തിരുവനന്തപുരം: സമീപകാലത്ത് ഗവര്‍ണര്‍ പുറപ്പെടുവിച്ച തിരു-കൊച്ചി ദേവസ്വം ഭേദഗതി ഓര്‍ഡിനന്‍സ് വഴി ദേവസ്വംബോര്‍ഡുകളുടെ സ്വയംഭരണാവകാശവും സ്വാതന്ത്ര്യവും നഷ്ടപ്പെടുമെന്നും ബോര്‍ഡുകള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആവുമെന്നും ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു. ഭരണഘടനാ വിരുദ്ധമായ ദേവസ്വം ഓര്‍ഡിനന്‍സ് പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഓര്‍ഡിനന്‍സ്പ്രകാരം ദേവസ്വം ആക്ടിലെ 35- ാം വകുപ്പിലും 122-ാം വകുപ്പിലും കാതലായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് ദേവസ്വംബോര്‍ഡുകളുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ക്ഷേത്രഭരണത്തിനാവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് നാളിതുവരെ ദേവസ്വംബോര്‍ഡിന് അധികാരവും സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എന്നാല്‍ പുതിയ ദേവസ്വം ഓര്‍ഡിനന്‍സ്പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അംഗീകാരം നേടിയശേഷം മാത്രമേ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ ദേവസ്വംബോര്‍ഡുകള്‍ക്ക് സാധിക്കൂ.
രാജഭരണം അവസാനിച്ച ഘട്ടത്തില്‍ രാഷ്ട്രീയ അധികാരം ജനാധിപത്യ സര്‍ക്കാരിനും ക്ഷേത്രഭരണാവകാശം സ്വതന്ത്ര സ്വയംഭരണാധികാര സ്ഥാപനമായ ദേവസ്വംബോര്ഡിനുമാണ് കൈമാറിയത്. ദേവസ്വം ഭരണ കാര്യങ്ങള്‍ക്ക് അടിസ്ഥാനരേഖയായി ഭാരതസര്‍ക്കാരും രാജാവും ഒരു കവനന്റില്‍ ഒപ്പ് വെച്ചതിനെത്തുടര്‍ന്ന് തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം 1950-ല്‍ നിലവില്‍വരികയും സ്വതന്ത്ര പരമാധികാരമുള്ള ദേവസ്വംബോര്‍ഡുകളില്‍ ക്ഷേത്രഭരണം നിക്ഷിപ്തമാവുകയും ചെയ്തു.
ഇന്ത്യന്ഭരണഘടനാദത്തമായ മതസ്വാതന്ത്ര്യം ഹിന്ദുക്കള്‍ക്ക് ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ദൈനംദിന ക്ഷേത്രഭരണത്തില്‍ മതേതരസര്‍ക്കാരിന്റെ ഇടപെടലും നിയന്ത്രണവും ഒഴിവാക്കിക്കൊണ്ട് ദേവസ്വംബോര്‍ഡുകളെ സ്വതന്ത്രമാക്കി നിലനിര്‍ത്തിപ്പോന്നത്. 62 വര്‍ഷങ്ങള്‍ക്ക് ശേഷം ദേവസ്വംബോര്‍ഡുകളുടെ സ്വതന്ത്രസ്വഭാവത്തിന് അറുതിവരുത്തിക്കൊണ്ട് സര്‍ക്കാര്‍വക സ്ഥാപനമാക്കി മാറ്റുവാനുള്ള നീക്കം ഭരണഘടനാവിരുദ്ധവും ഹിന്ദുക്കളുടെ മതസ്വാതന്ത്ര്യത്തെ ധ്വംസിക്കലുമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടനല്കുന്ന സുപ്രധാനമായ ഇത്തരമൊരു ഭേദഗതി ദേവസ്വം നിയമത്തില്‍ വരുത്തുമ്പോള്‍ ഹിന്ദുസംഘടനകളോട് ചര്‍ച്ചചെയ്യാനോ പൊതുജനങ്ങളോട് വിശദീകരിക്കാനോ തയ്യാറാകാതെ അതീവരഹസ്യമായിട്ടാണ് ആപല്‍ക്കരമായ വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ച് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഹൈന്ദവ സമൂഹത്തെ സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ല.
എല്ലാ രംഗങ്ങളിലും അധികാര വികേന്ദ്രീകരണവും ജനാധിപത്യവല്‍ക്കരണവും നടപ്പിലാക്കിവരുമ്പോള്‍ ദേവസ്വംബോര്‍ഡുകള്‍ക്ക് മാത്രം നിലവിലുള്ള സ്വതന്ത്ര ഭരണാവകാശം വേണ്ടെന്ന് വെക്കുന്നതും പകരം സര്‍ക്കാര്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നതും ക്ഷേത്രങ്ങളുടെ നിലനില്‍പ്പിനെ ഹാനികരമായി ബാധിക്കും. ദേവസ്വംബോര്‍ഡ് പ്രസിഡന്റല്ല, ദേവസ്വം മന്ത്രിയായിരിക്കും ബോര്‍ഡ് ഭരിക്കുക.
ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിലും പൂജാകാര്യങ്ങളിലും നടപടികള്‍ സ്വീകരിക്കുവാന്‍ ദേവസ്വംബോര്‍ഡിന് മാത്രമേ അവകാശവും അധികാരവും നാളിതുവരെ ഉണ്ടായിരുന്നുള്ളൂ. ദേവപ്രശ്നം, ഉത്സവാഘോഷങ്ങള്‍, ദൈനംദിന ചടങ്ങുകള്‍ തുടങ്ങി ക്ഷേത്രത്തിന്റെ ഭരണപരവും ആചാരപരവുമായ തീരുമാനം കൈക്കൊള്ളേണ്ടത് ദേവസ്വംബോര്‍ഡാണ്. മതേതരസര്‍ക്കാര്‍ ക്ഷേത്രകാര്യങ്ങളില്‍ ഇടപെടുന്നതും നിയന്ത്രിക്കുന്നതും ക്ഷേത്രങ്ങളെ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളാക്കാന് ഇടയാക്കും. ക്ഷേത്ര താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായതിനാല്‍ പുതിയ ദേവസ്വം ഓര്‍ഡിനന്‍സ് പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്ന് ഗവര്‍ണറോടും മുഖ്യമന്ത്രിയോടും രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: