കോഴിക്കോട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളക്ക് കോഴിക്കോട്ട് തുടക്കം. മീഞ്ചന്ത ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ് മേള ഉദ്ഘാടനം ചെയ്തു. മേയര്‍ എ.കെ പ്രേമജം അധ്യക്ഷത വഹിച്ചു. നാല്പത്തിയാറാമത് സ്കൂള്‍ ശാസ്ത്രമേള, മുപ്പത്തിരണ്ടാമത് സ്കൂള്‍ പ്രവൃത്തി പരിചയ മേള, ഇരുപത്തിയേഴാമത് സ്കൂള്‍ ഗണിത ശാസ്ത്രമേള, പതിനാറാമത് സ്പെഷ്യല്‍ സ്കൂള്‍ പ്രവൃത്തി പരിചയമേള, എട്ടാമത് വൊക്കേഷണല്‍ എക്സ്പോ ആന്റ് കരിയര്‍ മേള, ഏഴാമത് സാമൂഹ്യശാസ്ത്രമേള എന്നിവയാണ് സ്കൂള്‍ ശാസ്ത്രമേളയുടെ ഭാഗമായി നടക്കുന്നത്. ശാസ്ത്രമേളകള്‍ പുതുതലമുറക്ക് ഉന്നത ലക്ഷ്യത്തിലേക്കുളള വഴികാട്ടിയായി മാറണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു. ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഇനങ്ങളുടെ ഡോക്യൂമെന്റേഷനും മികച്ച ഇനങ്ങള്‍ക്ക് പേറ്റന്റ് നേടുന്നതിനും ഈ വര്‍ഷം മുതല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
എംഎല്‍എമാരായ ഇ.കെ വിജയന്, പുരുഷന് കടലുണ്ടി, ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍, കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പി. ഉഷാദേവി, രാധാകൃഷ്ണന് മാസ്റ്റര്‍, , ഡി.ഡി.ഇ പി.ഗൗരി എന്നിവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന് സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ വി.കെ മൂസ നന്ദിയും പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന ഇന്‍സ്പെയര്‍ നാഷണല്‍ എക്സിബിഷനില്‍ വെങ്കല മെഡല്‍ ജേതാവായ പാലക്കാട് ഭാരത്മാത എച്ച്.എസ്.എസിലെ അരുണ്‍ ടി.എ, ശാസ്ത്രമേളയുടെ ലോഗോ രൂപകല്‍പ്പന ചെയ്ത പാലോറ എച്ച്.എസ്.എസ് അധ്യാപകന് സതീഷ് കുമാര്‍ എന്നിവരെ മന്ത്രി ഉപഹാരങ്ങള്‍ നല്കി അനുമോദിച്ചു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടന്ന വര്‍ണശബളമായ ഘോഷയാത്ര സിറ്റി പോലീസ് മേധാവി ജി.സ്പര്‍ജ്ജന്‍കുമാര്‍ മീഞ്ചന്ത എന്‍.എസ്.എസ് എച്ച്.എസ്.എസ് പരിസരത്ത് ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ ഡി.പി.ഐ എ. ഷാജഹാന് പതാക ഉയര്‍ത്തിയതോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്.
സംസ്ഥാന സ്കൂള്‍ ശാസ്ത്ര -ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ- വൊക്കേഷണല്‍ എക്സ്പോ -കരിയര്‍ മേള ആറ് വേദികളിലായി ഇന്ന് മുതല്‍ നടക്കും. 14 ജില്ലകളില്‍ നിന്നായി 10000 ശാസ്ത്ര പ്രതിഭകളാണ് മേളയില്‍ മാറ്റുരക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: