ പോലീസയ്യപ്പന്മാരും ജീവനക്കാരും ഇവര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു.
അനാഥരായവരും സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന കുടുംബാംഗങ്ങളുമാണ് പുല്ലാട്ടുള്ള ശിവപാര്‍വ്വതി ബാലിക സദനത്തിലുള്ളത്. എല്‍.കെ.ജി. മുതല്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്നവര്‍ ഉള്‍പ്പെടെ 45 അന്തേവാസികള്‍ സദനത്തില്‍ ഉണ്ട്. എല്ലാവര്ക്കും മികച്ച വിദ്യാഭ്യാസം നല്കാന് ബാലികസദനത്തിന്റെ നടത്തിപ്പുകാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് കുട്ടികള്‍ക്കൊപ്പം ശബരിമലയില്‍ വന്ന അമ്പോറ്റിയും രവീന്ദ്രനും പറഞ്ഞു.
രാവിലെ ബാലികാസദനത്തില്‍ വച്ചുതന്നെയാണ് 16 പേര്‍ക്കും ഇരുമുടിക്കെട്ട് ഒരുക്കിയത്. മോഹനന് ഗുരുസ്വാമിയാണ് കെട്ടുനിറച്ചത്. വൃശ്ചികം ഒന്നിനുതന്നെ എല്ലാവരും പുല്ലാടിനു സമീപമുള്ള കുറങ്ങഴക്കാവ് അയ്യപ്പക്ഷേത്രത്തില്‍ വന്ന് മാലയിട്ടു. അന്നുതൊട്ട് വ്രതം നോക്കുകയാണ് മണികണ്ഠസ്വാമിയെക്കണ്ട് സായൂജ്യമടയാന്‍. ശ്രുതി, അഖില, വിദ്യ, മാതു, അശ്വതി, ബി.എസ്.ശ്രുതി, സവിത, വിദ്യാവിശ്വനാഥന്, ദീപ, ലക്ഷ്മി, ഗായത്രി, അനശ്വര, സ്വാതി, വീണ, ദിവ്യ, അതുല്യ എന്നിവരാണ് ഇന്നലെ ശബരിമലയിലെത്തിയത്. ഇതില്‍ 12 പേര് കന്നിക്കാരാണ്. സ്വാമി ദര്‍ശനം കഴിഞ്ഞ് എല്ലാവരും മാളികപ്പുറത്ത് തേങ്ങാ ഉരുട്ടി ഭഗവതിയെ വണങ്ങി. പ്രസാദവും വാങ്ങി തിരിച്ചിറങ്ങുമ്പോള്‍ ബാലികമാര്‍ക്ക് അടുത്ത വര്‍ഷവും വരണമെന്ന ആഗ്രഹംമാത്രം ബാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: