കണ്ണൂര്‍: ഒരാഴ്ച നീണ്ടു നില്ക്കുന്ന 12-ാമത് ദേശീയ നാടകോത്സവത്തിന് കണ്ണൂരില്‍ അരങ്ങുണര്‍ന്നു. കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് ഭദ്രദീപം തെളിയിച്ച് നാടകോത്സവം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ നാടകരംഗം വലിയ പ്രയാസങ്ങള്‍ നേരിടുന്ന കാലഘട്ടത്തിലാണ് അവയെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ കണ്ണൂരില്‍ ഇത്തരമൊരു അരങ്ങ് ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഒരുകാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രശസ്തമായ നാടക ട്രൂപ്പുകള്‍ ആശയപ്രചരണങ്ങള്‍ക്കും സാംസ്കാരിക-സാമൂഹ്യമാറ്റങ്ങള്‍ക്കും അരങ്ങൊരുക്കിയിരുന്നു. എന്നാല്‍ ഇന്ന് സിനിമകളുടെയും സീരിയലുകളുടെയും പത്തിലൊന്ന് വേദികള്‍ പോലും നാടകത്തിന് ലഭിക്കുന്നില്ല. നാടകരംഗത്തുള്ളവര്ക്ക് മതിയായ സാമ്പത്തികാടിത്തറയില്ലാത്തതും മറ്റു ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാവാത്തതുമാണ് നാടകരംഗത്തെ അപചയത്തിന് കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നാടകരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംഗീത നാടക അക്കാദമി നാടകകലാകാരന്മാര്ക്ക് പെന്ഷന്, ക്ഷേമനിധി പോലുള്ള വിവിധക്ഷേമ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ആലോചിക്കുന്നുണ്ട്. സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക വഴി നാടകരംഗത്തെ വീണ്ടും പരിപോഷിപ്പിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കണ്ണൂരില്‍ നടക്കുന്ന 12-ാമത് ദേശീയ നാടകോത്സവം അതിനുളള നാന്ദിയാകുമെന്നും മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
ചടങ്ങില്‍ എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ ആമുഖ ഭാഷണവും പ്രശസ്ത നാടകസംവിധായകനും എഴുത്തുകാരനുമായ പി.ബാലചന്ദ്രന് മുഖ്യഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സരള, നഗരസഭാ ചെയര്‍പേഴ്സണ്‍ എം.സി.ശ്രീജ, ഫോക്ലോര് അക്കാദമി ചെയര്മാന് പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, മണിപ്പൂരിലെ നാടകകലാകാരന് നിങ്ങ്തൗജ്, ദീപക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയരക്ടര്‍ എ.ഫിറോസ് സ്വാഗതവും പിആര്‍ഡി കള്‍ച്ചറല്‍ ഡവലപ്മെന്റ് ഓഫീസര്‍ പൂവച്ചൂര് ബാഹുലേയന് നന്ദിയും പറഞ്ഞു. പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സേവ്യര്‍ പ്രൈമസ് രാജന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി. ചടങ്ങില്‍ വെച്ച് ജില്ലാ നാടകോത്സവത്തില്‍ പങ്കെടുത്ത പരിയാരം നാടകസംഘം, പാവന്നൂര്‍ നവോദയ കലാസമിതി, പിണറായി സാമൂഹ്യവിദ്യാഭ്യാസ കേന്ദ്രം, കൂത്തുപറമ്പ് മലയാള കലാനിലയം, പയ്യന്നൂര്‍ ഗ്രാമം പ്രതിഭ, അന്നൂര്‍ സൗഹൃദകുടുംബവേദി, കല കാങ്കോല്‍ എന്നീ നാടക ട്രൂപ്പുകള്‍ക്ക് മന്ത്രി മൊമെന്റോ നല്കി.
നാടകോത്സവാരംഭത്തിന് മുന്നോടിയായി കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂള്‍ പരിസരത്തു നിന്നും ടൗണ്‍ സ്ക്വയറിലേക്ക് നടത്തിയ സാംസ്കാരിക ഘോഷയാത്രയില്‍ ആദിവാസി നൃത്തം, കളരിപ്പയറ്റ്, പഞ്ചവാദ്യം എന്നീ കലാരൂപങ്ങള്‍ അണിനിരന്നു. വേദിയില്‍ നങ്ങ്യാര്‍കൂത്ത്, പരിണയം എന്നിവയും അരങ്ങേറി.
ടൗണ്‍ സ്ക്വയര്‍, ദിനേശ് ഓഡിറ്റോറിയം, റബ്കോ ഓഡിറ്റോറിയം, ജില്ലാ ബാങ്ക് ഓഡിറ്റോറിയം എന്നീ വേദികളിലായി ഡിസംബര്‍ ഒന്നുവരെ 20 നാടകങ്ങളാണ് അവതരിപ്പിക്കുക. ഒപ്പം നാടക ചര്‍ച്ചകളും വിവിധ വിഷയങ്ങളില്‍ സംവാദങ്ങളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: