ഏഴിമല: 15-ാമത് നേവല്‍ ഓറിയന്റേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഏഴിമല നാവിക അക്കാദമിയില്‍ നടന്നു. ഇന്ത്യന്‍ തീരസംരക്ഷണ സേനയില്‍ നിന്നുള്ള 50 പേരുള്‍പ്പെടെ ആകെ 219 പേര് ചടങ്ങില്‍ പങ്കെടുത്തു. ഇതില്‍ 17 പേര് സ്ത്രീകളാണ്. 2012 ജൂണ്‍ 25നാണ് ഇവര്‍ പരിശീലനം ആരംഭിച്ചത്. കരസേനാ മേധാവി ബിക്രം സിംഗ് കാഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
രാജ്യം നേരിടുന്ന ഏതു വെല്ലുവിളികളേയും അതിജീവിക്കാന്‍ സേനാംഗങ്ങള്‍ക്കു കഴിയണമെന്ന് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു. കാഡറ്റുകളെ സംബന്ധിച്ച് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തിലെ നിര്‍ണായക ദിനമാണ്. വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ അവര്‍ പര്യാപ്തരായിരിക്കുന്നു. ഒരു സേനാംഗത്തിനു ആത്മവിശ്വാസം, ധൈര്യം, എന്നതിനൊപ്പം രാജ്യത്തോടുള്ള ചുമതലാബോധവും അനിവാര്യമാണ്.
ഉത്തരവാദിത്തങ്ങള്‍ സ്വന്തം ചുമലിലേറ്റാന്‍ ഓരോരുത്തരും പര്യാപ്തരാവണം. ഇതോടൊപ്പം മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കണം. ഇനി വരുന്ന യുദ്ധ മുഖങ്ങളില്‍ എല്ലാ സേനാ വിഭാഗങ്ങളും സംയോജിച്ചുള്ള പ്രവര്‍ത്തനമായിരിക്കും. അതിനാല്‍ ഏതു തരത്തിലുള്ള വെല്ലുവിളികളേയും ഒരേ മനസ്സോടെ നേരിടാന്‍ പുതു തലമുറക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനകാലത്തു മികവു തെളിയിച്ച കാഡറ്റുകള്‍ക്കുള്ള മെഡലുകള്‍ ജനറല്‍ ബിക്രം സിംഗ് സമ്മാനിച്ചു. സബ് ലഫ്റ്റനന്റ് ജസ്കരണ്‍ സിംഗ് സ്വര്‍ണമെഡലും അസി. കമാന്‍ഡന്‍ഡ് രമണ മൂര്‍ത്തി യരനാഗുല വെള്ളിമെഡലും നേടി. മികച്ച വനിതാ കാഡറ്റിനുള്ള സ്വര്‍ണമെഡല്‍ സബ് ലഫ്റ്റനന്റ് മേഘനാ പഥക്ക് കരസ്ഥമാക്കി.
പരേഡിനു ശേഷം ഷിപ്പിംഗ് ഓഫ് സ്ട്രിപ്പീസ് ചടങ്ങും നടന്നു. പരിശീലനം പൂര്‍ത്തിയാക്കിയ കാഡറ്റുകളുടെ തോളില്‍ അവരുടെ രക്ഷിതാക്കള്‍ നാവിക സേനാ ചിഹ്നമടങ്ങുന്ന ബാന്‍ഡ് ധരിപ്പിക്കുന്നതാണീ ചടങ്ങ്. പാസ്സിംഗ് ഔട്ട് ചടങ്ങിനു മുന്നോടിയായി കഴിഞ്ഞ രാത്രി സേനാംഗങ്ങളുടെ ആയോധന പ്രകടനവും കലാപരിപാടികളും അരങ്ങേറി. കാഡറ്റുകളുടെ രക്ഷിതാക്കളും നിരവധി പ്രമുഖ വ്യക്തികളും ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: