പത്തനംതിട്ട: നിയമം നടപ്പാക്കുമ്പോള്‍ വ്യക്തികളെ കണ്ട് കണ്ണ് ചിമ്മുന്ന അവസ്ഥയുണ്ടാകില്ലെന്നും, വി എസ് അച്യുതാനന്ദന്റെ കാര്യത്തിലും ഇതുതന്നെയായിരിക്കും സര്‍ക്കാരിന്റെ നിലപാടെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ ദൂരീകരിക്കുവാന്‍, വേണ്ടി വന്നാല്‍ അറസ്റ്റിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടും. മണിയെ അറസ്റ്റ് ചെയതത് ആറുമണിയാകുന്നതിന് 20 മിനിറ്റ് മുമ്പാണെന്നും നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് നല്കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പത്തനംതിട്ടയില്‍ എത്തിയതായിരുന്നു അദ്ദേഹം. ദീര്‍ഘകാലമായി ഭരിച്ചിരുന്ന പ്രത്യയശാസ്ത്രം മണ്ണടിഞ്ഞതിന്റെ തെളിവാണ് പശ്ചിമ ബംഗാളില്‍ നിന്നും തൊഴില്‍ തേടി തൊഴിലാളികള്‍ കേരളത്തിലെത്തുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തിരുവഞ്ചൂര്‍ പറഞ്ഞു.
18 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ തൊഴിലെടുക്കുന്നത്. വിപ്ലവ മുദ്രാവാക്യമുയര്ത്തിയതുകൊണ്ട് വിശപ്പ് മാറില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്കു മുഴുവനും തൊഴില്‍ നല്‍കുന്നതിന് ഒരു സര്‍ക്കാരിനും ആവില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തെ പൗരന്മാര്ക്ക് മാന്യമായ തൊഴില്‍ കണ്ടെത്തുന്നതിന് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്.
ഇതിനായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറ്റാനുള്ള ശ്രമങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതെന്നും മന്ത്രി പറഞ്ഞു. എ ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു. പിലിപ്പോസ് തോമസ്, പി മോഹന്‍രാജ്, കെ കെ നായര്‍, മാലേത്ത് സരളാ ദേവി, പഴകുളം മധു, ഹരിദാസ് ഇടത്തിട്ട, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: